“ഇരുന്നു യാത്ര ചെയ്യാം, കിടന്നും. 200 HP പവർ, ഓൺലൈൻ ട്രാക്കിംഗ് സംവിധാനവും AI അലർട്ടും. ഇനി ഒരു കിടിലൻ ഡ്രൈവറെ കൂടി കൂടെകൂട്ടിയാൽ വന്ദേ ഭാരതിന്റെ അതേ റൂട്ടിൽ നിരത്തിലൂടെ പറക്കും ഈ KSRTC-SWIFT HYBRID സീറ്റർ കം സ്ലീപ്പർ ബസ്.”

അതെ. തിരുവനന്തപുരം – കാസർഗോഡ് റൂട്ടിലാണ് ആദ്യ സർവീസ്

കൂടുതൽ ഹൈ ടെക്ക് ആയി നിരത്തിലേക്കെത്തുകയാണ് കേരളത്തിന്റെ സ്വന്തം KSRTC- SWIFT. ഇത് ജീവനക്കാരുടെ ബസ് എന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു വിശേഷിപ്പിച്ചത്. കെഎസ്ആർടിസി – സ്വിഫ്റ്റിലെ ജീവനക്കാരിൽ നിന്നും കരുതൽ ധനമായി വാങ്ങിയ തുക ഉപയോഗിച്ച് സ്വിഫ്റ്റ് വാങ്ങിയ പുതിയ ഹൈബ്രിഡ് ബസായ സീറ്റർ കം സ്ലീപ്പർ ബസ് നിരത്തിലേക്ക് എത്തുകയാണ്.
കെഎസ്ആർടിസിയിൽ ആദ്യമായാണ് ഹൈബ്രിഡ് ബസ് അവതരിപ്പിക്കുന്നത്. അധിക സൗകര്യങ്ങളോട് കൂടിയ 2×1 സീറ്റുകൾ (ഒരു വശത്ത് രണ്ട് സീറ്റുകളും, മറു വശത്ത് ഒരു സീറ്റും) ഉള്ള 27 സീറ്ററുകളും, 15 സെമി സ്ലീപ്പർ സീറ്റുകളുമുണ്ട് ഹൈബ്രിഡ് ബസിൽ.

സൗകര്യങ്ങൾ ഏറെയുണ്ട് ഈ ഹൈബ്രിഡിൽ
എല്ലാ സീറ്റുകളിലും, ബെർത്തുകളിൽ ചാർജിങ് സൗകര്യം, മൊബൈൽ ഫോൺ സൂക്ഷിക്കാൻ മൊബൈൽ പൗച്ച്, ചെറിയ ഹാൻഡ് ബാഗേജുകൾക്കായി വ്യക്തിഗത ലഗേജ് സ്പേസ് എന്നിവയും എടുത്തു പറയണം. എയർ സസ്പെൻഷനോട് കൂടിയ 12 മീറ്റർ അശോക് ലൈലാന്റ് ഷാസിയിൽ ബിഎസ് 6 ചേയ്സിലായി എസ്.എം കണ്ണപ്പ ബംഗളുരു ആണ് ബസ് നിർമ്മാണം പൂർത്തിയാക്കിയത്.