ഇന്ത്യയിലെ 80,000 രജിസ്റ്റേർഡ് സംരംഭക അംഗങ്ങളുള്ള സ്റ്റാർട്ടപ്പ് മേഖലയുടെതകർന്ന പ്രതിച്ഛായയുടെയും, ഒഴിവാക്കാനാകുമായിരുന്ന വിവാദങ്ങളുടെയും, നിറവേറ്റാനാകാത്ത വാഗ്ദാനങ്ങളുടെയും ബ്രാൻഡഡ് പരസ്യത്തിലേക്കു ബൈജൂസ് കൂപ്പു കുത്തിയോ? എന്തായിരിക്കാം ബൈജൂസ് ഡയറക്ടർ ബോർഡ് മനസ്സിൽ കണ്ടിരിക്കുന്നത്?
ഒന്നുകിൽ ഒരു തകർച്ച. അല്ലെങ്കിൽ ഒരു മാജിക്കൽ അതിജീവനം.
ഒന്നുറപ്പാണ് ബൈജൂസിനു ശരിക്കും കാലിടറിയാൽ അത് ഇന്ത്യൻ സ്റ്റാർട്ടപ്പ് മേഖലക്ക് നൽകുക ഒരിക്കലും പിന്തുടരാൻ സാധിക്കാത്ത ഒരു നെഗറ്റീവ് പ്രവണതയാകും.
ചില്ലറയൊന്നുമല്ല ബൈജൂസ് സ്റ്റാർട്ടപ്പ് വിപണിയിൽ ചെലുത്തിയ സ്വാധീനം. അതിന്റെ ഒരുകാലത്തെ മൂല്യനിർണ്ണയം $22 ബില്യൺ എന്നത് ടാറ്റ മോട്ടോഴ്‌സിനേക്കാൾ വളരെ കുറവായിരുന്നില്ല. തുടക്കത്തിലെ തന്ത്രപരമായ, അതിശക്തമായ വിൽപ്പന രീതികളേക്കാളൊക്കെ പിനീട് കൈകൊണ്ട മോശം തൊഴിൽ സംസ്കാരം, സംശയാസ്പദമായ അക്കൌണ്ടിംഗ് രീതികൾ, ആഗോള നിക്ഷേപകരെ കോടതി കയറ്റൽ എന്നിവയൊക്കെ എഡ്ടെക്ക് മായാജാലക്കാരന്റെ നല്ല ഭാവിയെ തുലാസിലാക്കുന്നതായിരുന്നു. ഏറ്റവും ഒടുവിൽ ഉയരുന്ന ചോദ്യം വിശ്വാസ്യതയുടേതാണ്. ബൈജൂസ് വാഗ്‌ദാനം ചെയ്‌തത് യഥാർത്ഥത്തിൽ വിദ്യാർത്ഥികൾക്ക് നൽകിയിട്ടുണ്ടോ എന്നത്.
തകർച്ച ഇവിടെ തുടങ്ങുന്നു
2021 മാർച്ചിൽ അവസാനിച്ച വർഷത്തിലെ വീണ്ടും വൈകിയ ഫലങ്ങളിൽ ബൈജൂസ് തങ്ങളുടെ വരുമാനത്തിന്റെ ഇരട്ടി നഷ്ടമായി കാണിച്ചു. അത് 4,588 കോടി രൂപ വരും. 2022 മാർച്ചിലെ ഫലങ്ങൾ ഇതുവരെ അറിവായിട്ടില്ല. ആ സാമ്പത്തിക വിവരങ്ങൾ ഇതുവരെ കൈമാറാത്തതിൽ മനം മടുത്ത ഓഡിറ്റർ ഗ്രൂപ്പ് പുറത്തുപോയി. പിന്നാലെ പ്രൊമോട്ടർ അല്ലാത്ത ഡയറക്ടർമാർ രാജിവച്ചു. ഇതിനിടക്ക് തന്നെ ഒരു ദാക്ഷിണ്യവും കൂടാതെ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു. അതിനിടെ വരുമാനം പെരുപ്പിച്ചുകാണിച്ചു എന്ന ആരോപണവും. ഇതോടെ ഒരു നിക്ഷേപകൻ തങ്ങളുടെ ബൈജൂസിലെ നിക്ഷേപം 40 ശതമാനം വെട്ടിക്കുറച്ചു. മറ്റു നിക്ഷേപകർ ബൈജൂസിന്റെ പ്രഖ്യാപിത മൂല്യം തങ്ങളുടെ അക്കൗണ്ട് ബുക്കിൽ നന്നേ കുറച്ചു കാട്ടി. തിരിച്ചടവ് ആവശ്യപ്പെട്ട നിക്ഷേപകരെ കോടതി കയറ്റി. എന്തിനേറെ ജീവനക്കാരുടെ പി എഫ് അവകാശങ്ങൾ വരെ നിഷേധിച്ചു.
ഇതിനെയെല്ലാം മറികടക്കാൻ പുതിയ തന്ത്രങ്ങളോ?
ഈ പറഞ്ഞ ബാഡ്‌മാർക്കുകളെയെല്ലാം അതിജീവിക്കാൻ ബൈജൂസ് കണ്ടിരിക്കുന്ന ഏക പോംവഴി ചെലവ് ചുരുക്കലാണോ? ബൈജൂസ് ലേണിംഗ് ആപ്പ് ഇപ്പോൾ ചെലുവുചുരുക്കൽ നടപടികളിലേക്ക് കടക്കുന്നു. കഴിഞ്ഞ മാസം മാത്രം 1,000 ജീവനക്കാരെയാണ് ബൈജൂസ് പുറത്താക്കിയത്. കോവിഡ് കാലത്ത് ഓൺലൈൻ പഠനത്തിന് പ്രാധാന്യം ഉയർന്ന സമയത്ത് കമ്പനി വലിയ രീതിയിൽ വളർന്നിരുന്നു. ഇതേതുടർന്ന് കമ്പനി വൻതോതിൽ ഏറ്റെടുക്കലുകൾ നടത്തിയിരുന്നു.
കോവിഡ് അവസാനിച്ച് സ്കൂളുകൾ തുറന്ന് ഓൺലൈൻ വിദ്യാഭ്യാസത്തിന് പ്രസക്തി കുറഞ്ഞതോടെയാണ് ബൈജൂസ് കുടുങ്ങിയത്. ഇതിനിടെ ഉയർന്ന മൂല്യത്തിൽ മൂലധനം സ്വരൂപിക്കുന്നതിനായി വരുമാനം പെരുപ്പിച്ച് കാണിച്ചതും കമ്പനിക്ക് തിരിച്ചടിയായി. ഓഹരി മൂലധനം സമാഹരിക്കാൻ കഴിയാതിരുന്നതോടെ വിദേശങ്ങളിൽ നിന്ന് ബൈജൂസ് വൻതോതിൽ വായ്പ എടുത്തിരുന്നു. പിന്നീട് പ്രതിസന്ധിയിലായതോടെ തിരിച്ചടവ് മുടങ്ങുകയായിരുന്നു. ഇതോടെയാണ് ദൈനംദിന പ്രവർത്തനങ്ങൾക്ക് പോലും പണം ഇല്ലാത്ത അവസ്ഥയിലേക്ക് ബൈജൂസ് എത്തിയത്. വിദേശ പണമിടപാടുകൾ സ്വീകരിച്ചതിന്റെ പേരിൽ എൻ്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ റെയ്ഡ് കൂടിയായതോടെ കമ്പനിയുടെ പ്രതിസന്ധി രൂക്ഷമാകുകയായിരുന്നു.
വാടക കുറച്ചു ചെലവ് കുറയ്ക്കുന്ന ഇന്ത്യൻ തന്ത്രം
വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലാണ് ഇന്ത്യയിലുടനീളമുള്ള ഓഫീസുകള്‍ പൂട്ടുന്നത്. വാടക തുകകൾ കുറക്കുന്നതിലൂടെ ചെലവ് ചുരുക്കാനാണ് കമ്പനി ശ്രമം. ഇന്ത്യയിലെ 143 പട്ടണങ്ങളിലായി 302 കേന്ദ്രങ്ങളാണ് കമ്പനിയ്ക്കുള്ളത്. ബെംഗളൂരുവിലെ വൻകിട കെട്ടിടസമുച്ചയങ്ങളിലെ ഓഫീസുകളും ബൈജൂസ് ഒഴിഞ്ഞുതുടങ്ങി. 5.58 ലക്ഷം ചതുരശ്രയടി വിസ്തൃതിയിലുള്ള കല്യാണി ടെക് പാർക്കിലെ ഓഫീസ് സ്പേസ് ദിവസങ്ങൾക്ക് മുൻപ് ഒഴിഞ്ഞിരുന്നു. ഓഫീസിലെ ജോലിക്കാരോട് മറ്റ് ഓഫീസുകളിലേക്ക് മാറാനോ വീട്ടിലിരുന്ന് ജോലി ചെയ്യാനോ ആണ് കമ്പനി ആവശ്യപ്പെട്ടത്. ബെംഗളൂരുവിലെ തന്നെ പ്രസ്റ്റീജ് പാർക്കിലെ രണ്ടുനിലകളിലുണ്ടായിരുന്ന ഓഫീസുകളും ബൈജൂസ് ഒഴിഞ്ഞിരുന്നു. മറ്റ് പല കെട്ടിടങ്ങളും ഒഴിയാൻ കമ്പനി തീരുമാനിച്ചതായാണ് വിവരം. ഗുരുഗ്രാം, ബെംഗളൂരു എന്നിവിടങ്ങളിലെ ഓഫീസുകള്‍ ഇതിനകം പ്രവര്‍ത്തനം നിര്‍ത്തി. നോയിഡയിലെ ഓഫീസ് പ്രവര്‍ത്തനം നിര്‍ത്താനുള്ള ഒരുക്കത്തിലാണ്. കമ്പനി സെക്ടര്‍ 44 ലെ ഓഫീസ് സ്ഥലം ഒഴിഞ്ഞിട്ടുണ്ട്. ഇവിടങ്ങളിലെ ജീവനക്കാരോടെ ബെംഗളൂരുവിലേക്ക് മാറാനോ ബൈജൂസ് ട്യൂഷന്‍ സെന്ററുകളില്‍ (ബിടിസി) ജോലി ചെയ്യാനോ ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്.
PF കുടിശിക അടക്കാൻ ഒടുവിൽ തയാർ
ജീവനക്കാരുടെ പരാതികൾ ശക്തമായതിനെ തുടർന്ന് ഭൂരിഭാഗം ജീവനക്കാരുടെയും പിഎഫ് പേയ്‌മെന്റുകള്‍ തീര്‍ക്കാന്‍ എഡ്‌ടെക്ക് കമ്പനി
ഒടുവിൽ ബൈജൂസ് തയ്യാറായി.എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇപിഎഫ്ഒ) ചോദ്യം ചെയ്യലിനെത്തുടര്‍ന്നാണിത്. ഏറ്റവുമൊടുവിൽ 24,027 ജീവനക്കാര്‍ക്കായി 8.54 കോടി രൂപയുടെ പിഎഫ് പേയ്‌മെന്റുകള്‍ ബൈജൂസ് അയക്കുകയായിരുന്നു. ഇപിഎഫ്ഒ ഡാറ്റ പ്രകാരം ഭൂരിഭാഗം ജീവനക്കാര്‍ക്കും ഏപ്രില്‍, മെയ് മാസങ്ങളിലെ പിഎഫ് പേയ്മെന്റുകള്‍ ലഭിച്ചിട്ടില്ല. നിലവിലെ ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് വിഹിതം മാസങ്ങളായി അടയ്ക്കാത്തതിന്റെ പേരില്‍ വിമര്‍ശനം ഏറ്റുവാങ്ങുകയായിരുന്നു ബൈജൂസ്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ മിക്കവാറും എല്ലാ ജീവനക്കാര്‍ക്കും ബൈജൂസ് ശമ്പളം വൈകിപ്പിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു.
തങ്ങള്‍ക്ക് അര്‍ഹമായ പ്രൊവിഡന്റ് ഫണ്ട് വിഹിതം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടില്‍ ബെജൂസ് അടച്ചിട്ടില്ലെന്ന് മുന്‍ജീവനക്കാരും ആരോപിച്ചു. കഴിഞ്ഞ ദശകത്തിൽ 150 ബില്യൺ ഡോളറിലധികം നിക്ഷേപം സ്വീകരിച്ച ഇന്ത്യൻ സ്റ്റാർട്ടപ്പ് മേഖലയിൽ 2022 നെ അപേക്ഷിച്ച് 2023-ന്റെ ആദ്യ മാസങ്ങളിൽ പുതിയ ഫണ്ടിംഗ് 80 ശതമാനം കുറഞ്ഞത് നല്ല ലക്ഷണമല്ല.
മാറിയ സാഹചര്യത്തിൽ മിക്ക സ്റ്റാർട്ടപ്പുകളും പാഠങ്ങൾ പഠിച്ചു അഭിവൃദ്ധി പ്രാപിക്കാൻ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കണം. കാരണം ബൈജൂസ് അന്നും ഇന്നും സ്റ്റാർട്ടപ്പ് മേഖലക്കൊരു പാഠമാണ്.