ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയമായ ഇൻസ്റ്റന്റ് മെസേജിങ് ആപ്പ് വാട്സ്ആപ്പ് (WhatsApp) ഇപ്പോൾ തങ്ങളുടെ UI പ്ലാറ്റ്ഫോം അടിമുടി മാറാൻ ഒരുങ്ങുന്നു. വാട്സ്ആപ്പിന്റെ യൂസർ ഇന്റർഫേസ് അഥവാ യുഐ ഡിസൈൻ പുതുക്കാനാണ് വാട്സ്ആപ്പ് തീരുമാനിച്ചിരിക്കുന്നത്.
വാട്സ്ആപ്പ് പ്ലാറ്റ്ഫോമിൽ കാര്യമായ യുഐ ഡിസൈൻ മാറ്റങ്ങളാണ് വരുന്നത്. ഓപ്ഷനുകളുടെ സ്ഥാനം മാറുന്നതും ആപ്പിൽ കാണുന്ന പച്ച നിറം ഭാഗികമായി ഒഴിവാക്കുന്നതും, ചാറ്റ് ഫിൽറ്റർ ഓപ്ഷനും ഇതിൽ ഉൾപ്പെടുന്നു.
പുതിയ യൂസർ ഇന്റർഫേസ് ഡിസൈനിൽ വരുന്ന പ്രധാന മാറ്റം പുതിയ ലുക്കാണ്. പച്ച നിറം ഒഴിവാക്കിയാകും വാട്സ്ആപ്പ് പുതിയ ഡിസൈൻ അവതരിപ്പിക്കുക.
വാട്സ്ആപ്പിന്റെ പുതിയ യൂസർ ഇന്റർഫേസ് യുവാക്കൾക്കും പ്രായം കുറഞ്ഞവർക്കും മറ്റ് പല ആപ്പുകളും ഉപയോഗിക്കുന്നവർക്കും എളുപ്പത്തിൽ പരിചയമാകുമെങ്കിലും പ്രായമായ ആളുകൾക്കും ഫോൺ അധികം ഉപയോഗിക്കാത്തവർക്കും പതിയ യുഐ ഡിസൈൻ വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഉറപ്പാണ്.
അടുത്തിടെ പുറത്ത് വന്ന ബീറ്റ പതിപ്പിൽ പുതിയ യുഐ ഡിസൈൻ കാണാം. ഈ ഡിസൈനിൽ പച്ച നിറം ഒഴിവാക്കുന്നതിനൊപ്പം തന്നെ മറ്റ് പല ഘടകങ്ങളിലും വാട്സ്ആപ്പ് മാറ്റങ്ങൾ വരുത്തിയിരിക്കുന്നതായി കാണാം. വാബെറ്റഇൻഫോ -WABETAINFO- പുറത്ത് വിട്ട സ്ക്രീൻഷോട്ട് അനുസരിച്ച് വാട്സ്ആപ്പ് മെസേജിങ് ആപ്പിന്റെ യുഐയിൽ വലിയ മാറ്റങ്ങളാണ് വരാൻ പോകുന്നത്. സ്റ്റാറ്റസ്, ചാറ്റ്സ്, അതർ ടാബ്സ് തുടങ്ങിയ നാവിഗേഷൻ ബാറുകൾ നിലവിൽ മുകൾ വശത്താണ് ഉള്ളതെങ്കിൽ ഇത് താഴത്തെ ഭാഗത്തേക്ക് നീക്കം ചെയ്യുന്നതാണ് യുഐയിലെ പ്രധാന അപ്ഡേറ്റ്.
മാറും പച്ച നിറം
പുതിയ യുഐ ഡിസൈൻ അനുസരിച്ച് കമ്മ്യൂണിറ്റീസ് ടാബിനായി വാട്ട്സ്ആപ്പ് പുതിയ ഇടം ഉറപ്പാക്കും. നിലവിൽ വാട്സ്ആപ്പ് ആപ്പിൽ കാണുന്ന പച്ച നിറം പൂർണമായും ഒഴിവാക്കാൻ കമ്പനി ഒരുക്കമല്ല. തിരിച്ചറിയാനാകാത്ത ചെറിയൊരു മാറ്റത്തിലൂടെ വാട്സ്ആപ്പിന്റെ ലോഗോ പച്ചയാക്കി മാറ്റുകയാണ് ചെയ്യുന്നത്. ആപ്പിന്റെ താഴെ വലത് കോണിലുള്ള മെസേജ് ബട്ടണിലും ഇതേ ഷേഡ് തന്നെ നൽകുന്നതായിരിക്കും പുതിയ ഡിസൈൻ.
ചാറ്റുകൾക്കു ഫിൾട്ടർ ഓപ്ഷനുകൾ
വാട്സ്ആപ്പ് ചാറ്റുകളുടെ മുകളിൽ പുതിയ ഫിൽട്ടർ ഓപ്ഷനുകളും കമ്പനി നൽകും. ഓൾ, അൺറീഡ്, പേഴ്ണൽ, ബിസിനസ് എന്നിങ്ങനെ മെസേജുകളെ ഫിൾട്ടർ ചെയ്യാനുള്ള ഓപ്ഷനാണ് പുതിയ യുഐ ഡിസൈനിൽ വാട്സ്ആപ്പ് നൽകുന്നത്. ഈ ഫിൽട്ടറുകൾ ആളുകൾക്ക് ആവശ്യമുള്ള മെസേജുകൾ വേഗത്തിൽ കണ്ടെത്താൻ സഹായിക്കും. ഈ ചാറ്റ്ഫീൾട്ടർ ഫീച്ചറിന്റെ പ്രവർത്തനം എങ്ങനെയാണ് എന്നത് വാട്സാപ്പ് ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
ചാറ്റ് ഫിൾട്ടർ ഓപ്ഷനിൽ നിന്നും നിങ്ങൾ ഒരു പ്രത്യേക ഫിൽട്ടർ തിരഞ്ഞെടുക്കുമ്പോൾ ഈ വിഭാഗം പച്ചയായി മാറും. വാട്സ്ആപ്പ് ആപ്പിന്റെ മുകളിൽ ഒരു പ്രൊഫൈൽ ഐക്കൺ ചേർക്കുന്നതായും സൂചനകളുണ്ട്. സെർച്ച് ബാർ ഐക്കണും മുകളിലുള്ള ക്യാമറ ഐക്കണും അതേപടി നിലനിർത്തിയാകും വാട്സ്ആപ്പിന്റെ പുതിയ യുഐ ഡിസൈൻ വരുന്നത്.
വാട്സ്ആപ്പിന്റെ ആൻഡ്രോയിഡ് 2.23.13.16 വേർഷൻ ബീറ്റ അപ്ഡേറ്റിലാണ് പുതിയ ഡിസൈൻ കണ്ടെത്തിയത്. പുതിയ യുഐയിൽ അപ്ഡേറ്റ് ചെയ്ത മെറ്റീരിയൽ ഡിസൈൻ 3 യുഐ ഘടകങ്ങൾ നൽകിയിട്ടുണ്ട്. നവീകരിച്ച ഡിസൈൻ ഇപ്പോഴും പരീക്ഷിച്ച് വരികയാണ്. ഇതിൽ കൂടുതൽ മാറ്റങ്ങൾ വരുത്തി വൈകാതെ തന്നെ എല്ലാവർക്കുമായി ഈ ഡിസൈൻ വാട്സ്ആപ്പ് നൽകുമെന്ന് പ്രതീക്ഷിക്കുന്നു