1600 കോടി രൂപ മുതൽമുടക്കിൽ യു എസ് വിമാന ഭീമൻ ബോയിംഗ് ഇന്ത്യയുടെ ഏറ്റവും വലിയ നിർമാണ കേന്ദ്രം ബംഗളൂരുവിൽ ആരംഭിക്കുന്നു.
ഇത് അമേരിക്കയ്ക്ക് പുറത്ത് ബോയിംഗിന്റെ ഏറ്റവും വലിയ സൈറ്റായിരിക്കും.
കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ദേവനഹള്ളിയിലെ എയ്റോസ്പേസ് പാർക്കിൽ 43 ഏക്കർ വിസ്തൃതിയിലാണ് ഒരു നിർമാണ കോംപ്ലക്സ് ബോയിംഗ് ഇന്ത്യ തുറക്കുക.
നിലവിൽ പ്രതിവർഷം 8,000 കോടി രൂപയുടെ ഉത്പന്നങ്ങളാണ് കമ്പനി ഇന്ത്യയിൽനിന്ന് സംഭരിക്കുന്നത്. ഇത് 10,000 കോടി രൂപയായി ഉയർത്താനാണ് പദ്ധതി.
190 എണ്ണം 737 MAX നാരോബോഡി വിമാനം, 20 787 ഡ്രീംലൈനറുകൾ, 10 എണ്ണം 777 എക്സ് എന്നിവ ഉൾപ്പെടുന്ന 200-ലധികം ജെറ്റുകളുടെ കമ്പനി ഓർഡറുകൾ എയർ ഇന്ത്യ ഒപ്പിട്ടതിന് പിന്നാലെ ഇന്ത്യയിലെ പൈലറ്റുമാരെ പരിശീലിപ്പിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളിലും പ്രോഗ്രാമുകളിലും ബോയിംഗ് 100 മില്യൺ ഡോളർ നിക്ഷേപം ഈ വർഷം ആദ്യം പ്രഖ്യാപിച്ചിരുന്നു.
ബെംഗളൂരു നഗരം വികസിക്കുന്നതോടെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സാമീപ്യവും വരാനിരിക്കുന്ന ബ്ലൂ മെട്രോ ലൈനിന്റെ (കെആർ പുര – യെലഹങ്ക – കെഐഎ) സൗകര്യവും കാരണം ദേവനഹള്ളി നഗരത്തിന്റെ കേന്ദ്രമായി മാറുകയാണ്.
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബോയിങ്ങിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങളിൽ മുംബൈ, ഹിന്ദാൻ, രാജാലി, ന്യൂഡൽഹി എന്നിവിടങ്ങളിലെ ഫീൽഡ് സർവീസ് ഓഫീസുകളും ബെംഗളൂരുവിലും ചെന്നൈയിലും അതിവേഗം വളരുന്ന ബോയിംഗ് ഇന്ത്യ എഞ്ചിനീയറിംഗ് & ടെക്നോളജി സെന്റർ (BIETC) എന്നിവ ഉൾപ്പെടുന്നു.