ഇനി ഇന്ത്യ സൂര്യനിലേക്ക്. സൂര്യ പഠന ദൗത്യത്തിന് തയാറെടുക്കുകയാണ് ആദിത്യ L1 ലൂടെ ഇന്ത്യയുടെ ISRO.

ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യം ആദിത്യ എൽ 1 ന്റെ വിക്ഷപണം സെപ്റ്റംബർ 2-ന് നടക്കും. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് രാവിലെ 11.50നാണ് വിക്ഷേപണം.
ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം 15 കോടി കിലോമീറ്റർ ആണെങ്കിലും പിഎസ്എൽവിവിക്ഷേപണ വാഹനത്തിൽ ആദിത്യ എൽ വണ്ണിന്റെ യാത്ര ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് -L1-.
ലഗ്രാഞ്ച് -എൽ വണ്ണിന് ചുറ്റുുമുള്ള ഹാലോ ഓർബിറ്റിൽ പേടകത്തെ സ്ഥാപിക്കുകയാണ് ലക്ഷ്യം.
സൂര്യന്റെയും ഭൂമിയുടെ ഗുരുത്വാകർഷണ ബലം ഏകദേശം തുല്യമായി അനുഭവപ്പെടുന്ന ഇടമാണ് ഒന്നാം ലഗ്രാഞ്ച് പോയിന്റ്. സൗരാന്തരീക്ഷത്തിലെ ബാഹ്യഭാഗത്തെയും (സോളാർ കൊറോണ) സൗര അന്തരീക്ഷത്തെയും കുറിച്ച് പഠിക്കാനാണ് ആദിത്യ-എൽ1 ബഹിരാകാശ പേടകം വിക്ഷേപിക്കുന്നത്.

ആശയവിനിമയങ്ങളും നാവിഗേഷൻ സംവിധാനങ്ങളും തടസ്സപ്പെടുത്തുന്നത് അടക്കം ഭൂമിയിൽ അസ്വസ്ഥതകൾ ഉണ്ടാക്കാൻ സാധ്യതയുള്ള സൗരവാതത്തെക്കുറിച്ചുള്ള പഠനത്തിനും ദൗത്യം സമയം കണ്ടെത്തും. സൂര്യനെ പറ്റിയും ബഹിരാകാശ കാലാവസ്ഥയെ പറ്റിയും കൂടുതൽ വിവരങ്ങൾ നൽകാൻ ആദിത്യ ദൗത്യത്തിന് ആകുമെന്നാണ് പ്രതീക്ഷ.ഭൂമിയുടെ കാലാവസ്ഥയിൽ സൂര്യന്റെ സ്വാധീനം മനസ്സിലാക്കാൻ ദൗത്യത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷ.
ഭൂമിക്കും സൂര്യനും ഇടയിൽ നിലയുറപ്പിച്ച് തടസമില്ലാതെ സൗര നിരീക്ഷണം നടത്താൻ ഒന്നാം ലഗ്രാഞ്ച് പോയിന്റിൽ സ്ഥാപിക്കുന്ന പേടകങ്ങൾക്ക് ആകും. ഏഴ് ശാസ്ത്ര പേ ലോഡുകളാണ് ഉപഗ്രഹത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിസിന്റെ വിസിബിൾ എമിഷൻ ലൈൻ കൊറോണോഗ്രാഫ്, ഐയൂക്കയുടെ സോളാർ അൾട്രാ വയലറ്റ് ഇമേജിംഗ് ടെലിസ്കോപ്പ്, തിരുവനന്തപുരം സ്പേസ് ഫിസികിസ് ലബോറട്ടറിയുടെ പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ എന്നിവ അതിൽ ചിലതാണ്.

ലഗ്രാഞ്ച് പോയിന്റിൽ ഗുരുത്വബലം സന്തുലിതമായതിനാൽ ഇവിടെ പേടകത്തിന് നിലനിൽക്കാൻ കുറഞ്ഞ ഇന്ധനം മതി. ദൗത്യത്തിന് ആവശ്യമായ ചെലവ് ചാന്ദ്രയാൻ മൂന്നിന്റേതിനേക്കാൾ പകുതി മതിയെന്നാണ് റിപ്പോർട്ടുകൾ.

നാസയുടെ അഭിപ്രായത്തിൽ, രണ്ട് വലിയ പിണ്ഡങ്ങളുടെ ഗുരുത്വാകർഷണ ശക്തികൾ “ആകർഷണത്തിന്റെയും വികർഷണത്തിന്റെയും മെച്ചപ്പെടുത്തിയ പ്രദേശങ്ങൾ” സൃഷ്ടിക്കുന്ന ബഹിരാകാശത്തെ സ്ഥാനങ്ങളാണ് ലാഗ്രേഞ്ച് പോയിന്റുകൾ. തത്ഫലമായുണ്ടാകുന്ന ശക്തി സ്ഥാനത്ത് തുടരാനും ഇന്ധന ഉപഭോഗം കുറയ്ക്കാനും ഉപയോഗിക്കാം – ബഹിരാകാശ പേടകങ്ങളുടെ “പാർക്കിംഗ് സ്പോട്ടുകൾ” ആയി ഇതിനെ വിശേഷിപ്പിക്കാം