അതിഥി പോർട്ടൽ രജിസ്ട്രേഷൻ നടപടികൾ സംസ്ഥാനത്തു യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു. സംസ്ഥാനത്തെത്തുന്ന എല്ലാ അതിഥിതൊഴിലാളികളെയും വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്യിക്കുന്നതിനുള്ള തീവ്രയജ്ഞവുമായി തൊഴിൽ വകുപ്പ് മുന്നിട്ടിറങ്ങിക്കഴിഞ്ഞു. അതിഥിപോർട്ടൽ വഴിയുള്ള രജിസ്ട്രേഷൻ നടപടികൾക്ക് സംസ്ഥാനതലത്തിൽ തുടക്കമായി.
കർശന നിർദേശം നൽകി തൊഴിൽ മന്ത്രി
അതിഥി തൊഴിലാളി രജിസ്ട്രേഷൻ സമ്പൂർണമാക്കാൻ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കണമെന്ന് തൊഴിൽ മന്ത്രി വി. ശിവൻകുട്ടി നിർദേശിച്ചു.
സംസ്ഥാനത്തെ എല്ലാ ലേബർ ക്യാമ്പുകളും പരിശോധിച്ച് പ്രവർത്തനം തൃപ്തികരവും പരാതിരഹിതവുമാണെന്ന് ഉറപ്പുവരുത്തണമെന്ന തൊഴിൽ മന്ത്രിയുടെ അടിയന്തിര നിർദ്ദേശത്തെ തുടർന്ന് ഓഗസ്റ്റ് 2 ന് തുടങ്ങിയ പരിശോധനയും നടപടികളും തുടരുകയാണ്. ഇതിനോടകം 425 ക്യാമ്പുകളിലും വർക്ക് സൈറ്റുകളിലുമാണ് പരിശോധന പൂർത്തിയാക്കിയത്. ഇവിടെ 11229 തൊഴിലാളികൾ ജോലിചെയ്യുന്നതായി കണ്ടെത്തി.
കരാർ തൊഴിലാളി നിയമം, ഇതരസംസ്ഥാനതൊഴിലാളി നിയമം, ബിൽഡിംഗ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് ആക്ട് എന്നിവ പ്രകാരം നടത്തിയ പരിശോധനയിൽ ലൈസൻസില്ലാതെയും രജിസ്ട്രേഷനില്ലാതെയുമുള്ള പ്രവർത്തനങ്ങൾ,കൃത്യമായ രജിസ്റ്ററുകൾ സൂക്ഷിക്കാത്ത സാഹചര്യം, വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളുടെ അഭാവം എന്നിവയുമായി ബന്ധപ്പെട്ട് കണ്ടെത്തിയ നിയമലംഘനങ്ങൾക്ക് നോട്ടീസും, വൃത്തിഹീനമായ സാഹചര്യങ്ങളിൽ പാർപ്പിച്ചിരിക്കുന്ന തൊഴിലാളികളെ മാറ്റിപാർപ്പിക്കുന്നതിന് നിർദ്ദേശവും നൽകി.
അതിഥിതൊഴിലാളി രജിസ്ട്രേഷൻ കൂടുതൽ എളുപ്പമാക്കുന്നതിനായി രൂപകൽപന ചെയ്തിട്ടുള്ള അതിഥി മൊബൈൽ ആപ്പ് അന്തിമഘട്ടത്തിലാണ്. അതിഥി ആപ്പ് നിലവിൽ വരുന്നതോടെ ക്യാമ്പുകളും നിർമ്മാണസ്ഥലങ്ങൾക്കും തൊഴിൽ വകുപ്പ് ഓഫീസുകൾക്കും പുറമേ ഓരോ അതിഥിതൊഴിലാളിയിലേക്കും നേരിട്ടെത്തുന്ന തരത്തിലുള്ള സമീപനമാണ് സ്വീകരിക്കുക.
അതിഥി രജിസ്ട്രേഷൻ നടപടികൾ ഇങ്ങനെ
സംസ്ഥാനത്തൊട്ടാകെയുള്ള തൊഴിൽ വകുപ്പ് ഓഫീസുകളിലും വർക്ക്സൈറ്റുകളിലും ലേബർക്യാമ്പുകളിലും രജിസ്റ്റർചെയ്യുന്നതിന് സൗകര്യമൊരുക്കി രജിസ്ട്രേഷൻ നടപടികൾ ഊർജ്ജിതമാക്കാനാണ് തീരുമാനം. അതിഥിതൊഴിലാളികൾക്കും, അവരുടെ കരാറുകാർ,തൊഴിലുടമകൾ എന്നിവർക്കും തൊഴിലാളികളെ രജിസ്റ്റർ ചെയ്യാം. athidhi.lc.kerala.gov.in എന്ന പോർട്ടലിൽ മൊബൈൽ നമ്പർ ഉപയോഗിച്ചാണ് പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടത്. പോർട്ടലിൽ പ്രാദേശിക ഭാഷകളിൽ നിർദ്ദേശങ്ങൾ ലഭ്യമാണ്. നൽകിയ വ്യക്തിവിവരങ്ങൾ എൻട്രോളിംഗ് ഓഫീസർ പരിശോധിച്ച് ഉറപ്പുവരുത്തി തൊഴിലാളിക്ക് ഒരു യുണീക് ഐഡി അനുവദിക്കുന്നതോടെ നടപടികൾ പൂർത്തിയാകും.
അതിഥിതൊഴിലാളികളുടെ കൃത്യമായ വിവരശേഖരണവും സാമൂഹിക സുരക്ഷ ഉറപ്പാക്കലുമാണ് ഇതിലൂടെ വകുപ്പ് ലക്ഷ്യമിടുന്നതെന്ന് ലേബർ കമ്മിഷണർ അർജ്ജുൻ പാണ്ഡ്യൻ അറിയിച്ചു. ആവാസ് ഇൻഷുറൻസ് അടക്കമുള്ള എല്ലാ ആനുകൂല്യങ്ങൾക്കും അതിഥി പോർട്ടൽ രജിസ്ട്രേഷൻ വഴി ലഭിക്കുന്ന യുണീക് ഐഡി നിർബന്ധമാക്കുമെന്നും കരാറുകാരും തൊഴിലുടമകളും തൊഴിലാളികളുടെ രജിസ്ട്രേഷൻ ഉറപ്പാക്കണമെന്നും അദ്ദേഹം അറിയിച്ചു. അതിഥിതൊഴിലാളി രജിസ്ട്രേഷൻ കൂടുതൽ എളുപ്പമാക്കുന്നതിനായി രൂപകൽപന ചെയ്തിട്ടുള്ള അതിഥി മൊബൈൽ ആപ്പ് പ്രാബല്യത്തിൽ വരുന്നതോടെ തൊഴിലാളികൾക്ക് പോർട്ടലിലോ ആപ്പിലോ പേര് രജിസ്റ്റർ ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.