യു.എസ് നികുതി വ്യവസായ കമ്പനികളെ ക്ഷണിച്ചു കേരളം
കാരണങ്ങൾ ഇവയാണ്:
- കേരളം ലക്ഷ്യമിടുന്നത് ഇൻഡസ്ട്രി 4.0 വ്യാവസായിക അന്തരീക്ഷം
- കേരളത്തിലെ തൊഴിൽ അന്തരീക്ഷം നികുതി വ്യവസായ കമ്പനികൾക്ക് പ്രവർത്തിക്കാൻ അനുയോജ്യം
- ടാക്സേഷൻ പാർക്കുകളും ഇന്നോവേഷൻ ഹബ്ബുകളും ഉടൻ വരും
- തൊഴിൽ നൈപുണ്യമുള്ള പ്രൊഫഷണലുകൾ
- സംസ്ഥാനം നിക്ഷേപ സൗഹൃദം
- സംസ്ഥാനത്തെ മികച്ച വിദ്യാഭ്യാസ നിലവാരം
- ടാക്സേഷനിലും അക്കൗണ്ടിംഗിലും വൈദഗ്ധ്യമുള്ള ഉദ്യോഗാർഥികൾ
- അതിശക്തമായ കണക്ടിവിറ്റി
അമേരിക്കൻ ടാക്സേഷൻ മേഖലയിൽ നിലവിൽ മതിയായ പ്രൊഫഷണലുകളുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. ടാക്സേഷൻ മേഖലയിൽ മതിയായ നൈപുണ്യശേഷിയും, വിദ്യാഭ്യാസ യോഗ്യതയുമുള്ള വിദ്യാർഥികൾ കേരളത്തിൽ ഏറെയുണ്ട്. കേരളത്തിന്റെ സാദ്ധ്യതകൾ യു എസ് ടാക്സേഷൻ മേഖല പരമാവധി വിനിയോഗിക്കണമെന്ന് തിരുവനന്തപുരത്തു നടന്ന യു.എസ് ടാക്സ് ഇൻഡസ്ട്രി മീറ്റിൽ അഭിപ്രായമുയർന്നു.
യുവാക്കളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള കേരള സർക്കാരിൻറെ ശ്രമങ്ങളെ മീറ്റിൽ പംകെടുത്ത യു എസ് നികുതി വിദഗ്ധർ അഭിനന്ദിച്ചു. ടാക്സേഷനിലും അക്കൗണ്ടിംഗിലും മികവുള്ള പ്രൊഫഷണലുകളുടെ കുറവ് യു.എസ് ടാക്സേഷൻ നേരിടുന്നുണ്ടെന്ന് അവർ പറഞ്ഞു. കമ്പനികൾ കഴിവുള്ള ഉദ്യോഗാർഥികളെ തിരയുകയാണ്. അവർക്ക് ആവശ്യമായ സാങ്കേതിക പരിശീലനം നൽകും. യു.എസ് ടാക്സേഷൻ മറ്റ് രാജ്യങ്ങളിൽ തുറക്കുന്ന ഓഫീസുകളിൽ ടാക്സേഷൻ വിദഗ്ധരുടെ സേവനം ഉണ്ടായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
തൊഴിൽ നൈപുണ്യമുള്ള പ്രൊഫഷണലുകളും നിക്ഷേപസൗഹൃദ അന്തരീക്ഷവുമുള്ള കേരളം യു.എസ് നികുതി വ്യവസായ കമ്പനികൾക്ക് പ്രവർത്തിക്കാൻ അനുയോജ്യമായ ഇടമായിരിക്കുമെന്ന് നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി പി.രാജീവ് പ്രതിനിധികളെ അറിയിച്ചു.
“യു.എസ് കമ്പനികൾക്ക് അനുയോജ്യമായ ടാക്സേഷനിലും അക്കൗണ്ടിംഗിലും വൈദഗ്ധ്യമുള്ള ഉദ്യോഗാർഥികൾ കേരളത്തിലുണ്ട്. കേരളത്തിലെ മികച്ച വിദ്യാഭ്യാസ നിലവാരവും നൈപുണ്യ ശേഷിയും അടിസ്ഥാന സൗകര്യങ്ങളും ശക്തമായ കണക്റ്റിവിറ്റിയും നിക്ഷേപകർക്ക് അനുയോജ്യമായ അന്തരീക്ഷം ഒരുക്കും. സംസ്ഥാനത്തെ ഈ സാധ്യതകൾ കമ്പനികൾക്ക് പ്രയോജനപ്പെടുത്താനാകും. 2023 ലെ കേരള വ്യവസായ നയത്തിൽ നിക്ഷേപ സാധ്യതയുള്ള 22 മേഖലകളെ സർക്കാർ കണ്ടെത്തിയിട്ടുണ്ട്. ഈ മേഖലകളിൽ നിന്നാണ് നിക്ഷേപങ്ങൾ ഉദ്ദേശിക്കുന്നത്”.
നിക്ഷേപകർക്ക് മികച്ച ഇൻസെൻറീവുകൾ വ്യവസായ നയം വാഗ്ദാനം ചെയ്യുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല :
2027 ഓടെ വ്യവസായ മേഖലയിൽ നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപം സൃഷ്ടിക്കുന്നതിനുമായി ഇൻഡസ്ട്രി 4.0 വ്യാവസായിക അന്തരീക്ഷം കെട്ടിപ്പടുക്കാനാണ് കേരള വ്യവസായ നയം ലക്ഷ്യമിടുന്നത്. കേരളം അതിവേഗം വൈജ്ഞാനിക സമ്പദ് വ്യവസ്ഥയായി മാറിക്കൊണ്ടിരിക്കുകയാണ്. നൈപുണ്യ ശേഷിയുളളവരുടെ ഒരു സമൂഹവും ഇതിലൂടെ രൂപപ്പെടും. കൊച്ചിയിലെ നിർദിഷ്ട ഗ്ലോബൽ ഇൻഡസ്ട്രിയിൽ ഫിനാൻസ് ആൻഡ് ട്രേഡ് (ഗിഫ്റ്റ്) സിറ്റി ഫിൻടെക് വർധിപ്പിക്കുന്നതിനും മികച്ച ഫിൻടെക് ഹബ്ബുകളുമായി സഖ്യമുണ്ടാക്കുന്നതിനും ഊന്നൽ നൽകുന്ന നവീകരണത്തിനും വളർച്ചയ്ക്കുമുള്ള സംയോജിത കേന്ദ്രമായിരിക്കും. ടാക്സേഷൻ കമ്പനികൾ വരുന്നതിലൂടെ കേരളത്തിലെ സർവ്വകലാശാലകളും ഇൻറർനാഷണൽ ടാക്സേഷൻ സെൻററും സംയുക്തമായി ഇന്നൊവേഷൻ ലാബുകളും, കേരളത്തിലെ പ്രധാന നഗരങ്ങളിൽ ടാക്സേഷൻ ടെക്നോളജി പാർക്കുകളും സ്ഥാപിക്കാം.” സുമൻ ബില്ല നിർദേശിച്ചു.
യു.എസ് ടാക്സേഷൻ വ്യവസായത്തിൻറെ സാന്നിധ്യം വിദ്യാർഥികളെ ദീർഘകാലത്തേക്ക് ഇൻറേൺഷിപ്പ് ചെയ്യാൻ പ്രാപ്തമാക്കുമെന്നും തൊഴിലവസരങ്ങൾ വർധിപ്പിക്കുമെന്നും അസാപ് ചെയർപേഴ്സണും മാനേജിംഗ് ഡയറക്ടറുമായ ഉഷ ടൈറ്റസ് പറഞ്ഞു.
Moss Adams India മാനേജിംഗ് പാർട്ണർ ബാലാജി അയ്യർ, Wipfli ഫിനാൻസ് ഡയറക്ടർ നാഗരാജ രാമണ്ണ, ഡയറക്ടർ വിനോദ് വി, BDO RISE India മാനേജിംഗ് ഡയറക്ടർ സൗരഭ് മുഖർജി, എക്സിക്യൂട്ടീവ് മാനേജിംഗ് ഡയറക്ടർ വിഷ്ണു പട്വാരി, Grant Thornton എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീറാം ശ്രീനിവാസൻ, GR8 Affinity Services Tax Director (India Operations) അനീഷ് എൻ തുടങ്ങിയവർ ഇൻഡസ്ട്രി മീറ്റിൽ പങ്കെടുത്തു.