ഏറ്റവും കൂടുതല്‍ മൊബൈല്‍ വരിക്കാരെ സംഭാവന ചെയ്ത രാജ്യം ഇന്ത്യ എന്ന് ആഗോള റിപ്പോർട്ട്.
എറിക്സണ് പുറത്തിറക്കിയ മൊബിലിറ്റി റിപ്പോര്‍ട്ട് പ്രകാരം, 2023 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഏറ്റവും കൂടുതല്‍ മൊബൈല്‍ വരിക്കാരെ സംഭാവന ചെയ്ത രാജ്യം ഇന്ത്യയാണ്. അതേ സമയം ഇന്ത്യയിൽ അനര്‍ഹരുടെ കൈയ്യില്‍ സിം എത്തുന്നില്ലെന്ന് ഉറപ്പാക്കാനായി പുതിയ നിയമങ്ങള്‍ കൊണ്ടുവരികയാണ് സർക്കാർ.
പുതിയ സിം എടുക്കുന്നതിനും, നിലവിലെ സിമ്മുകൾ മാറ്റിയെടുക്കുന്നതിനും ഇനി കർശന നിബന്ധനകൾ ഉണ്ടാകും. സിം കാർഡ് വിൽക്കുന്ന കടകൾക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കുന്നു.
മൊബൈൽ വരിക്കാരിലും ഇന്ത്യ തന്നെ മുന്നിൽ
2023 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഏതാണ്ട് 70 ലക്ഷം പുതിയ മൊബൈല്‍ വരിക്കാർ ഇന്ത്യയിലുണ്ടായി എന്നാണ് എറിക്സണ് പുറത്തിറക്കിയ മൊബിലിറ്റി റിപ്പോര്‍ട്ട്. രണ്ടാം സ്ഥാനത്തുള്ള ചൈനയുടെ വരിക്കാർ 50 ലക്ഷമാണ്. മുപ്പതു ലക്ഷം പുതിയ വരിക്കാരെ ചേര്‍ത്ത യുഎസാണ് മൂന്നാം സ്ഥാനത്ത്.
ആഗോളതലത്തില്‍ മൊത്തം 40 ദശലക്ഷം വരിക്കാരെയാണു പുതുതായി 2023 ഏപ്രില്‍-ജൂണ്‍ മാസത്തില്‍ കൂട്ടിച്ചേര്‍ത്തത്.
ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ആഗോളതലത്തില്‍ മൊത്തം 830 കോടി മൊബൈല്‍ വരിക്കാരുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇന്ത്യൻ 5G വരിക്കാർ കുതിക്കുന്നു
ഇന്ത്യയിലെ 5ജി വരിക്കാര്‍ 2023 അവസാനത്തോടെ ഏകദേശം 10 ദശലക്ഷത്തിലെത്തുമെന്ന് കണക്കാക്കപ്പെടുന്നു. 4ജി, 5ജി വരിക്കാരുടെ എണ്ണത്തില്‍, 1 കോടി 10 ലക്ഷത്തിന്റെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്.
2023 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ആഗോളതലത്തില്‍ 5ജി വരിസംഖ്യയിലുണ്ടായ വർധന 175 ദശലക്ഷമാണ്. ഇതോടെ ആഗോളതലത്തില്‍ മൊത്തം 5ജി വരിക്കാരുടെ എണ്ണം 130 കോടിക്കടുത്ത് എത്തി.
മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സബ്സ്ക്രിപ്ഷനുകളുടെ എണ്ണം 100 ദശലക്ഷം വര്‍ധിച്ച് മൊത്തം 740 കോടിയിലെത്തി.
ഇനി സിം കാർഡ് വാങ്ങുന്നതും വിൽക്കുന്നതും കടുക്കും
സുരക്ഷ മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ സിം കാര്‍ഡിന്റെ കാര്യത്തില്‍ നിയമം കര്ശനമാക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട് വന്നു കഴിഞ്ഞു. പുതിയ സിം കാര്‍ഡ് വേണ്ടവര്‍ക്കും, പഴയ സിം മാറ്റിയെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, ഇ-സിം സേവനം ചെയ്തു നല്കുന്ന കടകള്‍ക്കുമായി നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. സിം കാർഡുകളുടെ ദുരുപയോഗം തടയുക തന്നെ ലക്ഷ്യം.
അനര്‍ഹരുടെ കൈയ്യില്‍ സിം എത്തുന്നില്ലെന്ന് ഉറപ്പാക്കാനാണ് പുതിയ നിയമങ്ങള്‍ നിലവില്‍ ഉപയോഗിച്ച്കൊണ്ടിരിക്കുന്ന സിം കാര്‍ഡിന് കേടുപാടു സംഭവിക്കുകയോ അവ നഷ്ടപ്പെടുകയോ ചെയ്താല്‍ പകരം പുതിയത് ലഭിക്കണമെങ്കില്‍ അതിവിശദമായ വേരിഫിക്കേഷന് വേണ്ടിവന്നേക്കുമെന്നാണ് സൂചന. പുതിയ സിം കാര്‍ഡ് എടുക്കാന്‍ ഏര്‍പ്പെടുത്തുന്ന നിയമങ്ങള്‍, മാറ്റിയെടുക്കുന്നവര്‍ക്കും ബാധകമാക്കിയേക്കും.
സിം ഷോപ്പുകൾക്കും നിയമങ്ങൾ കർശനം
സിം കാര്‍ഡുകള്‍ വില്‍ക്കുന്ന കടകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം. ഇത്തരം കടകളില്‍ ജോലിയെടുക്കുന്നവരുടെ പശ്ചാത്തലം കൃത്യമായി പരിശോധിച്ചിരിക്കണം എന്ന നിബന്ധനയും ഉണ്ടാകും. അങ്ങനെ ചെയ്യാത്ത പക്ഷം ഓരോ കടയ്ക്കും 10 ലക്ഷം രൂപ വരെ പിഴയിട്ടേക്കുമെന്നാണ് സൂചന. ഈ നിയമം 2023 ഒക്ടോബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരുമെന്നുമാണ് വിവരം.