ഗെയിമിംഗ് പ്ലാറ്റ്ഫോമുകൾ പ്രദാനം ചെയ്യുന്ന കമ്പനികളുടെ ഇന്ത്യയിലെ അധിക നികുതി ബാധ്യത 45,000 കോടി രൂപയാകുമെന്നു തിട്ടപ്പെടുത്തി സെൻട്രൽ ബോർഡ് ഓഫ് ഇൻ ഡയറക്റ്റ് ടാക്സ് ആൻഡ് കസ്റ്റംസ് (CBIC).
അതെ സമയം ദുരൂഹമായ ഏതാനും ഷെൽ കമ്പനികൾ വഴി ക്രിപ്റ്റോകറന്സികളാക്കി ഗെയിമിങ് ആപ്പുകൾ 700 കോടി രൂപ ഇന്ത്യക്ക് പുറത്തേക്ക് കടത്തിയതായി മുംബൈയിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഗുഡ്സ് ആന്‍ഡ് സർവീസ് ടാക്സ് ഇന്റലിജന്‍സ്(DGGI) നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. സൈപ്രസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പരിമാച്ച് ഉൾപ്പെട്ട ശൃംഖലയാണ് പണം കടത്തിന് പിന്നിലെന്ന് കണ്ടെത്തി.
ഗെയിമിംഗ് പ്ലാറ്റ്ഫോമുകൾ പ്രദാനം ചെയ്യുന്ന സ്ഥാപനങ്ങളുടെ ചരക്ക് സേവന നികുതി (GST) കുടിശ്ശിക സെൻട്രൽ ബോർഡ് ഓഫ് ഇൻ ഡയറക്റ്റ് ടാക്സ് ആൻഡ് കസ്റ്റംസ് അവലോകനം ചെയ്താണ് അധിക നികുതി ബാധ്യത 45,000 കോടി രൂപയാകുമെന്നു കണക്കാക്കിയത്. ജിഎസ്ടി സമ്പ്രദായം രാജ്യത്തു ആരംഭിച്ച 2017 തൊട്ടുള്ള കുടിശ്ശികയാണ് തിട്ടപ്പെടുത്തിയത്.
ഓൺലൈൻ ഗെയിമിംഗ്, കാസിനോകൾ, കുതിരപ്പന്തയം എന്നിവയ്ക്ക് പൂർണ്ണ മൂല്യത്തിൽ 28 ശതമാനം ജിഎസ്ടി ഈടാക്കാൻ സർക്കാരിനെ പ്രാപ്തമാക്കുന്ന കേന്ദ്ര ചരക്ക് സേവന നികുതി നിയമ ഭേദഗതികൾ കേന്ദ്ര മന്ത്രിസഭ ഈയിടെ അംഗീകരിച്ചിരുന്നു. 2017 ജൂലൈ മുതൽ കുടിശ്ശികയുണ്ടെന്നു കണക്കാക്കിയ തുകക്ക് ഈ 28 % നികുതി ചുമത്തുമോ എന്ന കാര്യം വ്യക്തമല്ല.
ഒക്ടോബർ 1 മുതൽ നികുതി ചുമത്താൻ ജിഎസ്ടി കൗൺസിൽ നിർദേശം നൽകിയിരുന്നു. ഭേദഗതികൾ പാസായാൽ ചട്ടങ്ങളും വിജ്ഞാപനം ചെയ്യും.
നിലവിൽ ഓൺലൈൻ ഗെയിമിങ്ങിന്റെ മൊത്തം വരുമാനത്തിന് (ഗ്രോസ് ഗെയിമിങ് റവന്യു-ജിജിആർ) 18% ആണ് നികുതി.
700 കോടി കടത്തിയത് ക്രിപ്റ്റോ കറൻസിയായി
ഗെയിമിങ് ആപ്പുകൾ കോടിക്കണക്കിന് രൂപ ക്രിപ്റ്റോകറന്സികളാക്കി ഇന്ത്യക്ക് പുറത്തേക്ക് കടത്തിയതായി മുംബൈയിലെ DGGI നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. സൈപ്രസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പരിമാച്ച് ഉൾപ്പെട്ട ശൃംഖലയാണ് അതിന് പിന്നിലെന്ന് കണ്ടെത്തി.
ഗെയ്മിങ് ആപ്പുകളുടെ ഇന്ത്യൻ ഉപഭോക്താക്കളിൽ നിന്നും വഴി വിട്ട് 700 കോടി രൂപ ഈ ശൃംഖല സമാഹരിച്ചതായി കണ്ടെത്തി. ഇതില്‍ ഭൂരിഭാഗം തുകയും ക്രിപ്റ്റോകറന്‍സിയാക്കി മാറ്റി വിദേശത്തേക്ക് കടത്തി. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇന്റലിജന്‍സ് വിഭാഗം ഇക്കാര്യം സ്ഥിരീകരിച്ചത്.
പണം ക്രിപ്റ്റോയാക്കി വിദേശത്തേക്ക് കൈമാറിയ ഷെൽ കമ്പനികളുടെ വ്യാജ ഡയറക്ടർമാരെയും ഡി.ജി.ജി.ഐ ചോദ്യം ചെയ്തു. ഇവരില്‍ ഭൂരിഭാഗം പേരും മുംബൈയിലെ ഡ്രൈവർമാരും തെരുവ് കച്ചവടക്കാരും ആയിരുന്നു.
ഡല്‍ഹിയിലെ 50 സ്ഥാപനങ്ങളെയും അവയുമായി ബന്ധപ്പെട്ട വ്യക്തികളെയും കൊല്‍ക്കത്തയിലെ 350ഓളം പേരെയും ഇതിനായി മാസങ്ങളോളം ഇന്റലിജിൻസ് ഉദ്യോഗസ്ഥർ നിരീക്ഷിച്ചു. രാജ്യത്ത് നിയമവിരുദ്ധമായി പ്രവര്ത്തിക്കുന്നവായന ഇത്തരം ഗെയ്മിങ് കമ്പനികളെന്നും കണ്ടെത്തി. ദുബായ് കേന്ദ്രീകരിച്ചാണ് ഈ ശൃംഖലയുടെ പ്രവർത്തനം. ജീവനക്കാരായി നിയമിച്ചിരിക്കുന്നവരും വ്യാജന്മാരാണെന്നു അന്വേഷണത്തിൽ വ്യക്തമായി. പ്രതിഫലം ഓൺലൈനായി ഇവരുടെ അക്കൗണ്ടിലേക്ക് കൈമാറുകയും ചെയ്തിരുന്നു. അജ്ഞാത വ്യക്തികളുമായുള്ള ഇ-മെയില്‍, ഫോൺ ബന്ധം മാത്രമാണ് പരിമാച്ചിന് ഇന്ത്യയിലെ ജീവനക്കാരുമായുള്ളതെന്ന് കണ്ടെത്തി.
സമാഹരിക്കുന്ന പണം ഷെൽ കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയാണ് അനധികൃത പണമിടപാടുകാർ ചെയ്തുകൊണ്ടിരുന്നത്. ഇത്തരത്തിൽ കണ്ടെത്തിയ 400 ലധികം ബാങ്ക് അക്കൗണ്ടുകൾ ഇന്റലിജന്‍സ് വിഭാഗം മരവിപ്പിച്ചതായി റിപ്പോർട്ടുണ്ട്.