ബാങ്ക് ജീവനക്കാര്‍ ഇടപാടുകാര്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സ്വാമിനാഥന് ജെ (Swaminathan J).
ഇടപാടുകാരിൽ നിന്നും ബാങ്കുകളുടെ ഇടപാട് സംബന്ധിച്ച് വരുന്ന പരാതികൾ, അന്വേഷണങ്ങളുടെ വിഭാഗത്തില്‍ (enquiry) ഉള്‍പെടുത്താറുണ്ടെന്നും ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും സ്വാമിനാഥന് പറഞ്ഞു.
ബാങ്കുകള്‍ക്ക് ടാര്‍ഗറ്റ് പ്രധാനമാണെങ്കിലും ജീവനക്കാര്‍ ഇടപാടുകാരുടെ ആവശ്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്.
ഉപഭോക്താക്കളുടെ സാമ്പത്തിക ആവശ്യങ്ങള്‍ നടപ്പാക്കുന്നതിനൊപ്പം ടാര്‍ഗറ്റിലും ശ്രദ്ധിക്കാം. ഇതിനായി ബാങ്കുകള്‍ പുതിയ നയങ്ങള്‍ കൊണ്ടുവരാന്‍ തയ്യാറാകണം. വിവിധ ബാങ്കുകളിലെ തലവന്മാരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാണിജ്യ സ്ഥാപനങ്ങള്‍ എന്ന നിലയില്‍ ബാങ്കുകള്‍ക്ക് ടാര്‍ഗറ്റുകള്‍ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ടാര്‍ഗറ്റുകള്‍ എത്തിപ്പിടിക്കാനുള്ള പാച്ചിലിനിടയില്‍ പലപ്പോഴും ഇടപാടുകാരെ ശ്രദ്ധിക്കാതെ വന്നെന്നിരിക്കാം. ഉപഭോക്താക്കള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതിന്റെ ആവശ്യകത ബാങ്കുകള്‍ ജീവനക്കാരെ ബോധ്യപ്പെടുത്തണം. ബാങ്കുകള്‍ പലപ്പോഴും വിപണി കണ്ടെത്തുന്നതില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇടപാടുകാര്‍ക്ക് സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട് സേവനമോ ഉപദേശമോ നല്കാന് പലപ്പോഴും ജീവനക്കാര്‍ മെനക്കെടാറില്ല. ഇതില്‍ മാറ്റം വരണം.
ഫിൻടെക്ക് സ്ഥാപനങ്ങളെ ഭീഷണിയായി കാണേണ്ടതില്ല. ഫിന്‍ടെക്കിന്റെ കാര്യത്തില്‍ സംശയമല്ല ദീര്‍ഘവീക്ഷണമാണ് വേണ്ടത്. അവയെ അവസരമാക്കി മാറ്റാന്‍ ബാങ്കുകള്‍ ശ്രമിക്കണം.
ബാങ്കുകൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍
1. ഇടപാടുകാരുമായി മെച്ചപ്പെട്ട ബന്ധം സ്ഥാപിക്കണം.
2. പരാതികളുടെ യഥാര്‍ഥ കാരണം മനസിലാക്കണം.
3. ആദ്യ സംഭാഷണത്തില്‍ തന്നെ പ്രശ്ന പരിഹാരം നിര്‍ദേശിക്കാന്‍ സാധിക്കണം.
4. പരാതികള്‍ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യണം
5. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് തടയിടാന്‍ പറ്റണം.