ചാന്ദ്രദൗത്യത്തിൽ റഷ്യക്ക് വമ്പൻ തിരിച്ചടി. ചന്ദ്രനിലേക്കയച്ച റഷ്യയുടെ പേടകമായ ‘ലൂണ 25’ തകർന്നുവീണു. ഭ്രമണപഥം മാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടമായ ‘ലൂണ 25’ പേടകം ചന്ദ്രനിൽ തകർന്നു വീഴുകയായിരുന്നു. ഇക്കാര്യം റഷ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്താനുള്ള നീക്കം പുരോഗമിക്കുന്നതിനിടെയാണ് ലൂണ തകർന്നുവീണത്. ഇതിന് പിന്നാലെ റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസ്ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു.
ഞായറാഴ്ച ഉച്ചതിരിഞ്ഞ്, ലൂണ -25 ചന്ദ്രോപരിതലത്തിൽ തകർന്നതായി റോസ്കോസ്മോസ് അറിയിച്ചു.
“പേടകത്തിൽ അടിയന്തര സാഹചര്യം ഉടലെടുത്തതിനാൽ ഭ്രമണപഥം കുറയ്ക്കുന്നതിനുള്ള ടാസ്ക്ക് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പേടകവുമായുള്ള ബന്ധവും നഷ്ടപ്പെട്ടിരുന്നു. തകരാർ പരിഹരിക്കാൻ ശ്രമിക്കുകയാണ്”, റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസ് പറഞ്ഞു.
ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ വിക്ഷേപണത്തിന് ശേഷമായിരുന്നു റഷ്യ ലൂണ വിക്ഷേപിച്ചത്. അഞ്ച് പതിറ്റാണ്ടിന് ശേഷം റഷ്യ നടത്തുന്ന ആദ്യത്തെ ചാന്ദ്ര ദൗത്യം കൂടിയായിരുന്നു ലൂണ – 25.
ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ – 3 ജൂലൈ 14 നാണ് വിക്ഷേപിച്ചത്. അതിന് ഏകദേശം ഒരുമാസത്തിന് ശേഷമാണ് റഷ്യ ലൂണ വിക്ഷേപിച്ചത്. ചാന്ദ്രയാൻ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിന് മുമ്പേ ലൂണ 25 ഇറങ്ങുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
ചന്ദ്രയാൻ -3 ന് രണ്ട് ദിവസം മുമ്പ്, ഓഗസ്റ്റ് 21 ന് ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താൻ ലൂണ -25 ഷെഡ്യൂൾ ചെയ്തിരുന്നു. രണ്ടും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് ചുറ്റുമുള്ള മേഖലയിലാണ് ഇറങ്ങേണ്ടിയിരുന്നത്.
എന്നാൽ ലാൻഡിംഗിന് മുമ്പുള്ള ഭ്രമണപഥത്തിലേക്ക് നീങ്ങാൻ ശ്രമിച്ച റഷ്യൻ ബഹിരാകാശ പേടകം ശനിയാഴ്ച പ്രശ്നങ്ങളിലേക്ക് വഴിമാറുകയായിരുന്നു. പിന്നാലെയാണ് ചന്ദ്രോപരിതലത്തിൽ തകർന്നു വീണത്. ഇനി ഊഴം ഇന്ത്യയുടെ ചന്ദ്രയാൻ3 ന്റേതാണ്.
അഞ്ച് പതിറ്റാണ്ടിനിടയിലെ ആദ്യ ദൗത്യം പരാജയമായത് റഷ്യയെ സംബന്ധിച്ചടുത്തോളം വലിയ തിരിച്ചടിയാണ്.ഇനി കണ്ണുകളെല്ലാം ചന്ദ്രയാനിലേക്ക്
ഇനി ലോകത്തിന്റെ എല്ലാ കണ്ണുകളും ഇപ്പോൾ ചന്ദ്രയാൻ -3 ലേക്ക്. വരുന്ന 23 ബുധനാഴ്ച വൈകിട്ട് 5.45 ഓടെ ചന്ദ്രയാൻ-3 അതിന്റെ ചന്ദ്ര ലാന്ഡിങ്ങിന് തയ്യാറെടുക്കുകയാണ്.
ഇതോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം ഇറങ്ങുന്ന ആദ്യത്തെ ബഹിരാകാശ പേടകമായി ഇന്ത്യയുടെ ചന്ദ്രയാൻ-3 മാറും.
ഞായറാഴ്ച രാവിലെ, ചന്ദ്രയാൻ-3 ലാൻഡർ മൊഡ്യൂൾ ചന്ദ്രോപരിതലത്തിൽ നിന്ന് 25 കിലോമീറ്റർ x 134 കിലോമീറ്റർ അകലെയുള്ള അതിന്റെ പ്രീ-ലാൻഡിംഗ് ഭ്രമണപഥത്തിലേക്ക് നീങ്ങി, ബുധനാഴ്ച അതിന്റെ ഷെഡ്യൂൾ ലാൻഡിംഗിനുള്ള തയ്യാറെടുപ്പിലാണ്.
ഈ ഭ്രമണപഥത്തിൽ നിന്നാണ് ബഹിരാകാശ പേടകം ബുധനാഴ്ച്ച ഇന്ത്യൻ സമയം 17:45 നു ചന്ദ്രനിലേക്ക്ഇറങ്ങുന്നത്. 15 മിനിറ്റിന് ശേഷം ടച്ച്ഡൗൺ പ്രതീക്ഷിക്കുന്നു.
ഭൂമിയിൽ ഏകദേശം 14 ദിവസം വരെ നീളുന്ന ചാന്ദ്ര ദിനത്തിന്റെ തുടക്കത്തിൽ ചന്ദ്രയാൻ -3 സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ബുധനാഴ്ച അതിന്റെ ഷെഡ്യൂൾ ചെയ്ത ഇറക്കത്തിന് തയ്യാറെടുക്കുകയാണെന്നും ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന ISRO അറിയിച്ചു.
Russia’s lunar mission, Luna-25, ended in disappointment as it crashed on the Moon’s surface, bringing its first lunar surface mission in 47 years to a close. This development paves the way for India’s Chandrayaan-3 to potentially make a historic landing near the lunar south pole, positioning itself as a pioneer in lunar exploration.