മൂന്ന് വർഷത്തിനിടെ മൂന്നിരട്ടി വനിതകൾ ഉദ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്തു. ഇത് വ്യക്തമാക്കുന്നത് രാജ്യത്തെ വനിതകൾക്കിടയിൽ സംരംഭകത്വത്തോടുള്ള താൽപ്പര്യം വർദ്ധിച്ചു വരുന്നു എന്നാണെന്നു മന്ത്രി ലോക്സഭയിൽ അംഗങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി നൽകി. പ്രധാനമന്ത്രി എംപ്ലോയ്മെന്റ് ജനറേഷൻ പ്രോഗ്രാം (PMEGP) നടപ്പാക്കിയതിൽ കേരളം രണ്ടാം സ്ഥാനത്താണെന്നും, ഇത് പ്രകാരം കേരളത്തിൽ വനിതകൾ നേതൃത്വം നൽകുന്ന 24 യൂണിറ്റുകൾക്ക് ധനസഹായം നൽകിയതായും ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയത്തിൽ ലഭ്യമായ ഔദ്യോഗിക കണക്കുകൾ പ്രകാരം ഉദ്യം രജിസ്ട്രേഷൻ പോർട്ടലിൽ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ വനിതകളുടെ ഉടമസ്ഥതയിലുള്ള സംരംഭങ്ങളുടെ എണ്ണത്തിൽ മൂന്നിരട്ടി വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
സൂക്ഷ്മ, ചെറുകിട, മന്ത്രാലയത്തിന്റെ സംരംഭക രജിസ്ട്രേഷൻ ( ഉദ്യം) പോർട്ടലിൽ 2020-21 വർഷത്തിൽ വനിതകളുടെ ഉടമസ്ഥതയിലുള്ള 4,89,085 സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടത് 2021-22ൽ 9,10,407 ആയും 2022-23ൽ 14,88,003 ആയും വർദ്ധിച്ചു. 2023 ജൂലൈ 18 വരെ ദേശീയതലത്തിൽ സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള 5,18,029 സംരംഭങ്ങൾ ഉദ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വനിതാ സംരംഭങ്ങളിൽ കേരളവും മുന്നിൽ
സംസ്ഥാനം തിരിച്ചുള്ള കണക്കുകൾ പ്രകാരം, 2020-21ൽ കേരളത്തിൽ വനിതകളുടെ ഉടമസ്ഥതയിലുള്ള 14,732 സംരംഭങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടു. 2022-23ൽ ഇത് മൂന്നിരട്ടി വർദ്ധിച്ച് 50,275 ആയി. 2023-24 ജൂലൈ 18 വരെ വനിതകൾ നേതൃത്വം നൽകുന്ന 12,912 സംരംഭങ്ങൾ സംസ്ഥാനത്ത് നിന്ന് ഉദ്യം പോർട്ടലിൽ പുതുതായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സൂക്ഷ്മ, തൊഴിലവസര സംരംഭങ്ങൾ സ്ഥാപിക്കുന്നതിലൂടെ കാർഷികേതര മേഖലയിൽപ്പെട്ട പരമ്പരാഗത കരകൗശലത്തൊഴിലാളികളുടെയും തൊഴിൽരഹിതരായ യുവജനങ്ങളുടെയും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പ്രധാനമന്ത്രി എംപ്ലോയ്മെന്റ് ജനറേഷൻ പ്രോഗ്രാം (PMEGP) പ്രകാരം കേരളത്തിൽ വനിതകൾ നേതൃത്വം നൽകുന്ന 24 യൂണിറ്റുകൾക്ക് ധനസഹായം നൽകിയിട്ടുണ്ട്. ഈ പട്ടികയിൽ കേരളത്തിന് രണ്ടാം സ്ഥാനമാണുള്ളത്. വനിതകൾ നേതൃത്വം നൽകുന്ന 28 യൂണിറ്റുകൾക്ക് സഹായധനം ലഭിക്കുന്ന ആന്ധ്ര പ്രദേശ് മാത്രമാണ് പട്ടികയിൽ കേരളത്തിന് മുന്നിൽ ഇടം പിടിച്ചത്. 7 യൂണിറ്റുകൾക്ക് ധനസഹായം ലഭിക്കുന്ന തമിഴ്നാട്, വനിതകളുടെ 6 യൂണിറ്റുകളുമായി പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ കേരളത്തിന് പിന്നിലുണ്ട്. ഗുജറാത്ത്, ഗോവ, തെലുങ്കാന, ബീഹാർ എന്നിവിടങ്ങളിലെ ഓരോ യൂണിറ്റുകൾക്കും ഈ പദ്ധതിയിൻപ്രകാരം കേന്ദ്ര സഹായം ലഭിച്ചു വരുന്നുണ്ട്.
വനിതാ പ്രാധാന്യത്തിൽ പ്രധാനമന്ത്രി എംപ്ലോയ്മെന്റ് ജനറേഷൻ പ്രോഗ്രാം (PMEGP)
പിഎംഇജിപിയുടെ കീഴിൽ പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള വനിതകൾക്ക് ഉയർന്ന സബ്സിഡിക്കും കുറഞ്ഞ വ്യക്തിഗത സംഭാവനയ്ക്കും അർഹതയുണ്ട്. മൊത്തം മാർജിൻ മണി സബ്സിഡിയുടെ 35% മുതൽ 40% വരെ വനിതകൾക്ക് വിതരണം ചെയ്യപ്പെടുന്നു.
2008-09 കാലഘട്ടത്തിലാണ് PMEGP പദ്ധതി ആരംഭിച്ചത്. പിഎംഇജിപിയുടെ പൊതുവിഭാഗം ഗുണഭോക്താക്കൾക്ക് ഗ്രാമപ്രദേശങ്ങളിൽ പദ്ധതിച്ചെലവിന്റെ 25 ശതമാനവും നഗരപ്രദേശങ്ങളിൽ 15 ശതമാനവും മാർജിൻ മണി സബ്സിഡിയായി ലഭിക്കും. പട്ടികജാതി/പട്ടികവർഗം/ഒബിസി/ന്യൂനപക്ഷങ്ങൾ/സ്ത്രീകൾ, ട്രാൻസ്ജെൻഡർ, മുൻ സൈനികർ, ശാരീരിക വൈകല്യമുള്ളവർ, വടക്കുകിഴക്കൻ മേഖല (NER), അഭിലാഷ ജില്ലകൾ, മലയോര, അതിർത്തി പ്രദേശങ്ങൾ തുടങ്ങിയ പ്രത്യേക വിഭാഗങ്ങളിൽപ്പെട്ട ഗുണഭോക്താക്കൾക്ക് ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും 35% മാർജിൻ മണി സബ്സിഡി ലഭിക്കും.
പുതിയ ലക്ഷ്യങ്ങളുമായി PMEGP
നഗരങ്ങളുടെ സമീപസ്ഥരായ തൊഴിൽരഹിതർ, പഠനം ഇടക്ക് വച്ച് മുടങ്ങിയവർ, പിന്നോക്ക സമുദായത്തിൽ നിന്നുള്ളവർ എന്നീ വിഭാഗങ്ങളിലെ വനിതകൾ അടക്കമുള്ള യുവജനങ്ങളുടെ പങ്കാളിത്തത്തോടെ പ്രാദേശിക സംരംഭക പ്രവർത്തനങ്ങൾ കൂടുതൽ ഉത്തേജിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ടെന്നു മന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചു. ബോധ്ഗയ (ബീഹാർ), കൊല്ലൂർ (കർണാടകം), ഹരിദ്വാർ (ഉത്തരാഖണ്ഡ്) , പുരി (ഒഡിഷ), പാന്ഥർപുർ (മഹാരാഷ്ട്ര ), വാരണാസി (ഉത്തർ പ്രദേശ് ) എന്നിവിടങ്ങളിൽ നടപ്പിലാക്കിയ പദ്ധതിക്ക് കീഴിൽ ഇതിനോടകം 7,881 വനിതകൾ പരിശീലനം നേടിയിട്ടുണ്ട്.