ഒരു ചെറിയ സ്റ്റാർട്ടപ്പിൽ നിന്ന് ഇന്ത്യയിലെ പ്രമുഖ ഓഡിയോ ഇലക്ട്രോണിക്സ് കമ്പനിയിലേക്കുള്ള ബോട്ടിന്റെ യാത്ര അത്ര എളുപ്പമുള്ളതായിരുന്നില്ല.
ബോട്ട്’-boAt- ഓഡിയോ രംഗത്തെ അതികായന്മാരായ സോണിക്കും ഫിലിപ്സിനുമൊപ്പം പടവെട്ടി വിപണി പിടിച്ചെടുത്ത ഒരു സ്റ്റാർട്ടപ്പ് ആണ്. അതിനു ശേഷം എത്രയോ ഓഡിയോ ബ്രാൻഡുകൾ നമ്മെ തേടിയെത്തി. എന്നാൽ ഇന്നും ഇന്ത്യക്കാർ ആദ്യം തേടുന്നത് ബോട്ടിനെത്തന്നെ. ഇന്നിതാ 2800 കോടിയുടെ വരുമാനമുള്ള ഇന്ത്യൻ സ്റ്റാർട്ടപ്പിന്റെ കഥയാണ് ബോട്ടിനു പറയാനുള്ളത്. അമൻ ഗുപ്ത എന്ന ചെറുപ്പക്കാരൻ സമീർ മേത്തക്കൊപ്പം തന്റെ ചെറിയൊരു ഗ്യാരേജിൽ വയറുകൾ ഉണ്ടാക്കി വിൽക്കുന്ന ഒരു സ്റ്റാർട്ടപ്പ് ആയി തുടങ്ങിയതാണ് boAt. വെറും അഞ്ച് വർഷത്തിനുള്ളിൽ വയർലെസ് സ്പീക്കറുകളുടെയും ഇയർഫോണുകളുടെയും ഇന്ത്യയിലെ മുൻനിര വിതരണക്കാരിൽ ഒരാളായി മാറി. ഇന്നിതാ ഓരോ മിനിറ്റിലും 4 യൂണിറ്റുകൾ വിൽക്കുന്നതായും ഓരോ ദിവസവും 6,000 യൂണിറ്റിലധികം വിൽപ്പന നടത്തുന്നതായും ബോട്ട് അവകാശപ്പെടുന്നു.
അമൻ ഗുപ്ത സഹ സ്ഥാപകൻ സമീർ ഗുപ്തക്കൊപ്പം 2014ൽ സ്ഥാപിച്ചതാണ് ബോട്ട് (boAt). സംഗീതത്തിലും സാങ്കേതികവിദ്യയിലും താൽപ്പര്യമുണ്ടായിരുന്ന അമൻ ഉയർന്ന നിലവാരമുള്ള ഓഡിയോ പ്രൊഡക്ടുകൾ ഇന്ത്യൻ വിപണിയിലേക്ക് കൊണ്ടുവരുന്ന ഒരു കമ്പനി സൃഷ്ടിക്കാൻ ആഗ്രഹിച്ചു. ആദ്യം, സോണിയും ഫിലിപ്സും കൈയ്യടക്കി വെച്ചിരിക്കുന്ന വിപണിയിൽ ശ്രദ്ധ ലഭിക്കാൻ ബുദ്ധിമുട്ടായിരുന്നു. എന്നാൽ നൂതന ഉൽപ്പന്നങ്ങളുടെ ഒരു ശ്രേണി തന്നെ അവതരിപ്പിക്കുകയും, സോഷ്യൽ മീഡിയയിൽ ശക്തമായ സാന്നിധ്യം കെട്ടിപ്പടുക്കുകയും ചെയ്തതോടെ അമൻ വിജയം കണ്ടു തുടങ്ങി.
ആദ്യ ആശയം മെയ്ക് ഇൻ ഇന്ത്യ
ഒരു പക്ഷെ മെയ്ക് ഇൻ ഇന്ത്യ എന്ന ആശയം ആദ്യമായി മനസ്സിൽ കണ്ടതും നടപ്പാക്കിയതും അമൻ ഗുപ്ത- സമീർ മേത്ത ടീമായിരിക്കാം. ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ കൂടുതൽ പ്രിയം ലഭിച്ചതോടെ സ്വദേശി ഉൽപന്നങ്ങളുടെ ആവശ്യകതയെക്കുറിച്ച് അവർ ബോധവാന്മാരായി. ഇന്ത്യൻ ഉപഭോക്താക്കൾക്ക് ന്യായമായ വിലയിൽ മികച്ച സാധനങ്ങൾ വാഗ്ദാനം ചെയ്യുന്നതിലാണ് അവർ പ്രാഥമികമായി ശ്രദ്ധ കേന്ദ്രീകരിച്ചത്.
തുടക്കം ഗാരേജിലെ സ്റ്റാർട്ടപ്പായി, 5 വർഷം കൊണ്ട് കോടികളുടെ വരുമാനം
ആദ്യം, കേബിളുകൾ ഉണ്ടാക്കി വിറ്റാണ് കച്ചവടം തുടങ്ങിയത്. ഇപ്പോൾ പോർട്ടബിൾ ട്രാവൽ ചാർജറുകൾ മുതൽ ഹൈ-എൻഡ് ഹെഡ്‌സെറ്റുകൾ വരെയുള്ള ഓഡിയോ ഗാഡ്‌ജെറ്റുകൾ വിൽക്കുന്ന ഒരു അറിയപ്പെടുന്ന ആഗോള ബ്രാൻഡായി ഇത് മാറിക്കഴിഞ്ഞു.
ഇന്ന് വയർ-ഫ്രീ ഓഡിയോയുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ബ്രാൻഡുകളിലൊന്നാണ് ബോട്ട്.
ഇന്ത്യയിൽ, കൺസ്യൂമർ ഇലക്‌ട്രോണിക്‌സ് സ്റ്റാർട്ടപ്പ് ആയ ബോട്ട്, വെയറബിൾസ്, വയർലെസ് ഓഡിയോ ആക്‌സസറീസ് വിപണികളിൽ അതിന്റെ ആധിപത്യം നിലനിർത്തുന്നു. തുടർച്ചയായ രണ്ട് സാമ്പത്തിക വർഷങ്ങളിൽ 2020-21ലും, 2021-22 ലും കമ്പനിയുടെ വരുമാനം ഇരട്ടിയിലധികം വർദ്ധിച്ചു. എന്നിരുന്നാലും, കമ്പനിയുടെ ലാഭം 2022 സാമ്പത്തിക വർഷത്തിൽ 20% കുറഞ്ഞിട്ടുണ്ട്. 2022 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ ബോട്ടിന്റെ വരുമാനം 2.2 മടങ്ങ് വർധിച്ച് 2,873 കോടി രൂപയായി ഉയർന്നിട്ടുണ്ട്. വിപണിയെ ആകർഷിക്കുകയെന്ന നൂതന ഉൽപ്പന്നങ്ങളും, വിപണന തന്ത്രവുമാണ് ഇന്ത്യൻ വിപണിയുടെ വലിയൊരു പങ്ക് പിടിച്ചെടുക്കാൻ സാധിച്ചതിന് കാരണം.
സ്റ്റാർട്ടപ്പുകൾ മാതൃകയാക്കണം ഈ വിപണന തന്ത്രം
ബോട്ട് വിപണിയിലേക്ക് പ്രവേശിക്കുമ്പോൾ ഇന്ത്യക്കാർക്ക് സൗണ്ട് അല്ലെങ്കിൽ ഓഡിയോ സിസ്റ്റമെന്നാൽ സോണിയും, ഫിലിപ്സുമൊക്കെ ആയിരുന്നു. ആ കാലത്താണ് ബോട്ട് വയർലെസ് സൗണ്ട് സിസ്റ്റം എന്ന ആശയവുമായി വിപണിയിലേക്ക് പ്രവേശിക്കുന്നത്. 2013 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ വിൽപ്പനയും, ഉൽപ്പാദനവും ഒരുമിച്ച് കൊണ്ടുപോവാൻ കമ്പനി വളരെയധികം ബുദ്ധിമുട്ടി. 2016-ൽ മാർക്കറ്റിംഗ് തന്ത്രം മാറ്റാൻ ബോട്ട് തീരുമാനിച്ചു. ചിക് ടെക്നോളജി ഗാഡ്‌ജെറ്റുകൾ വിൽക്കുന്ന ഒരു ലൈഫ്‌സ്‌റ്റൈൽ കമ്പനിയായി അവർ മാറി. എല്ലാ പ്രായത്തിലുമുള്ള വ്യക്തികൾക്ക് ആക്‌സസ് ചെയ്യാവുന്നതും സ്റ്റൈലിഷും ദീർഘകാലം നിലനിൽക്കുന്നതുമായ ഓഡിയോ ആക്‌സസറികൾ ലഭ്യമാക്കുക എന്നതായിരുന്നു ബ്രാൻഡിന്റെ പ്രാഥമിക ലക്ഷ്യം.
പിന്നീട് കമ്പനിക്കു തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ആ ലക്‌ഷ്യം ഇന്നും വിജയകരമായി തുടരുന്നു .