റിലയൻസും അനുബന്ധ സ്ഥാപനങ്ങളും നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ തളരാതെ പിടിച്ചു നിന്നതു ഇന്ത്യൻ സമ്പദ്വ്യവസ്ഥക്കു താങ്ങു തന്നെയാണ്. റിലയൻസിന് ആദ്യ പാദത്തിൽ അറ്റാദായം 16,011 കോടി രൂപ, ഒരു ഓഹരിക്ക് ₹9/- ലാഭവിഹിതം പ്രഖ്യാപിച്ചു.
റിലയൻസ് ജിയോയ്ക്ക് ഏപ്രിൽ-ജൂൺ ആദ്യ പാദത്തിൽ 12.2 % വർധനയോടെ 4,863 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. റിലയൻസ് റീട്ടെയിലിന്റെ ഒന്നാം പാദത്തിലെ വരുമാനം 69,962 കോടി രൂപയായും ഓയിൽ ആൻഡ് ഗ്യാസ് വരുമാനം 4,632 കോടി രൂപയായും ഉയർന്നു.
റിലയൻസിന് 2023-24 സാമ്പത്തിക വർഷത്തിൽ ആദ്യ പാദത്തിൽ അറ്റാദായം 16,011 കോടി രൂപയാണ്. കഴിഞ്ഞ വർഷം ആദ്യപാദത്തിൽ 17,955 കോടി രൂപയായിരുന്നതിൽ നിന്നും ഇത്തവണ വരുമാനത്തിൽ കുറവ് രേഖപ്പെടുത്തി. എങ്കിലും 2023 ലെ പ്രകടനം റിലയൻസ് ഇൻഡസ്ട്രീസ് മെച്ചപെടുത്തി.
മാർച്ച് 31 ന് അവസാനിച്ച മൂന്ന് മാസങ്ങളിലെ റെക്കോർഡ് ലാഭമായ 19,299 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ അറ്റാദായം ഈ ത്രൈമാസത്തിൽ കുറവാണ്. ഓപ്പറേഷൻസിൽ നിന്നുള്ള നിന്നുള്ള വരുമാനം മുൻവർഷത്തെ 2.22 ലക്ഷം കോടി രൂപയിൽ നിന്ന് 2.1 ലക്ഷം കോടി രൂപയായി കുറഞ്ഞു. 2023 ജനുവരി-മാർച്ച് മാസങ്ങളിൽ 2.16 ലക്ഷം കോടി രൂപയായിരുന്നു. അസംസ്കൃത എണ്ണവില കുറഞ്ഞതും ഡീസൽ പോലുള്ള ഇന്ധനങ്ങളുടെ മാർജിൻ കുറഞ്ഞതുമാണ് ഇതിന് പ്രധാന കാരണം. ഓയിൽ-ടു-കെമിക്കൽ (O2C) വെർട്ടിക്കൽ കുറഞ്ഞതും ഉയർന്ന പലിശയും മൂല്യത്തകർച്ചയും കാരണമാണ് ഇടിവ് എന്ന് വിലയിരുത്തപ്പെടുന്നു.
Jio ക്ക് 12.2 % ലാഭ വർദ്ധനവ്
മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ടെലികോം വിഭാഗമായ റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് ഏപ്രിൽ-ജൂൺ ആദ്യ പാദത്തിൽ 12.2 % വർധനയോടെ 4,863 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ റിലയൻസ് ജിയോ 4,335 കോടി രൂപ അറ്റാദായം നേടിയിരുന്നു. അവസാനിച്ച ഒന്നാം പാദത്തിൽ റിലയൻസ് ജിയോയുടെ മൊത്തം വരുമാനം ഒരു വർഷം മുമ്പ് 21,995 കോടി രൂപയിൽ നിന്ന് 24,127 കോടി രൂപയായി ഉയർന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 2022 ജൂൺ പാദത്തിലെ 21,873 കോടി രൂപയിൽ നിന്ന് 9.9 ശതമാനം വർധിച്ച് 24,042 കോടി രൂപയായി.