നിങ്ങളുടെ മൊബൈൽ നമ്പർ നിങ്ങളുടെ അവകാശമാണ്, മറ്റേതൊരു സ്വകാര്യ വിവരവും പോലെ. അത് കൈമാറാതിരിക്കുക.
എത്ര മൊബൈൽ നമ്പറുകളുണ്ട് നിങ്ങൾക്ക് സ്വന്തമായി. അതിൽ ഏതെങ്കിലും ഒരു നമ്പർ നിരത്തിലെ യാത്രക്കിടയിൽ ഒരു അപരിചിതൻ ആവശ്യപ്പെട്ടാൽ നിങ്ങൾ നൽകുമോ അതോ, NO എന്ന് പറയുമോ? സ്വാഭാവികമായും NO എന്ന് തന്നെയായിരിക്കും നിങ്ങളുടെ ഉത്തരം. പിന്നെ എന്തിനാണ് സൂപ്പർ മാർക്കറ്റുകളിലും മറ്റു ഷോപ്പുകളിലും നിന്നും നിങ്ങൾ വാങ്ങുന്ന ഉത്പന്നങ്ങൾക്ക് ബിൽ തയാറാക്കുമ്പോൾ ജീവനക്കാർ നിങ്ങളോടു മൊബൈൽ നമ്പർ ആധികാരികമായി ചോദിക്കുന്നതും? ഒരു മടിയും കൂടാതെ നിങ്ങൾ നൽകുന്നതും?
ഒന്ന് ചിന്തിച്ചു നോക്കൂ. അതൊരു പെണ്കുട്ടിയോടായിരുന്നു ചോദ്യമെങ്കിലോ? ആ കുട്ടിയുടെ നമ്പർ ഏതെങ്കിലുമൊക്കെ തരത്തിൽ ദുരുപയോഗം ചെയ്യുവാനുള്ള സത്യത്തെ എത്ര വലുതാണെന്ന് ചിന്തിക്കാവുന്നതേ ഉള്ളൂ.
അങ്ങനെ ഒക്കെ സംഭവിക്കാതിരിക്കട്ടെ. സംഭവിച്ചിലെങ്കിലും നിങ്ങൾ മനസിലാക്കേണ്ടത് നിങ്ങളുടെ ഫോൺ നമ്പർ ഇത്തരത്തിൽ പോകുക ഡിജിറ്റൽ ഡാറ്റാ ബെയ്സിലേക്കാകും. അത് ഉപയോഗിക്കുകയും ദുരുപയോഗിക്കുകയും ചെയുക ഡിജിറ്റൽ മാർക്കറ്റിങ് പ്ലാറ്റ്ഫോമുകളും, ടെലി ബ്രാൻഡുകളും, പിന്നെ മറ്റു ചിലരും. ഇങ്ങനെ നമ്പർ യഥേഷ്ടം നൽകുന്ന നിങ്ങളുടെ അതേ ഫോണിലേക്കു തന്നെ അതേ നമ്പറിൽ വിവിധ ഉത്പന്നങ്ങളുടെ പ്രൊമോഷന്റെയും, തട്ടിപ്പുകളുടെ രൂപത്തിലുമൊക്കെ തിരികെ സന്ദേശങ്ങൾ, ഫോൺ കാളുകൾ എന്നിവ എത്തുന്നത് സ്വാഭാവികം. നിങ്ങൾ തന്നെയല്ലേ അതിനു വഴി ഒരുക്കുന്നതും. അതുകൊണ്ട് അപരിചിതർക്കെന്ന പോലെ ഒരുഔട്ട്ലെറ്റിലും നിങ്ങളുടെ മൊബൈൽ നമ്പർ അനാവശ്യമായി നൽകരുത്. അവർ ബിൽ തയാറാക്കാൻ ഒരു ഡമ്മി നമ്പർ ഉപയോഗിക്കട്ടെ.
മാസങ്ങൾക്കു മുമ്പ് കേന്ദ്രസർക്കാരിന്റെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് പുറപ്പെടുവിച്ച വിവിധ വ്യാപാര സ്ഥാപനങ്ങൾക്കായുള്ള മാർഗനിർദേശത്തിൽ വളരെ വ്യക്തമായി തന്നെ പറയുന്നുന്നുണ്ട് ഉപഭോക്താവ് വിസമ്മതിച്ചാലും ഇത്തരത്തിൽ മൊബൈൽ നമ്പറുകൾ ബിൽ തയാറാക്കുവാനെന്ന പേരിൽ നിർബന്ധമായും ചോദിച്ചു വാങ്ങുന്നത് ഉപഭോക്താവിന്റെ അവകാശങ്ങളുടെ ലംഘനവും, അൺഫെയർ ട്രേഡ് പ്രാക്റ്റീസുമാണെന്ന്. Consumer protection Act 2019 ലെ Section 2 (47) ന്റെ ലംഘനമാണിത്.
ഇത്തരത്തിൽ ശേഖരിക്കപ്പെടുന്ന മൊബൈൽ നമ്പറുകൾ സൂപ്പർ മാർക്കറ്റ് ശൃംഖലകളുടെ ഡാറ്റാ ബെയ്സിലേക്കും, ടെലി മാർക്കറ്റിങ് ബ്രാൻഡുകളുടെ ലിസ്റ്റിലേക്കുമാകും പോകുക. പിന്നെ ഉപഭോക്താവിന്റെ മൊബൈൽ നമ്പറിലേക്കു തുടരെ തുടരെയുള്ള ഫോൺ വിളികളാകും ഉണ്ടാകുക. ഇതാകട്ടെ നേരത്തെ പറഞ്ഞ ആക്ടിലെ Section 2 (47) ന്റെ 9 ആം Sub Section ന്റെ ലംഘനവുമാകും. ഒരു ഉപഭോക്താവ് ഒരു സേവന ദാതാവിനെ വിശ്വസിച്ചു നൽകുന്ന ഒരു സ്വകാര്യ വിവരം ദുർവിനിയോഗം ചെയ്യുന്നത് തീർച്ചയായും കുറ്റകരം തന്നെയാണ്.
ഇവിടെയും തീരുന്നില്ല. 2009 ൽ കൂട്ടിച്ചേർക്കപെട്ട, Information Technology Act 2000 ലെ Section 72A പ്രകാരം ഇത്തരത്തിൽ സ്വകാര്യ വിവരങ്ങൾ ഉപഭോക്താവിന്റെ സമ്മത വിരുദ്ധമായി കൈമാറുന്നത് മൂന്നു വര്ഷം വരെ തടവും, അഞ്ചു ലക്ഷം രൂപ വരെ പിഴയും, രണ്ടും ഒരുമിച്ചും ലഭിക്കാവുന്ന കുറ്റമാണ്.
കേന്ദ്രം അടുത്തിടെ പാസ്സാക്കിയ Digital Personal Data Protection Act 2023 ൽ നിർഭാഗ്യവശാൽ പ്രാധാന്യം സോഷ്യൽ മീഡിയ ആപ്പുകളുടെ ദുരുപയോഗത്തിനാണ്. അവരുടെ വീക്ഷണത്തിൽ അപ്പുകളാണ് പ്രധാനമായും ഡിജിറ്റൽ മീഡിയ. ഈ നിയമത്തിലും വേണ്ടത് അടിയന്തിര ഭേദഗതികളാണ്. നിരവധി വഴികളാണ് ഇത്തരം ഡിജിറ്റൽ ചട്ട ലംഘനങ്ങളിൽ നിന്നും രക്ഷപെടാൻ നിലവിലുള്ളത്. ഒരു വ്യക്തി തന്റെ ബ്ലോഗിൽ തന്റെ സ്വകാര്യ വിവരങ്ങൾ നൽകുകയും, അത് അനുവാദമില്ലാതെ തന്നെ മറ്റൊരു ഏജൻസി ഉപയോഗിക്കുകയും ചെയ്താൽ ഡിജിറ്റൽ പേർസണൽ ആക്ട് ബാധകമല്ല എന്ന്പറയുന്നുണ്ട്.
കേന്ദ്ര ഉപഭോക്തൃ വകുപ്പ് നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങളുണ്ട്. ബിൽ ജനറേറ്റ് ചെയുവാൻ മൊബൈൽ നമ്പർ ആവശ്യപ്പെടുന്നത് ഉപഭോക്താവിന്റെ അവകാശങ്ങളുടെ ലംഘനമാണെന്ന് വിവരങ്ങൾ ചൂണ്ടിക്കാട്ടി ഇത്തരം ഔട്ട്ലെറ്റുകളിൽ അറിയിപ്പുകൾ നിർബന്ധമാക്കുക. അങ്ങനെ ഈ വിവരങ്ങൾ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ സാധിക്കും.
ഉപഭോക്താവിന്റെ ശ്രദ്ധക്ക്; വാങ്ങുന്ന സാധനത്തിന്റെ ബിൽ ജനറേറ്റ് ചെയുവാൻ മൊബൈൽ നമ്പർ കൂടിയേ തീരൂ എന്ന് നിങ്ങളോട് കടയുടമയോ ജീവനക്കാരോ നിർബന്ധം പിടിച്ചാൽ ഏതെങ്കിലും ഒരു ഡമ്മി നമ്പർ ഉപയോഗിച്ച് ബിൽ തയാറാക്കാൻ നിങ്ങൾ ആവശ്യപ്പെടുക. എന്നിട്ടു എന്ത് സംഭവിക്കുമെന്ന് നോക്കുക. ബിൽ ജെനെറേറ്റ് ആകുക തന്നെ ചെയ്യും. നമ്മുടെ സ്വകാര്യ വിവരങ്ങളും, അവകാശങ്ങളും രാജ്യത്തെ ഉപഭോക്തൃ, IT നിയമങ്ങളാൽ സംരക്ഷിക്കപെട്ടവയാണെന്നു ഒരു ധാരണ ഉണ്ടായിരിക്കുക.