ഞൊടിയിടയിൽ മാറ്റം വരുന്നത് എന്തിനാണെന്നറിയാമോ? കുട്ടികൾക്ക്.
ഒന്ന് കണ്ണടച്ച് തുറക്കുന്ന വേഗതിയിലാണ് കുട്ടികൾ വളരുന്നത്. നാല് ചക്രമുള്ള ‘കുട്ടിസൈക്കിൾ’ മൂന്ന് വയസ്സുള്ള കുഞ്ഞിന് മേടിച്ച് കൊടുക്കുമ്പോൾ അവരുടെ കാല് പെഡലിൽ എത്തുക പോലുമുണ്ടാകില്ല. ഒരുവർഷം കാത്തിരുന്നാൽ കാണാം, സൈക്കിളിനെക്കാൾ കുട്ടികൾ ഉയരം വെച്ചിട്ടുണ്ടാകും. ആ സൈക്കിൾ പിന്നെ ആരും ഉപയോഗിക്കാതെ വീടിന്റെ ഒരു മൂലയിലും കിടക്കും.
ഇങ്ങനെ മൂലയിലിടുകയും വലിച്ചെറിയും ചെയ്യുന്ന സൈക്കിളുകളെ കണ്ടാണ് നാല് ചെറുപ്പക്കാർ ബെംഗളൂരുവിൽ ഗ്രോക്ലബ്ബ് -GroClub എന്ന സ്റ്റാർട്ട് അപ്പിന് പെഡൽ ചവിട്ടുന്നത്. ഈ സ്റ്റാർട്ടപ്പിന്റെ സൈക്കിളുകൾ വളരില്ല, പക്ഷേ കുട്ടികൾ വളരുന്നതിനനുസരിച്ച് സൈക്കിളുകൾ മാറിമാറിയെടുക്കാം. കുട്ടികളുടെ ഉയരത്തിനൊത്ത സൈക്കിളുകൾ പ്രതിമാസ സബ്സ്ക്രിപ്ഷനിൽ ഊഴം വെച്ച് ഉപയോഗിക്കാൻ പറ്റും. കുട്ടികൾക്ക് മാത്രമല്ല, മുതിർന്നവർക്കുമുണ്ട് GroClub-ൽ സൈക്കിളുകൾ.
സുഹൃത്തുക്കളായ പൃഥ്വി ഗൗഡ, ഹൃഷികേശ് എച്ച്എസ്, രൂപേഷ് ഷാ, സപ്ന എംഎസ് എന്നിവരാണ് 2022 ജനുവരിയിൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാൻ സഹായിക്കുന്ന ഒരു സ്റ്റാർട്ടപ്പായ ഗ്രോക്ലബ്ബ് ആരംഭിച്ചത്.
ആദ്യവർഷം 20 ലക്ഷം രൂപയുടെ വരുമാനമുണ്ടാക്കിയ ഇവർ 2023 ആയപ്പോഴെക്കും 1.5 കോടി രൂപ വരുമാനമുണ്ടാക്കി ഹിറ്റായി. നിലവിൽ 5,300-ഓളം ഉപഭേക്താക്കളും ഇവർക്കുണ്ട്. ആശയം പുതിയതായത് കൊണ്ട് നിലവിൽ സ്റ്റാർട്ട് അപ്പിന് എതിരാളികളൊന്നുമില്ല.
സൈക്കിൾ വീട്ടിലെത്തും
ആവശ്യകാർക്ക് സൈക്കിൾ വീട്ടിലെത്തിച്ചു കൊടുക്കുന്ന സംവിധാനമാണ് ഗ്രോക്ലബ്ബിന്റേത്. സൈക്കിളുകളുടെ അറ്റക്കുറ്റ പണികളും ഗ്രോക്ലബ്ബ് തന്നെ ചെയ്യും. കുട്ടികൾക്കും മുതിർന്നവർക്കും സൈക്കിൾ കിട്ടും പ്രതിമാസം 549 രൂപ മുതലാണ് സബാസ്ക്രിപ്ഷന് ചെലവ് വരിക. ഒരു സൈക്കിൾ നന്നായി സൂക്ഷിച്ചാൽ 10 വർഷം വരെ ഈട് നിൽക്കുമെന്നതിനാൽ ഒരേ സൈക്കിൾ 5 പേർക്ക് വരെ നൽകാൻ സാധിക്കും. ഓരോ ഉപയോഗശേഷവും അറ്റക്കുറ്റപണികൾ ചെയ്താണ് അടുത്ത ആൾക്ക് കൊടുക്കുന്നത്.
ഫണ്ടിങ്ങിലാണ് കരുത്ത്
രണ്ട് കോടി രൂപയുടെ പ്രാരംഭ നിക്ഷേപത്തിലാണ് ഗ്രോക്ലബ്ബ് തുടങ്ങുന്നത്. 4.3 കോടി രൂപയുടെ ഫണ്ടിങ്ങ് നേടാനും സാധിച്ചു. അസെന്റ് ക്യാപിറ്റലിലെ ദീപക് ഗൗഡ അടങ്ങുന്ന ഒരു ഏഞ്ചൽ കൺസോർഷ്യം ആയിരുന്നു ഫണ്ടിങ്ങ് നടത്തിയത്. എം എസ് രാമയ്യ ഗ്രൂപ്പിന്റെ സ്റ്റാർട്ടപ്പ് വിഭാഗമായ രാമയ്യ ഇവലൂട്ടിന്റെ നേതൃത്വത്തിലായിരുന്നു ജൂണിൽ നടന്ന പ്രീ സീഡ് റൗണ്ട്. ബെംഗളൂരുവിന് പുറത്തേക്കും സംരംഭം വിപുലപ്പെടുത്താനും ഗ്രോക്ലബ്ബ് പദ്ധതിയിടുന്നുണ്ട്.
സൈക്കിൾ കൂടാതെ കുട്ടികൾക്കുള്ള കട്ടിലുകൾ, കാർ സീറ്റുകൾ, സ്ട്രോളറുകൾ, ബങ്ക് ബെഡ്സ്, കളിപ്പാട്ടങ്ങൾ എന്നിവ സബ്സ്ക്രിഷൻ രീതിയിൽ നൽകാനാണ് ഗ്രോക്ലബ്ബിന്റെ അടുത്ത പദ്ധതി.