പാൻ പ്രവർത്തനക്ഷമമല്ലാതായ വിദേശ ഇന്ത്യക്കാർ അവരുടെ താമസവിവരം (റസിഡൻഷ്യൽ സ്റ്റാറ്റസ്) അറിയിക്കണമെന്ന് ആദായനികുതി വകുപ്പ്. ആദായ നികുതി റിട്ടേൺസ് ഫയൽ ചെയ്യാനുള്ള തീയതി നീട്ടി നൽകില്ല എന്ന സൂചനയും ആദായ നികുതി വകുപ്പ് നൽകുന്നു. ഒരാളുടെ പാൻ പ്രവർത്തനക്ഷമമല്ലെങ്കിലും (inoperative) അയാൾക്ക് ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനു തടസ്സമില്ല എന്നും അറിയിച്ചിട്ടുണ്ട്. പ്രവാസി ഇന്ത്യക്കാർക്ക് ആധാർ ഇല്ലെങ്കിൽ പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ആധാർ–പാൻ ബന്ധിപ്പിക്കലിനുള്ള അവസാന തീയതി കഴിഞ്ഞ ശേഷം പ്രവാസി ഇന്ത്യക്കാരായ പലരുടെയും പാൻ പ്രവർത്തിക്കുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. ചില പ്രവാസികളുടെ കൈവശമുള്ള പാൻകാർഡ് ജൂൺ 30ന് ശേഷം പ്രവർത്തനരഹിതമായെങ്കിൽ അത് വകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തണം. ആദായനികുതി വകുപ്പിൻെറ രേഖകളിൽ ‘നോൺ റസിഡൻറ്’ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും പാൻകാർഡ് അസാധുവായേക്കും.
ആദായ നികുതി വകുപ്പിൻെറ പോർട്ടലിലൂടെ ‘റസിഡൻറ്’ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്താൽ ആധാർ ഇല്ലാത്ത എൻആർഐകളെ ലിങ്കിംഗ് പ്രക്രിയയിൽ നിന്ന് ഒഴിവാക്കുമെന്നാണ് സൂചന. അതേസമയം ആധാർ എടുത്തിട്ടുള്ള പ്രവാസികൾക്ക് ഇളവ് ബാധകമല്ല. അവർ പാൻ കാർഡ് പിഴയടച്ച് ആധാറുമായി ലിങ്ക് ചെയ്യേണ്ടിവരും.
ഒരു വ്യക്തി എത്ര കാലമായി ഒരു നിശ്ചിത സ്ഥലത്ത് താമസിക്കുന്നു എന്നതാണ് റസിഡൻഷ്യൽ സ്റ്റാറ്റസ്. കഴിഞ്ഞ 3 വർഷത്തിനിടയ്ക്ക് ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാതിരിക്കുകയോ, പ്രവാസികൾ അവരുടെ റസിഡൻഷ്യൽ വിവരങ്ങൾ അറിയിക്കുകയോ ചെയ്യാതിരുന്നാൽ പാൻ പ്രവർത്തനക്ഷമമല്ലാതാകും. അങ്ങനെ സംഭവിച്ചിട്ടുള്ളവർ അതത് ജൂറിസ്ഡിക്ഷനൽ അസസിങ് ഓഫിസറെ (JAO) റസിഡൻഷ്യൽ വിവരങ്ങൾ അറിയിക്കണമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.
(ജെഎഒ വിവരങ്ങളറിയാൻ: bit.ly/jaoincome)
വിദേശപൗരത്വമുള്ള ഇന്ത്യക്കാരും (ഒസിഐ കാർഡുള്ളവർ) അവരുടെ പാനിൽ താമസ വിവരം മാറ്റിയിട്ടില്ലെങ്കിൽ പാൻ പ്രവർത്തിക്കാതിരിക്കാം. ഇവരും അതത് JAOയെ സമീപിക്കണം. ഒരാളുടെ പാൻ പ്രവർത്തക്ഷമമല്ലെങ്കിലും (inoperative) അയാൾക്ക് ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനു തടസ്സമില്ല.ഇത് അസാധുവാകുന്നതിനു (inactive) തുല്യമല്ലെന്നും വകുപ്പ് വ്യക്തമാക്കി. പ്രവർത്തനക്ഷമമല്ലാത്ത പാനുള്ളവർക്ക് പെൻഡിങ് റീഫണ്ട് ലഭ്യമാകില്ല. ഇവരിൽ നിന്ന് ഉയർന്ന ടിഡിഎസും, ടിസിഎസും ഈടാക്കും.
എൻആർഐകൾ എന്തായാലും ‘നോൺ റസിഡൻറ്’ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. പാൻ പ്രവർത്തനരഹിതമായ എൻആർഐകൾക്ക് പാനും ആധാറും ബന്ധിപ്പിക്കേണ്ട ആവശ്യമില്ലെങ്കിൽ ഇത് കാണിച്ച് ടാക്സ് ഓഫീസർക്ക് ഒരു അപേക്ഷയും സമർപ്പിക്കാം. കൂടാതെ ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്നതിൻെറ വിശദാംശങ്ങൾ കാണിക്കുന്ന പാസ്പോർട്ട് പകർപ്പുകളും സമർപ്പിക്കാം.
ഒരു എൻആർഐക്ക് റെസിഡൻഷ്യൽ സ്റ്റാറ്റസ് റസിഡൻറ് എന്നതിൽ നിന്ന് നോൺ റെസിഡൻറ് ആക്കുന്നതിന് അസസ്സിംഗ് ഓഫീസർക്ക് ഇമെയിലും അയക്കാം. ആദായനികുതി ഇ-ഫയലിംഗ് പോർട്ടലിലൂടെ ഓൺലൈനായി എളുപ്പത്തിൽ ചെയ്യാനുമാകും. റസിഡൻഷ്യൽ സ്റ്റാറ്റസ് മാറിക്കഴിഞ്ഞാൽ, പാൻ വീണ്ടും പ്രവർത്തനക്ഷമമാകും.
പ്രവാസികളുടെ അസാധുവായ പാൻകാർഡ് പ്രവർത്തനക്ഷമമാക്കാം
പാൻ ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതിന് സർക്കാർ പലതവണ സമയം നീട്ടി നൽകിയിരുന്നു. 2023 ജൂൺ 30-വരെയാണ് പാൻകാർഡ് അപ്ഡേറ്റു ചെയ്യുന്നതിനുള്ള അവസാന തിയതി പ്രഖ്യാപിച്ചിരുന്നത്. പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചതിന് ശേഷം ലിങ്കിങ് പൂർത്തിയാക്കാത്ത പ്രവാസികളുടെ പാൻകാർഡ് അസാധുവായേക്കാം. എന്നാൽ പാൻ കാർഡ് വീണ്ടും പ്രവർത്തനക്ഷമമാക്കാനാകും.
നിബന്ധനകൾക്ക് വിധേയമായി പ്രവർത്തനരഹിതമായ പാൻ ഉപയോഗിച്ചും പ്രവാസികൾക്ക് ITR ഫയൽ ചെയ്യാനും ഓപ്ഷനുണ്ട്. എല്ലാ പാൻകാർഡ് ഉടമകളും അവരുടെ പാൻ ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ല എന്ന നേട്ടമുണ്ട്. ചില വ്യക്തികളെ ലിങ്കിങ്ങിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉദാഹരണത്തിന്, 1961 ലെ ആദായനികുതി നിയമം ഭേദഗതി അനുസരിച്ച് പ്രവാസി ഇന്ത്യക്കാർക്ക് ആധാർ ഇല്ലെങ്കിൽ പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
NRI പാൻ പ്രവർത്തനക്ഷമമാകാതിരിക്കാൻ സമർപ്പിക്കേണ്ട രേഖകൾ
- സ്വയം സാക്ഷ്യപ്പെടുത്തിയ പാൻ കാർഡിൻെറ പകർപ്പ്
- സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്പോർട്ടിൻെറ പകർപ്പ്
- ഇന്ത്യക്ക് പുറത്ത് താമസിക്കുന്നതിൻെറ വിശദാംശങ്ങൾ
ആദായ നികുതി: തീയതി നീട്ടില്ല
ആദായ നികുതി റിട്ടേൺ നൽകാനുളള തീയതി നീട്ടില്ലെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി.
ഈ മാസം 31 നു മുൻപുതന്നെ റിട്ടേൺ നൽകണമെന്നും അധികൃതർ അറിയിച്ചു.
ഏകദേശം 7 തരം ആദായ നികുതി ഫോമുകൾ ഉണ്ട്. ഓരോ ഫോമും വ്യത്യസ്തമാണ് കൂടാതെ ഓരോന്നും പ്രത്യേക തരം നികുതി ഫയൽ ചെയ്യുന്നവർക്കുള്ളതാണ്. ശമ്പള വരുമാനം മാത്രമുള്ളവർക്ക്, ഐടിആർ-1 ഉപയോഗിച്ച് അത് ഫയൽ ചെയ്യാം, മറ്റ് വരുമാന സ്രോതസ്സുകളുള്ളവർ ഐടിആർ ഫയൽ ചെയ്യുന്നതിന് മറ്റ് ഫോമുകൾ ഉപയോഗിക്കേണ്ടതുണ്ട്.
ആവശ്യമായ രേഖകൾ
ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് പാൻ കാർഡ്, ആധാർ കാർഡ്, ഫോം 16, ഫോം 16 എ, 16 ബി, 16 സി, ബാങ്ക് സ്റ്റേറ്റ്മെന്റ്, ഫോം 26 എഎസ്, നിക്ഷേപ തെളിവുകൾ, വാടക കരാർ, വിൽപ്പന രേഖ, ഡിവിഡന്റ് വാറന്റുകൾ എന്നിവ ആവശ്യമായി വന്നേക്കാം.
ഫോം 26 എഎസ്
ആദായ നികുതി പോർട്ടലിൽ നിന്ന് ഫോം 26 എഎസ് ഡൗൺലോഡ് ചെയ്യാം. നിങ്ങളുടെ പാൻ നമ്പറിൽ ഗവൺമെന്റിൽ നിക്ഷേപിച്ച നികുതികളുടെ വിശദാംശങ്ങളുള്ള ഒരു ടാക്സ് പാസ്ബുക്ക് പോലെയുള്ള വാർഷിക നികുതി പ്രസ്താവനയാണിത്.