ഇന്ത്യയ്ക്ക് പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമായ അക്ഷർധാം നിർമാണം പൂർത്തിയാക്കി ഭക്തരെ വരവേൽക്കാനൊരുങ്ങുന്നു. പുരാത ക്ഷേത്ര വാസ്തു വിദ്യകൾ കൊണ്ട് നിർമിക്കുന്ന ഏറ്റവും വലിയ ആധുനിക ക്ഷേത്രമെന്ന ഖ്യാതിയും അക്ഷർധാമിനാണ്.
അമേരിക്കയിലെ ന്യൂജഴ്‌സിയിൽ റോബിൻസ് വില്ല ടൗൺഷിപ്പിൽ 183 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന അക്ഷർധാം ക്ഷേത്രം ഒക്ടോബർ 8-ന് ഭക്തർക്കായി തുറന്നു നൽകും.
19ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഹൈന്ദവ ആചാര്യൻ സഹ്ജാനന്ദ് സ്വാമി എന്ന സ്വാമിനാരായണനു വേണ്ടിയാണ് ക്ഷേത്രം നിർമിച്ചത്. നിർമാണം പുരോഗമിക്കുമ്പോൾ തന്നെ ആയിരക്കണക്കിന് സഞ്ചാരികൾ ദിവസവും ക്ഷേത്രത്തിലെത്തിയിരുന്നു. ആധുനിക ഹിന്ദൂയിസത്തിന്റെ ഭാഗമായ സ്വാമി നാരാണയൺ ഹിന്ദൂയിസം പിന്തുടരുന്നവരാണ് ക്ഷേത്രത്തിലെ പ്രധാന സന്ദർശകർ.
പണിതത് 12 വർഷമെടുത്ത്
പ്രമുഖ് സ്വാമി മഹാരാജിന്റെ നേതൃത്വത്തിൽ 12 വർഷം കൊണ്ടാണ് ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. 2011-ൽ തുടങ്ങിയ നിർമാണ പ്രവർത്തനങ്ങളിൽ യുഎസിൽ നിന്ന് 12,500-ഓളം സന്നദ്ധ സേവകരും പങ്കാളികളായി. ക്ഷേത്രം തുറക്കുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്ഷേത്രമായി അക്ഷർധാം മാറും. ഡൽഹിയിലെയും ഗാന്ധിനഗറിലെയും സ്വാമിനാരായൺ ക്ഷേത്രങ്ങളെക്കാൾ വലുതാണ് ന്യൂജഴ്‌സിയിലെ അക്ഷർധാം ക്ഷേത്രം.
നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രമാണ് യുനസ്‌കോ പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ച കംബോഡിയയിലെ അങ്കോർ വാട്ട് ക്ഷേത്രം. 500 ഏക്കറിലാണ് അങ്കോർ വാട്ട് ക്ഷേത്രം പണിതിരിക്കുന്നതെങ്കിൽ അക്ഷർധാം പണിതിരിക്കുന്നത് 183 ഏക്കറിലാണ്.
ഭംഗിയേകാൻ ശിൽപചാരുതയും
പുരാതന ക്ഷേത്ര വാസ്തുവിദ്യ ഉൾകൊണ്ട് നിർമിക്കുന്നു ക്ഷേത്രത്തിന്റെ ചുമരുകളിലും തൂണുകളിലും രാമായണ, മഹാഭാര കഥകൾ ചിത്രങ്ങളായി ആലേഖനം ചെയ്തിട്ടുണ്ട്. കൂടാതെ സംഗീതോപകരണങ്ങൾ, നൃത്തരൂപങ്ങൾ, ദേവീദേവ രൂപങ്ങൾ എന്നിങ്ങനെ പതിനായിരത്തിലേറെ ശിൽപ്പങ്ങളും കൊത്തുപണികളുമുണ്ട്. പ്രധാന ശ്രീകോവിലിനു പുറമെ 12 ഉപശ്രീകോവിലുകളും 9 ഗോപുരങ്ങളും 9 പിരമിഡ് ഗോപുരങ്ങളും ക്ഷേത്രത്തിന്റെ വാസ്തുവിദ്യ ഭംഗി വിളിച്ചോതുന്നു.
ബൾഗേറിയ, തുർക്കി, ഇറ്റലി, ഇന്ത്യ, ചൈന തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ചുണ്ണാമ്പുകല്ലടക്കം ഏകദേശം രണ്ട് ദശലക്ഷം ക്യുബിക് അടി കല്ല് നിർമ്മാണത്തിനായി ഉപയോഗിച്ചു. മാർബിളും ഗ്രാനൈറ്റും അലങ്കാര കല്ലുകളും ക്ഷേത്ര നിർമാണത്തിന് ഉപയോഗിച്ചിട്ടുണ്ട്.
ക്ഷേത്രത്തിലെ ബ്രഹ്‌മകുണ്ഡിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള 300-ലധികം പുണ്യ സ്ഥലങ്ങളിൽ നിന്നും നദികളിൽ നിന്നുമുള്ള വെള്ളം ഉപയോഗിച്ചിട്ടുണ്ട്.
പ്രധാന ആരാധനാലയത്തിന് പുറമേ 12 ഉപക്ഷേത്രങ്ങളും അനുബന്ധ നിർമിതികളും രൂപകൽപ്പനയിൽ ഉൾപ്പെടുന്നു. ആത്മീയ നേതാവ് മഹന്ത് സ്വാമി മഹാരാജാണ് ക്ഷേത്രം ഉദ്ഘാടം ചെയ്യുന്നത്. ഒക്ടോബർ 18 മുതലായിരിക്കും സന്ദർശകർക്കായി ഔപചാരികമായി തുറന്നു കൊടുക്കുക.