നിർമാണ മേഖലയിലെ സ്റ്റാർട്ടപ്പുകൾക്കായി ഇന്ത്യയിലെ ആദ്യ കണ്‍സ്ട്രക്ഷന്‍ ഇന്നവേഷൻ ഹബ്ബും KSUM മേൽനോട്ടത്തിൽ കേരളത്തിലെത്തുന്നു. ചെലവ് കുറഞ്ഞതും സുസ്ഥിരവുമായ നിര്‍മ്മാണ രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച രാജ്യത്തെ ആദ്യത്തെ കണ്‍സ്ട്രക്ഷന്‍ ഇന്നവേഷന്‍ ഹബ്(CIH) കൊച്ചിയിൽ ആരംഭിക്കാൻ ധാരണയായി.
ചെലവ് കുറഞ്ഞ നിര്‍മ്മാണ രീതികള്‍ പ്രചരിപ്പിക്കുന്ന അമേരിക്കന്‍ സ്ഥാപനമായ ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി ഇന്ത്യയുമായി ചേര്‍ന്നാണ് CIH സ്ഥാപിക്കുന്നത്. കൊച്ചിയിലായിരിക്കും പ്രവര്‍ത്തന കേന്ദ്രം.
നൂതനത്വം, പങ്കാളിത്തം, വിജ്ഞാനസഹകരണം എന്നിവയാണ് ഇതിന്റെ ലക്ഷ്യം. ചെന്നൈയില്‍ നടന്ന ഷെല്‍ട്ടര്‍ടെക് ഉച്ചകോടിയില്‍ സിഐഎചിന്റെ പ്രവര്‍ത്തനം ഔപചാരികമായി ആരംഭിച്ചു.
നേതൃത്വം നൽകാൻ KSUM
കേരള സ്റ്റാര്‍ട്ടപ്പ് മിഷനായിരിക്കും CIHന്റെ ചുമതല. പദ്ധതി രൂപീകരണവും, നടപ്പാക്കലും KSUM നേതൃത്വത്തിലായിരിക്കും. രാജ്യത്തുടനീളമുള്ള നിര്‍മ്മാണ രംഗത്തെ ശൈശവ ദശയിലുള്ള നൂതന സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്തുക, അവര്‍ക്ക് ചെലവുകുറഞ്ഞ നിര്‍മ്മാണ രീതികളെക്കുറിച്ചുള്ള വിദഗ്ധോപദേശം നല്‍കുക, ഇനോവേഷന്‍ ലാബിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോം രൂപീകരണം, വിവിധ സര്‍ക്കാര്‍ വകുപ്പുകളും വ്യവസായ സമൂഹവുമായുള്ള ഏകോപനം, ചെലവ് കുറഞ്ഞ ഭവനങ്ങള്‍ക്കായുള്ള പൈലറ്റ് പദ്ധതികളെ കണ്ടെത്തല്‍, ധനസ്ഥിതി, സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള സഹായം എന്നിവ KSUM നിർവഹിക്കും.
നിര്‍മ്മാണ മേഖലയിലെ ആഗോള വിജ്ഞാനം കേരളത്തിലും രാജ്യത്തൊട്ടാകെയും നടപ്പാക്കാൻ CIHന് സാധിക്കുമെന്ന് കെ എസ് യു എം സിഇഒ അനൂപ് അംബിക ചെന്നൈയില്‍ പറഞ്ഞു.
“ഷെല്‍ട്ടര്‍ ടെക്നോളജിയാണ് ഹാബിറ്റാറ്റും സിഐഎച്ചും പ്രധാനമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കെഎസ് യുഎമ്മിന്റെ സാങ്കേതിക പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നതാണ് ഈ സഹകരണം. അടിസ്ഥാന സൗകര്യ വികസന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ ചെലവ്, ഗുണമേന്മ, സമയബന്ധിത മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവിധ അറിവുകള്‍ മനസിലാക്കാനാകും. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ ദ്രുതഗതിയിലുള്ള വികസന പ്രവര്‍ത്തനത്തിലുള്ള ഹാബിറ്റാറ്റിന്റെ പങ്ക് എടുത്തു പറയേണ്ടതാണ്”.
ഇന്ത്യയിലൊട്ടാകെയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സിഐഎച്ചിന്റെ സേവനം ലഭ്യമാക്കും. തുടക്കത്തില്‍ വെര്‍ച്വലായാണ് സിഐഎച്ച് പ്രവര്‍ത്തിക്കുന്നത്. നിർമാണ സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേക പരിപാടികള്‍, മാര്‍ക്കറ്റിംഗ്, പ്രചാരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ KSUM ന്റെ കളമശേരിയിലെ ടെക്നോളജി ഇന്നവേഷന്‍ സോണില്‍ സംഘടിപ്പിക്കും.
മികച്ച വ്യവസായ പങ്കാളികളെ ഉള്‍പ്പെടുത്തി പ്രത്യേക ഉപദേശക സമിതി രൂപീകരിക്കും. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഷെല്‍ട്ടര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട മത്സരങ്ങളും ചലഞ്ചും സംഘടിപ്പിക്കുകയും ചെയ്യും.