പൊരുതിത്തോറ്റ പ്രഗ്യാനന്ദക്കിനി ഒറ്റ ലക്ഷ്യമേ മുന്നിലുള്ളു. ലോക ഒന്നാം നമ്പർ ചെസ്സ് പട്ടം. ഇത്തവണ ലോക ഒന്നാം നമ്പർ ചെസ് താരവും അഞ്ച് തവണ ലോക ചാമ്പ്യനുമായ മാഗ്നസ് കാൾസണിനോട് ചെസ് ലോകകപ്പിന്റെ ഫൈനലിൽ പ്രഗ്യാനന്ദ വെറുതെ പൊരുതിത്തോറ്റതല്ല.

ഫൈനലിൽ കയറി കാൾസണെ രണ്ടു ഗെയിമുകളിലും സമനിലയിലാക്കി അടിയറവു പറയിപ്പിച്ച് പിനീട് നടന്ന ടൈബ്രേക്കറിൽ ഇന്ത്യയുടെ യുവ തുർക്കി പരാജയം സമ്മതിച്ചതാണ്. ലോകത്തിന്റെ ആകാംക്ഷകൾ മുഴുവൻ പ്രഗ്യാനന്ദയിലേക്കായിരുന്നു.

ടൈം ബ്രേക്കറിൽ ആദ്യ റാപ്പിഡ് റൗണ്ടിൽ ഒരു മുന്നേറ്റം നടത്താൻ പ്രഗ്യാനന്ദ ആറര മിനിറ്റെടുത്തു. 25 മിനിറ്റ് നീണ്ട കളിയിലെ ആ ഒരു നീക്കം ഇന്ത്യൻ താരത്തെ തിരിച്ചടിച്ചു. ഈ അവസരം കാൾസൺ മുതലെടുത്തു.പ്രഗ്യാനന്ദയുടെ പിഴവ് മുതലെടുത്ത് കാൾസൺ 2.5-1.5 പോയിന്റിന് വിജയിച്ചു.
ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് ചെസ് ലോകകപ്പിന്റെ രണ്ട് ക്ലാസിക്കൽ റൗണ്ടുകൾ സമനിലയിൽ പിരിഞ്ഞത്.
FIDE ലോകകപ്പ് ഫൈനലിലെത്താൻ ടൈ ബ്രേക്കറിൽ ഫാബിയാനോ കരുവാനയെ പ്രഗ്നാനന്ദ പരാജയപ്പെടുത്തി. അങ്ങനെ ഫൈനൽ മത്സരത്തിൽ ലോക ഒന്നാം നമ്പർ മാഗ്നസ് കാൾസണും 29-ാം നമ്പർ ആർ പ്രഗ്നാനന്ദയും നേരിട്ട് ഏറ്റു മുട്ടി. വിശ്വനാഥൻ ആനന്ദിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി പ്രഗ്നാനന്ദ.

കഴിഞ്ഞ ദിവസം നടന്ന ഫൈനലിന്റെ ആദ്യ ഗെയിം തീരുമാനമാകാതെ ആർ പ്രഗ്നാനന്ദയും മാഗ്നസ് കാൾസണും സമനിലയിൽ പിരിഞ്ഞിരുന്നു. തൊട്ടു പിന്നാലെ ബുധനാഴ്ച നടന്ന രണ്ടാം ഗെയിമിൽ ലോക ഒന്നാം നമ്പർ മാഗ്നസ് കാൾസണും 29-ാം നമ്പർ ആർ പ്രഗ്നാനന്ദയും ഒന്നര മണിക്കൂർ നീണ്ട 30 നീക്കങ്ങൾക്ക് ശേഷം വീണ്ടും സമനിലയിൽ പിരിഞ്ഞു. പോരാട്ടം അങ്ങനെ ടൈ ബ്രേക്കിലേക്ക് നീങ്ങുകയായിരുന്നു
18 വയസ്സുകാരനായ പ്രഗ്നാനന്ദ ഇന്ത്യയിലൂടെ ലോകം കണ്ട ഏറ്റവും മികച്ച ചെസ്സ് മാന്ത്രികൻ വിശ്വനാഥൻ ആനന്ദിന് ശേഷം ആരുണ്ട് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം തന്നെയാണ്.
2013-ൽ 7 വയസ്സുള്ളപ്പോൾ അണ്ടർ-8 ലോക യൂത്ത് ചെസ് ചാമ്പ്യൻഷിപ്പ് നേടിയതാണ് ചെസ്സ് പ്രതിഭയുടെ ആദ്യ വിജയം. ഈ വിജയം അദ്ദേഹത്തിന് ഫിഡെ മാസ്റ്റർ പദവി നേടിക്കൊടുത്തു. 2015ൽ അണ്ടർ 10 വിഭാഗത്തിലാണ് താരം വീണ്ടും കിരീടം നേടിയത്.

10 വർഷവും 10 മാസവും 19 ദിവസവും പ്രായമുള്ള പ്രഗ്നാനന്ദ 2016-ൽ ഏറ്റവും പ്രായം കുറഞ്ഞ ഇന്റർനാഷണൽ മാസ്റ്ററായി. അടുത്ത വർഷം 2017-ൽ ലോക ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പിൽ തന്റെ ആദ്യ ഗ്രാൻഡ്മാസ്റ്റർ നോം നേടി.
ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഗ്രാൻഡ് മാസ്റ്റർ എന്ന പദവിയാണ് പ്രഗ്നാനന്ദയെ പിനീട് തേടിയെത്തിയത്.
2018-ൽ 12 വയസ്സും 10 മാസവും 13 ദിവസവും പ്രായമുള്ളപ്പോൾ ഈ നേട്ടം കൈവരിച്ച പ്രഗ്നാനന്ദ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഗ്രാൻഡ് മാസ്റ്ററായി. ഇറ്റലിയിൽ നടന്ന ഗ്രെഡിൻ ഓപ്പണിൽ ലൂക്കോ മൊറോണിയെ തോൽപ്പിച്ചാണ് അദ്ദേഹം ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.
2022-ൽ, ഓൺലൈൻ എയർതിംഗ്സ് മാസ്റ്റേഴ്സിൽ, വിശ്വനാഥൻ ആനന്ദിനും പെന്റല ഹരികൃഷ്ണയ്ക്കും ശേഷം ലോക ചാമ്പ്യൻ മാഗ്നസ് കാൾസണെ തോൽപ്പിക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരനായി പ്രഗ്നാനന്ദ. നിലവിലെ ലോക ചാമ്പ്യനെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു അദ്ദേഹം.

ഏറ്റവുമൊടുവിലിതാ വിശ്വനാഥൻ ആനന്ദിന് ശേഷം ചെസ് ലോകകപ്പ് ഫൈനലിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി.
രമേഷ്ബാബുവിന്റെയും നാഗലക്ഷ്മിയുടെയും മകനായി 2005 ഓഗസ്റ്റ് 10 ന് ചെന്നൈയിലാണ് പ്രഗ്നാനന്ദ ജനിച്ചത്. മൂത്ത സഹോദരി വൈശാലിയും ഒരു ചെസ്സ് കളിക്കാരിയാണ്.