ആഗോള സാറ്റലൈറ്റ് വിക്ഷേപണ ബിസിനസിന്റെ 60 ശതമാനം വിഹിതം നിയന്ത്രിക്കുന്ന ഇലോൺ മസ്കിന്റെ സ്പേസ് എക്സിന്റെ അടുത്ത ലക്ഷ്യം ഇന്ത്യയാണ്.
വളരുന്ന ഇന്ത്യൻ ഇന്റർനെറ്റ് വിപണിയിൽ എങ്ങനെയെങ്കിലും പ്രവേശിക്കാൻ വിവിധ വഴികൾ നോക്കുകയാണിപ്പോൾ ഇലോൺ മസ്ക് . ഇന്ത്യയിൽ സാറ്റലൈറ്റ് അധിഷ്ഠിത ഇന്റർനെറ്റ് രാജ്യത്തിൻറെ മുക്കിലും, മൂലയിലും എത്തിക്കുക എന്ന ബ്രോഡ് ബാൻഡ് ഫ്രം സ്പേസ് ആശയമാണ് സ്പേസ് എക്സ് മുന്നോട്ടു വയ്ക്കുന്നത്. ഇന്ത്യൻ ബഹിരാകാശ വാണിജ്യ വിക്ഷേപണ മേഖലയിലും സ്റ്റാർലിങ്ക് വിവിധ പദ്ധതികൾ ലക്ഷ്യം വയ്ക്കുന്നുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം, സ്റ്റാർലിങ്ക് പ്രതിനിധികൾ വരും ആഴ്ചകളിൽ ഇന്ത്യൻ അധികൃതരുമായി ചർച്ച നടത്തി കണ്ട് രാജ്യത്തേക്കുള്ള അതിന്റെ പ്രവേശനം ഉറപ്പിക്കാൻ വീണ്ടും ഒരുങ്ങുകയാണ്.
കഴിഞ്ഞ വർഷം 2022 ൽ സ്പേസ് എക്സ് ഇന്ത്യയിൽ ബ്രോഡ്ബാൻഡ്-ഫ്രം-സ്പേസ് സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള ഗ്ലോബൽ മൊബൈൽ പേഴ്സണൽ കമ്മ്യൂണിക്കേഷൻ ബൈ സാറ്റലൈറ്റ് സർവീസ് (GMPCS ) ലൈസൻസിനായി ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന് (ഡിഒടി) അപേക്ഷ നൽകിയിരുന്നു. യുഎസ് ആസ്ഥാനമായുള്ള കമ്പനി പിന്നീട് അത് പിൻവലിച്ചു.
രാജ്യത്ത് GMPCS അനുമതി തേടുന്ന മൂന്നാമത്തെ കമ്പനിയാണ് SpaceX. ഭാരതി ഗ്രൂപ്പിന്റെ പിന്തുണയുള്ള വൺവെബ്, റിലയൻസ് ജിയോ ഇൻഫോകോമിന്റെ സാറ്റലൈറ്റ് വിഭാഗമായ ജിയോ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് എന്നിവയാണ് ജിഎംപിസിഎസ് ലൈസൻസ് ലഭിച്ച മറ്റ് രണ്ട് കമ്പനികൾ. ടാറ്റ ഗ്രൂപ്പ് സാറ്റ്കോം കമ്പനിയായ നെൽകോ; കാനഡയുടെ ടെലിസാറ്റ്; കൂടാതെ ഇ-കൊമേഴ്സ് ഭീമനായ ആമസോണും രാജ്യത്തെ ബഹിരാകാശ ഇന്റർനെറ്റ് വിപണിയിൽ പ്രവേശിക്കാൻ ശ്രമിക്കുകയാണെന്നു റിപ്പോർട്ടുണ്ട്.
അനുമതിക്ക് IN-SPAce കനിയണം
ലൈസൻസ് ലഭിക്കുന്നത് കൊണ്ട് സ്പേസ് എക്സ് രാജ്യത്ത് സേവനങ്ങൾ ലഭ്യമാക്കാൻ തയ്യാറാണെന്ന് അർത്ഥമാക്കുന്നില്ല. കമ്പനിക്ക് ബഹിരാകാശ വകുപ്പിൽ നിന്ന് അനുമതി ആവശ്യമാണ്, അതിനുശേഷം സേവനങ്ങൾ നൽകുന്നതിന് സ്പെക്ട്രം അനുവദിക്കേണ്ടതുണ്ട്. സ്പേസ് എക്സിന് ഇൻ-കൺട്രി എർത്ത് സ്റ്റേഷനുകൾ (സാറ്റലൈറ്റ് ഗേറ്റ്വേകൾ) സ്ഥാപിക്കുകയും അതിന്റെ ആഗോള സാറ്റലൈറ്റ് ബാൻഡ്വിഡ്ത്ത് ശേഷി ഇന്ത്യയിൽ വിന്യസിക്കുകയും ചെയ്യേണ്ടതുണ്ട്. ഈ ക്ലിയറൻസുകൾ ബഹിരാകാശ മേഖലയിൽ സ്വകാര്യ മൂലധനം ആകർഷിക്കാൻ നിയോഗിക്കപ്പെട്ട ഒരു കേന്ദ്ര നിയന്ത്രണ സ്ഥാപനമായ ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ & ഓതറൈസേഷൻ സെന്ററിൽ (IN-SPAce) നിന്ന് ലഭിക്കേണ്ടതുണ്ട്.
ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ഷനുകൾ നൽകുന്നതിന് ലോ-ഓർബിറ്റ് ഉപഗ്രഹങ്ങൾ ഉപയോഗിക്കുന്ന സ്റ്റാർലിങ്കിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ മസ്ക് നേരത്തെ തന്നെ ലക്ഷ്യമിട്ടിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ജൂണിൽ യുഎസിൽ നടത്തിയ കൂടിക്കാഴ്ചയിൽ, സ്റ്റാർലിങ്ക് ഇന്റർനെറ്റ് എത്രയും വേഗം രാജ്യത്തേക്ക് എത്തിക്കാമെന്ന് പ്രതീക്ഷിക്കുന്നതായി മസ്ക് സൂചിപ്പിച്ചിരുന്നു.
“ഇന്ത്യയുടെ ഭാവിയെക്കുറിച്ച് എനിക്ക് അവിശ്വസനീയമാംവിധം ആവേശമുണ്ട്. ലോകത്തിലെ ഏത് വലിയ രാജ്യത്തേക്കാളും കൂടുതൽ ഇന്റർനെറ്റ് സാദ്ധ്യതകൾ ഇൻഡ്യക്കുണ്ടെന്നു ഞാൻ കരുതുന്നു. ഇന്റർനെറ്റ് ഇല്ലാത്തതോ അതിവേഗ സേവനങ്ങൾ ഇല്ലാത്തതോ ആയ വിദൂര ഗ്രാമങ്ങളിൽ സ്റ്റാർലിങ്ക് ജനങ്ങൾക്ക് അവിശ്വസനീയമാംവിധം സഹായകരമാകും”, എന്ന് മസ്ക് അന്ന് പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ഇന്ത്യയിലെ ഇന്റർനെറ്റ് വിപണിയുടെ അനന്ത സാധ്യതകളിൽ ഒരു കൈ നോക്കാൻ എലോൺ മസ്ക്കും രംഗത്തെത്തിയിരിക്കുന്നത്.