സൗദി അറേബ്യയിലേക്ക് ഉംറയ്ക്കായി വിദേശി സുഹൃത്തുക്കളെ ക്ഷണിക്കുന്ന പ്രക്രിയ കൂടുതൽ ലളിതമാക്കി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം.
സൗദി പൗരന്മാർക്ക് വിദേശത്തുള്ള മുസ്ലീം സുഹൃത്തുക്കളെ “personal visit ” വിസയിലൂടെ ഉംറ നിർവഹിക്കാൻ രാജ്യത്തേക്ക് ക്ഷണിക്കാമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. മക്കയിലെ മസ്ജിദിൽ ഉംറ കർമ്മങ്ങൾ നിർവഹിക്കുന്നതിനും മദീനയിലെ പ്രവാചകന്റെ മസ്ജിദ് സന്ദർശിക്കുന്നതിനും പുറമെ, സന്ദർശകർക്ക് രാജ്യത്തിന്റെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും യാത്രകൾ നടത്താം.
‘സിംഗിൾ എൻട്രി’, ‘മൾട്ടിപ്പിൾ എൻട്രി’ പേഴ്സണൽ വിസകൾക്കുള്ള അപേക്ഷകൾ സൗദി പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ വിസ പ്ലാറ്റ്ഫോം വഴി നൽകാമെന്ന് മന്ത്രാലയം അറിയിച്ചു. “സിംഗിൾ എൻട്രി പേഴ്സണൽ വിസ” യ്ക്ക് 90 ദിവസത്തെ സാധുതയുണ്ട്, അതേസമയം “മൾട്ടിപ്പിൾ എൻട്രി പേഴ്സണൽ വിസ” സാധുത ഒരു വർഷത്തേക്കാണ്, ഓരോ വിസിറ്റിലും 90 ദിവസം താമസിക്കാം.
2016-ൽ ആരംഭിച്ച സൗദി വിഷൻ 2030 സ്ട്രാറ്റജിക് പ്ലാനിന്റെ ഭാഗമായി ടൂറിസം വ്യവസായം വികസിപ്പിക്കുന്നതിനാൽ സൗദി അറേബ്യ അതിന്റെ ചരിത്ര സ്ഥലങ്ങളും മറ്റ് സാംസ്കാരിക കേന്ദ്രങ്ങളും തുറന്നു. 2030-ഓടെ 100 ദശലക്ഷം സന്ദർശകരെ നേടുകയെന്ന ലക്ഷ്യത്തോടെയുളള സൗദി ഭരണകൂടത്തിന്റെ തന്ത്രത്തിന്റെ പ്രധാന ഭാഗമാണ് ടൂറിസം. രാജ്യത്തിന്റെ എണ്ണ കയറ്റുമതിയിൽ ആശ്രയിക്കുന്നത് കുറയ്ക്കുകയും പുതിയ വ്യവസായങ്ങളും മേഖലകളും വികസിപ്പിക്കുകയും ചെയ്തുകൊണ്ട് സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുക എന്നതാണ് പ്രോഗ്രാമിന്റെ ലക്ഷ്യം.
പദ്ധതി പ്രകാരം, ടൂറിസം വ്യവസായം രാജ്യത്തെ തൊഴിലാളികൾക്ക് 1 ദശലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അതേ സമയം സമ്പദ്വ്യവസ്ഥയ്ക്ക് വരുമാനമുന്നേറ്റം നൽകുമെന്നും പ്രതീക്ഷിക്കുന്നു. പുണ്യനഗരങ്ങളായ മക്കയിലും മദീനയിലും ആത്മീയ വിനോദസഞ്ചാരത്തിൽ വൻ മുന്നേറ്റവും ആസൂത്രണം ചെയ്തിട്ടുണ്ട്, 2030 ഓടെ തീർഥാടകരുടെ എണ്ണം 30 ദശലക്ഷമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.