കേരളത്തിലെ സൂപ്പർമാർക്കറ്റുകൾക്കു എ വി എ ഗ്രൂപ്പിന്റെ ഒരു ഓണ ഓഫറുണ്ട്.
കേരളത്തിൽ സ്വന്തം നിലയിൽ സൂപ്പർമാർക്കറ്റ് നടത്തുന്നവർക്ക് താൽപര്യമുണ്ടെങ്കിൽ നീൽഗിരീസ് ബ്രാൻഡിലേക്കു മാറാം. എവിഎ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ എ.വി. അനൂപ് സൂചിപ്പിച്ചതാണിക്കാര്യം. കാരണം നീൽഗിരീസിന്റെ സൂപ്പർമാർക്കറ്റ് ശൃംഖല ഫ്യൂച്ചർ ഗ്രൂപ്പിൽ നിന്ന് എവിഎ ഏറ്റെടുത്തു കഴിഞ്ഞു.
കിഷോർ ബിയാനി നയിക്കുന്ന ഫ്യൂച്ചർ കൺസ്യൂമർ എന്റർപ്രൈസസിൽ നിന്ന് 67 കോടി രൂപയ്ക്കാണ് നീൽഗിരീസിനെ ഏറ്റെടുത്തത്.
2014ൽ 300 കോടി രൂപയ്ക്കാണ് നീൽഗിരീസിനെ ഫ്യൂച്ചർ വാങ്ങിയത്. അന്ന് 140 സൂപ്പർ മാർക്കറ്റുകൾ ഉണ്ടായിരുന്നു. ബിഗ് ബസാർ ഉൾപ്പെടെ ബ്രാൻഡുകൾ സ്വന്തമായിരുന്ന ഫ്യൂച്ചർ ഗ്രൂപ്പ് സാമ്പത്തിക പ്രതിസന്ധിയിലാണ്.
തമിഴ്നാട്, കേരളം, കർണാടക സംസ്ഥാനങ്ങളിലുള്ള സൂപ്പർ മാർക്കറ്റുകളിലെ പാൽ ഉൽപന്നങ്ങളും ബേക്കറി സാധനങ്ങളും നീൽഗിരീസിന്റെ സ്വന്തം ബ്രാൻഡിലാണ്. ഏകദേശം 40 കോടി രൂപയുടെ വിറ്റുവരവ് ഭക്ഷ്യോൽപന്നങ്ങൾക്കുണ്ട്.
ചെന്നൈ ആസ്ഥാനമായ മലയാളി വ്യവസായ ഗ്രൂപ്പായ എവിഎ, മെഡിമിക്സ് സോപ്പും മേളം കറിപ്പൊടികളും നിർമിക്കുന്നു. ഇവയും ഇനി നീൽഗിരീസ് സൂപ്പർമാർക്കറ്റുകളിൽ ലഭ്യമാകും.
നിലവിൽ 82 ഫ്രാഞ്ചൈസി സൂപ്പർമാർക്കറ്റുകളാണ് നീൽഗിരീസിനുള്ളത്. അവയുടെ എണ്ണം വർധിപ്പിക്കാൻ ഉദ്ദേശിക്കുന്നു. വൻകിട ബ്രാൻഡുകളുടെ മത്സരത്തിൽ പിടിച്ചു നിൽക്കാനാവാത്ത ധാരാളം വ്യക്തിഗത സൂപ്പർമാർക്കറ്റ് സംരംഭകരുണ്ട്.
എല്ലാ സൂപ്പർമാർക്കറ്റുകളിലേയും ഉൽപന്നങ്ങൾക്കായി കേന്ദ്രീകൃത പർച്ചേസ് നടത്തുന്നതിലൂടെ ലഭിക്കുന്ന വൻ ഡിസ്കൗണ്ട് ഫ്രാഞ്ചൈസികൾക്കു കൈമാറാൻ കഴിയുമെന്നതാണ് നേട്ടം.
AVA Group, led by A.V. Anoop, invites independent supermarket owners in Kerala to switch to the Nilgiris brand, acquired from Future Group. Nilgiris, known for its dairy and bakery products, currently has 82 franchise supermarkets with plans for expansion. This move offers franchisees centralized purchasing advantages and significant discounts.