സെമികണ്ടക്ടർ രംഗത്ത് പുതിയ കുതിപ്പിന് തുടക്കമിട്ട് ഇന്ത്യയിലെ ആദ്യത്തെ സെമികണ്ടക്ടർ പാക്കേജിംഗ് പ്ലാന്റിന് തറക്കല്ലിട്ട് യുഎസ് ചിപ്പ് നിർമ്മാണ കമ്പനി Micron.പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിലെ മൈക്രോൺ ടെക്നോളജി പ്രസിഡന്റും സിഇഒയുമായ സഞ്ജയ് മെഹ്റോത്രയുമായി കൂടിക്കാഴ്ച നടത്തി മൂന്ന് മാസത്തിനുള്ളിൽ കമ്പനി അതിന്റെ പ്ലാന്റിന്റെ നിർമ്മാണം ആരംഭിച്ചത്.
യുഎസ് ആസ്ഥാനമായുള്ള US ചിപ്പ് നിർമ്മാണ ഭീമൻ മൈക്രോൺ ടെക്നോളജി (Micron ) ഗുജറാത്തിൽ സെമികണ്ടക്ടർ പാക്കേജിംഗ് പ്ലാന്റിന് തുടക്കമിട്ടു. ഏകദേശം 22,500 കോടി രൂപയുടെ (2.75 ബില്യൺ ഡോളർ) ചിപ്പ് അസംബ്ലിക്കും ഇന്ത്യയിൽ ടെസ്റ്റ് സൗകര്യത്തിനുമാണ് തുടക്കം കുറിച്ചത്. ഗുജറാത്തിലെ സാനന്ദിൽ അസംബ്ലി, ടെസ്റ്റിംഗ്, പാക്കേജിംഗ് പ്ലാന്റിനാണ് മൈക്രോൺ ടെക്നോളജി തറക്കല്ലിട്ടത്.
ഇന്ത്യ ഒരു അർദ്ധചാലക ഹബ്ബായി മാറാനുള്ള യാത്ര ആരംഭിച്ചതായി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാൻ ഇന്ത്യയ്ക്ക് 5 ലക്ഷം കോടി ചിപ്പുകൾ ഉടൻ വേണ്ടിവരുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
കമ്പനിയുടെ അസംബ്ലി, ടെസ്റ്റ്, മാർക്കിംഗ്, പാക്കേജിംഗ് എന്നിവ സാനന്ദിലെ ജിഐഡിസി-II ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ 93 ഏക്കറിലാണ് സ്ഥാപിക്കുന്നത്. ഇത് 18 മാസത്തിനുള്ളിൽ കമ്മീഷൻ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സർക്കാരിന്റെ പിന്തുണയോടെ ഇന്ത്യയിൽ അർദ്ധചാലക അസംബ്ലിയും ടെസ്റ്റ് സൗകര്യവും നിർമ്മിക്കുന്നതിന് 825 മില്യൺ ഡോളർ വരെ നിക്ഷേപിക്കാൻ മൈക്രോൺ പ്രതിജ്ഞാബദ്ധമാണ്.
2.75 ബില്യൺ ഡോളറിന്റെ സംയുക്ത നിക്ഷേപം ഏകദേശം 5,000 നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 15,000 കമ്മ്യൂണിറ്റി തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ 70 വർഷമായി നിരവധി അവസരങ്ങൾ നഷ്ടപ്പെടുത്തിയ രാജ്യത്തിന് ഇത് ചരിത്രപരവും ഇതിഹാസവുമായ നിമിഷമാണെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്- ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.കഴിഞ്ഞ 9-10 വർഷത്തിനുള്ളിൽ ഞങ്ങൾ വമ്പിച്ച മുന്നേറ്റം നടത്തി. ഇത് വളരെ പ്രധാനപ്പെട്ട ഒരു നാഴികക്കല്ലാണ്, മൈക്രോണിന്റെ അത്യാധുനിക പ്ലാന്റ് എല്ലാ നിക്ഷേപകർക്കും മറ്റ് നിർമ്മാതാക്കൾക്കും ആഗോള സെമികണ്ടക്ടർ ഇക്കോസിസ്റ്റത്തിലെ പങ്കാളികൾക്കും വഴികാട്ടിയാകുമെന്നതിൽ എനിക്ക് സംശയമില്ല,” രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
ഇന്ത്യയിലെ ആദ്യത്തെ “സെമിക്കോൺ സിറ്റി” യായി ഗുജറാത്തിലെ ധോലേരയെ മാറ്റുകയാണ് ലക്ഷ്യം. അർദ്ധചാലക നിർമാണ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർക്കായി 50 ശതമാനം സാമ്പത്തിക സഹായം, ഗാന്ധിനഗറിൽ നടന്ന സെമികോൺ ഇന്ത്യ 2023-ൽ, പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നു.ദേശീയ ക്വാണ്ടം മിഷന്റെ അംഗീകാരം, 300-ലധികം കോളേജുകളിൽ അർദ്ധചാലക കോഴ്സുകൾ തുടങ്ങിയ സമീപകാല സംരംഭങ്ങളെക്കുറിച്ചും സെമികോൺ ഇന്ത്യ ചർച്ച നടത്തിയിരുന്നു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 100,000 ഡിസൈൻ എഞ്ചിനീയർമാരെ സൃഷ്ടിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശന വേളയിൽ നടത്തിയ മൂന്ന് പ്രധാന പ്രഖ്യാപനങ്ങളിൽ ഒന്ന് ഇന്ത്യയിൽ കുറഞ്ഞത് 80,000 മുതൽ 1 ലക്ഷം വരെ നേരിട്ടുള്ള തൊഴിലവസരങ്ങൾ സെമികണ്ടക്ടർ മേഖലയിൽ രാജ്യത്ത് സൃഷ്ടിക്കുന്നതിനെക്കുറിച്ചായിരുന്നു.