ലോക്സഭയിലും നിയമസഭയിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം നല്കുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം ലഭിച്ചു. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനും പുറന്തള്ളലുകള്‍ക്ക് ശേഷമാണ് പാര്‍ലമെന്റില്‍ വനിതാ സംവരണം യാഥാര്‍ഥ്യമാകാന്‍ പോകുന്നത്.
തിങ്കളാഴ്ച ചേര്‍ന്ന് പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിലാണ് ബില്‍ അംഗീകരിച്ചത്. ലോക്സഭയിലും നിയമസഭയിലും സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സീറ്റുകളില്‍ സംവരണം നല്‍കുന്നതാണ് ബില്‍.
സ്ത്രീ സംവരണ ബില്ലിന്റെ നാൾവഴികൾ
സ്ത്രീകള്‍ക്ക് ലോക്സഭയിലും നിയമസഭയിലും മൂന്നിലൊന്ന് സംവരണം നല്‍കുകയാണ് സ്ത്രീ സംവരണ ബില്ലിലൂടെ ലക്ഷ്യം വെക്കുന്നത്. 180-ാമത് ഭരണഘടനാ ഭേദഗതിയില്‍ 2008-ലാണ് ആദ്യമായി വനിതകള്‍ക്ക് 33 ശതമാനം സീറ്റ് സംവരണം ആവശ്യപ്പെട്ട് കൊണ്ട് ബില്‍ അവതരിപ്പിക്കുന്നത്. പട്ടികജാതി-പട്ടിക വര്‍ഗത്തിനും ആംഗ്ലോ-ഇന്ത്യകാര്‍ക്കും ഉപസംവരണം എന്ന നിലയില്‍ 33 ശതമാനം ക്വാട്ടയും ബില്ല് നിര്‍ദേശിക്കുന്നു. ഓരോ നിയോജകമണ്ഡലങ്ങളും മാറിമാറിയായിരിക്കും സംവരണത്തിന് കീഴില്‍ വരിക. പാസായാല്‍ 15 വര്‍ഷത്തിന് ശേഷം സ്ത്രീ സംവരണം നിര്‍ത്തലാക്കാനും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.
രാഷ്ട്രീയ മേഖലയില്‍ സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം സ്വതന്ത്ര സമര കാലം മുതലേ ഉയര്‍ന്നിരുന്നു. ഭരണഘടനയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം ആവശ്യപ്പെട്ടുകൊണ്ട് സരോജിനി നായ്ഡു, ബീഗം ഷാ നവാസ് തുടങ്ങിയവര്‍ 1931-ല്‍ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് മെമ്മോറാണ്ടം നല്‍കുകയും ചെയ്തു.
സ്ത്രീപ്രാതിനിധ്യം സംവരണത്തിലൂടെ ഉറപ്പാക്കാൻ രാജീവ് ഗാന്ധി
ലോക്സഭയിലും നിയമസഭയിലും മൂന്നിലൊന്ന് സീറ്റ് സ്ത്രീകള്‍ക്കായി നീക്കിവെക്കാനുള്ള ബില്ല് പാസാകുന്നത് ഇപ്പോഴാണെങ്കിലും സ്ത്രീ സംവരണം എന്ന മുന്‍പേ തന്നെ നിലവിലുണ്ടായിരുന്നു. മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് ഭരണമേഖലകളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം സംവരണത്തിലൂടെ ഉറപ്പാക്കുക എന്ന ആശയം ആദ്യമായി അവതരിപ്പിക്കുന്നത്.
1989-ല്‍ ഭരണഘടനാ ഭേദഗതി ബില്ലിലൂടെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തിയത് സ്ത്രീ ശാക്തീകരണത്തിന് പുത്തന്‍ പാത പാകി. എന്നാല്‍ ലോക്സഭയില്‍ ബില്ലിന് അംഗീകാരം ലഭിച്ചെങ്കിലും രാജ്യസഭയില്‍ ബില്ലിനെ പുറന്തള്ളി. വീണ്ടും 1992-93-ല്‍ അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹ റാവു 72, 73 ഭരണഘടനാ ഭേദഗതികളിലൂടെ തദ്ദേശ സ്ഥാപനങ്ങളില്‍ 33 ശതമാനം സംവരണം കൊണ്ടുവരാന്‍ ശ്രമിച്ചു. ചെയര്‍പേഴ്സണ്‍, വാര്‍ഡംഗങ്ങള്‍ സീറ്റുകളിലേക്കാണ് സംവരണം ഏര്‍പ്പെടുത്തിയത്. ഇരുസഭകളും ബില്‍ അംഗീകരിച്ചതോടെ പൊതുപ്രവര്‍ത്തന മേഖലയില്‍ കൂടുതല്‍ സ്ത്രീകള്‍ മുന്നോട്ടു വന്നു. നിലവില്‍ ഇന്ത്യയില്‍ വിവിധ പഞ്ചായത്തുകളിലും നഗരസഭകളിലുമായി 15 ലക്ഷത്തോളം സ്ത്രീകള്‍ തിരഞ്ഞെടുപ്പിലൂടെ ഭരണമേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് ഈ നിയമം കാരണമായിട്ടുണ്ട്.
മുഖം തിരിച്ച് ലോക്സഭ
1996 സെപ്റ്റംബറില്‍ ദേവ ഗൗഡ സര്‍ക്കാരിന്റെ കാലത്ത് ആദ്യമായി പാര്‍ലമെന്റിലും സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള ബില്‍ അവതരിപ്പിച്ചു. എന്നാല്‍ 81-ാമത് ഭരണഘടനാ ഭേദഗതിയില്‍ അവതരിപ്പിച്ച സ്ത്രീ സംവരണം ലോക്സഭയില്‍ തള്ളി. ഗീതാ മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി ബില്ലിനെ കുറിച്ച് പഠിച്ച് അതേ വര്‍ഷം വീണ്ടും റിപ്പോര്‍ട്ട് അവതരിപ്പിച്ചെങ്കിലും ലോക്സഭയില്‍ അംഗീകാരം ലഭിച്ചില്ല.
പിന്നീട് രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ എ.ബി. വാജ് പേയി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ 12-ാമത് ലോക്സഭയില്‍ ഒരിക്കല്‍ കൂടി ബില്‍ അവതരിപ്പിച്ചു. നിരാശയായിരുന്നു ഫലം. വാജ് പേയ് സര്‍ക്കാരിന്റെ കാലത്ത് 1999, 2002, 2003 വര്‍ഷങ്ങളില്‍ പലപ്പോഴായി ബില്‍ അവതരിപ്പിച്ചപ്പോഴും ഫലം വ്യത്യസ്തമായില്ല.
യുപിഎ സര്‍ക്കാരിന്റെ കാലത്തും ശ്രമിച്ചു
അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം മന്മോഹന് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് സ്ത്രീ സംവരണം ബില്‍ അംഗീകാരത്തിനായി രാജ്യസഭയ്ക്ക് മുന്നിലെത്തി. ലോക്സഭയില്‍ നിന്ന് അനുകൂല നിലപാടുണ്ടാകാത്ത് കൊണ്ടായിരുന്നു ഇത്. 2004-ല്‍ പൊതു മിനിമം പരിപാടിയില്‍ ഉള്‍പ്പെടുത്തി നാല് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു അന്ന് ബില്‍ അവതരിപ്പിച്ചത്. 1996-ല്‍ ഗീതാ മുഖര്‍ജി കമ്മിറ്റി മുന്നോട്ടുവെച്ച അഞ്ചു നിര്‍ദേശങ്ങളും ബില്ലില്‍ ഉള്‍പ്പെടുത്തിയിരുന്നു. 2008 മെയ് ഒമ്പതിന് സ്ഥിരം സമിതിക്ക് മുന്നില്‍ നിയമനിര്‍മാണത്തിനായി അയച്ചു. തൊട്ടടുത്ത വര്‍ഷം ഡിസംബര്‍ 17-ന് സ്ഥിരം സമിതി അവതരിപ്പിച്ച റിപ്പോര്‍ട്ടിന് 2010 ഫെബ്രുവരിയില്‍ യൂണിയന് കാബിനറ്റിന്റെ അംഗീകാരം ലഭിച്ചു. അതേവര്‍ഷം മാര്‍ച്ച് ഒമ്പതിന് 186 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ രാജ്യസഭയില്‍ ബില്‍ പാസായി. ഒറ്റ വോട്ടു മാത്രമാണ് ബില്ലിന് എതിരായിരുന്നത്. എന്നാല്‍ ലോക്സഭയില്‍ അവസ്ഥ വ്യത്യസ്തമായിരുന്നു. 2014-ല്‍ ലോക്സഭ പിരിച്ചുവിടുന്നത് വരെ ബില്ലിനെ പരിഗണിക്കുക പോലും ചെയ്തില്ല.
ചരിത്രമെഴുതാൻ മോദി സർക്കാർ
കഴിഞ്ഞ ദിവസം നരേന്ദ്രമോദി സർക്കാരിന്റെ 90 മിനിറ്റ് നീണ്ടു നിന്ന കേന്ദ്രമന്ത്രിസഭായോഗത്തിലായിരുന്നു ബില്‍ വിഷയത്തില്‍ തീരുമാനമായത്. എന്നാല്‍ യോഗത്തിന് ശേഷം മാധ്യമങ്ങളെ അറിയിക്കുന്ന പതിവ് രീതി ഇത്തവണ ഉണ്ടാകാത്തതിനാല്‍ തീരുമാനം ഔദ്യോഗികമല്ല എന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. തിങ്കളാഴ്ച ആരംഭിച്ച അഞ്ചു ദിവസത്തെ പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്‍ അംഗീകരിക്കുമെന്നാണ് സൂചന.
2027-ഓടെ വനിതാ ക്വാട്ട പൂർണമായി നടപ്പാക്കുമെന്നും ‘എംപിമാർക്കുള്ള അഗ്നി പരീക്ഷ’ എന്നുമാണ് പ്രധാനമന്ത്രി നരേന്ദമോദി ബില്ലിനെക്കുറിച്ച് പ്രതികരിച്ചത്.
The Women’s Reservation Bill (WRB) has been a long-debated and highly anticipated piece of legislation in India. This bill seeks to reserve one-third (33%) of the total seats in state legislative Assemblies and the Parliament for women. Additionally, it proposes sub-reservations for Scheduled Castes (SCs), Scheduled Tribes (STs), and Anglo-Indians within the 33% quota. In this article, we will delve into the history of the WRB, its significance, and the journey it has undertaken.