വികസനക്കുതിപ്പിൽ പായാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (CIAL). സിയാലിന്റെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് ഏഴ് മെഗാ പദ്ധതികൾക്ക് തുടക്കമിടുന്നു.വിമാനത്താവളം ആധുനികമാക്കുക, യാത്രക്കാരുടെ എണ്ണം വർധിപ്പിക്കുക, കയറ്റുനീക്കം ത്വരിതപ്പെടുത്തുക എന്നിവയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. വിനോദസഞ്ചാരം, കാർഷിക മേഖയിലെ വികസനം എന്നിവയെ മുൻനിർത്തിയും പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഇതിനായി ഏഴ് പദ്ധതികളാണ് ഒക്ടോബർ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നത്.
നിർമാണം പൂർത്തിയായ ഇംപോർട്ട് കാർഗോ ടെർമിനൽ (Import Cargo Terminal), ഡിജിയാത്ര, എയർപോർട്ട് എമർജൻസി സർവീസ് ആധുനീകരണം എന്നിവയും ഉദ്ഘാടന പദ്ധതകളിൽ ഉൾപ്പെടുന്നു. അന്താരാഷ്ട്ര ടെർമിനലിന്റെ വികസനം, ഇലക്ട്രോണിക് സുരക്ഷാ വലയം, ഗോൾഫ് ടൂറിസം, എയറോ ലോഞ്ച് എന്നിവയ്ക്ക് അന്നേ ദിവസം മുഖ്യമന്ത്രി തറക്കല്ലിടുകയും ചെയ്യും. മന്ത്രിമാരായ പി. രാജീവ്, കെ. രാജൻ, പിഎ. മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എംപിമാർ, എംഎൽഎമാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
കാർഗോ കാർഷികമേഖലയ്ക്ക്
ദക്ഷിണേന്ത്യയെ ഏറ്റവും മികച്ച കാർഗോ ഹബ്ബാക്കി മാറ്റുകയാണ് സിയാലിന്റെ പുതിയ ഇംപോർട്ട് കാർഗോ ടെർമിനൽ ലക്ഷ്യം വെക്കുന്നത്. വാർഷിക കാർഗോ ശേഷി 2 ലക്ഷം ടണ്ണാക്കി ഉയർത്തുന്നതാണ് പദ്ധതി. കാർഗോയുടെ നിലവിലെ സ്ഥലം മുഴുവനായും കയറ്റുമതി ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തും. ഇതുവഴി സംസ്ഥാനത്തിന്റെ കാർഷിക ഉത്പന്നങ്ങൾക്ക് ലോകോത്തര വിപണി ഉറപ്പാക്കാൻ സാധിക്കും.
എമർജൻസി സർവീസ്
വിമാനത്താവളത്തിലെ അഗ്നി രക്ഷാ സേനയെ എയർപോർട്ട് എമർജൻസി സർവീസായി ആധുനികരിക്കും. ഓസ്ട്രയയിൽ നിന്നുള്ള രണ്ട് ഫയർ എൻജിനുകൾ, മറ്റ് ആധുനിക വാഹനങ്ങൾ എന്നിവ അടിയന്താരാവശ്യത്തിലേക്കുള്ള വാഹനങ്ങളുടെ കൂട്ടത്തിലേക്ക് ചേർക്കും.
ഡിജിയാത്ര
വിമാനത്താവള ടെർമിനലിലെ ഡിപ്പാർച്ചർ പ്രക്രിയ മുഴുവൻ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലഭ്യമാക്കുന്നത് രാജ്യത്തിന് തന്നെ പുതിയതാണ്. സിയാലിന്റെ ഐടി ആൻഡ് കമ്യൂണിക്കേഷൻ വിഭാഗമാണ് ഇതിനാവശ്യമായ സോഫ്റ്റ് വെയർ വികസിപ്പിച്ചെടുത്തത്. 22 ആഭ്യന്തര ടെർമിനൽ ഗെയ്റ്റുകളിൽ യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞ് പ്രവേശനം നൽകാൻ ഇതിലൂടെ സാധിക്കും. ഇതിനായി ബെൽജിയത്തിൽ നിന്ന് ഇ-ഗെയ്റ്റുകൾ ഇറക്കുമതി ചെയ്തിരുന്നു.
തറക്കല്ലിടുന്ന പദ്ധതികൾ
15 ലക്ഷം ചതുരശ്ര അടിയിൽ മൂന്നാമത്തെ ടെർമിനലിന്റെ വടക്ക് ഭാഗത്ത് ഏപ്രൺ പണിയും. അന്താരാഷ്ട്ര ടെർമിലിന്റെ വികസനത്തിനായി 8 എയ്റോ ബ്രിഡ്ജുകൾ ഉൾപ്പെടെ നിർമിക്കും. വിമാനങ്ങൾക്കായി 44 പാർക്കിങ് ബേയും പണിയുന്നുണ്ട്.
എയ്റോ ലോഞ്ചും ഗോൾഫ് ടൂറിസവും
രണ്ടാം ടെർമിനലിന് സമീപം പണികഴിപ്പിക്കുന്ന ‘0484’ ലക്ഷ്വറി എയ്റോ ലോഞ്ച് യാത്രകാർക്ക് വിശ്രമത്തിനുള്ള സൗകര്യം നൽകുന്നു. 42 ആർഭാട ഗസ്റ്റ് റൂമുകൾ, ബോർഡ് റൂം, മിനി കോൺഫറൻസ് ഹാൾ എന്നിവയും ഇതിനോട് അനുബന്ധിച്ച് പണിയുന്നുണ്ട്.
കേരളത്തിലെ ഒരേയൊരു 18 ഹോൾ ഗോൾഫ് കോഴ്സായ സിയാൽ ഗോൾഫ് കോഴ്സിൽ വിനോദ സഞ്ചാര സാധ്യതകൾ തേടുന്നു. 136 ഏക്കറിൽ വാട്ടർഫ്രൻഡ് കോട്ടേജ്, കോൺഫറൻസ് ഹാൾ, സ്പോർട്സ് സെന്റർ, മോട്ടൽ എന്നിയും ഇതിനോടൊപ്പം നിർമിക്കും.
ഇലക്ട്രോണിക് സുരക്ഷിതത്വം
പെരിമീറ്റർ ഇൻട്രൂഷൻ ഡിറ്റെക്ഷൻ സിസ്റ്റം (PIDS) എന്ന റോബസ്റ്റ് ഇലക്ട്രോണിക് സർവീസിലൂടെ വിമാനത്താവളത്തിന്റെ ഓപ്പറേഷൻ മേഖലയുടെ സുരക്ഷ വർധിപ്പിക്കാൻ സാധിക്കും. വിമാനത്താവളത്തിന്റെ ഓപ്പറേഷൻ മേഖലയിലേക്കുള്ള ഏതു തരം കടന്നു കയറ്റങ്ങളും തടയാൻ ഇത് സഹായിക്കും. മാരകമല്ലാത്ത വൈദ്യുതി വേലി, ഫൈബർ ഒപ്ടിക്ക് വൈബ്രേഷൻ സെൻസർ, തെർമൽ ക്യാമറ എന്നിവ ഇതിനായി 12 കിലോമീറ്റർ ചുറ്റളവിൽ വിന്യസിക്കും.
നാളെയിലേക്ക് പറക്കാം
നാളെയിലേക്ക് പറക്കുന്നു എന്ന ആശയത്തിലൂന്നിയാണ് സിയാലിന്റെ വികസപ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. ഏഴ് മെഗാ പദ്ധതികളിലൂടെ നൂതനമായ യാത്രയ്ക്കാണ് സിയാൽ തുടക്കം കുറിക്കുന്നതെന്ന് സിയാൽ മാനേജിങ് ഡറക്ടർ എസ്. സുഹാസ് IAS പറഞ്ഞു. ഹരിത ഊർജത്തിലൂന്നിയുള്ള വികസനമാണ് CIAL ഉദ്ദേശിക്കുന്നത്. ഈ ഏഴു പദ്ധതികളിലൂടെ CIAL ഇന്ത്യയിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളിലൊന്നായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
Cochin International Airport Limited (CIAL) is poised to embark on a transformative journey with the launch of seven mega projects, reaffirming its commitment to innovation and infrastructure development. These ambitious endeavors, set to be inaugurated by Kerala Chief Minister Sri. Pinarayi Vijayan, mark a significant milestone in CIAL’s quest for growth and sustainability.