ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച കാര്‍ പുഴവിൽ വീണു രണ്ടു ഡോക്ടർമാർക്ക് ജീവൻ നഷ്ടപ്പെട്ടതാണ് ഗൂഗിളിന്റെ അബദ്ധങ്ങളിൽ ഏറ്റവും ഒടുവിലത്തേത്. പത്തനംതിട്ടയിൽ കഴിഞ്ഞ മഴക്കാലത്ത് ഒരു വനിത ഓടിച്ച കാറിനെ എത്തിച്ചത് തോട്ടില്‍. ഗ്യാസ് ടാങ്കര്‍ ലോറി ദേശീയപാത വിട്ട് ഇടവഴിയില്‍ ബ്ലോക്കായത് മറ്റൊരു അബദ്ധം.ബംഗളൂരു നഗരത്തിലെ ബന്ധുവീട്ടില്‍ എത്താന്‍ അര മണിക്കൂറിന് പകരം വട്ടം ഒരു കുടുംബം കാറിൽ കറങ്ങിയത് നാലുമണിക്കൂര്‍. പുതിയ ഫീച്ചറുകളുമായി ഗൂഗിള്‍ മാപ്പ് ദിശ കാണിച്ച് മുന്നേറുമ്പോള്‍ പെരുവഴിയിലാകുന്നവരുടെ എണ്ണവും കൂടുന്നു. മഴക്കാലത്താണ് ഇത് ഏറെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അബദ്ധങ്ങള്‍ സംഭവിക്കുന്നതില്‍ നമ്മുടെ ശ്രദ്ധക്കുറവുമുണ്ട്.
യാത്ര തുടങ്ങുന്നതിനു മുമ്പ് ലക്ഷ്യ സ്ഥാനത്തേക്കുള്ള കൃത്യമായ മാർഗനിർദേശങ്ങൾ നൽകി ഓഫ് ലൈൻ റൂട്ട് ഡൌൺ ലോഡ് ചെയ്തു വയ്ക്കണം.
യാത്ര ഇരു ചക്ര വാഹനത്തിലാണോ , നാല് ചക്ര വാഹനത്തിലാണോ എന്ന് കൃത്യമായ നിർദേശം നൽകാൻ മറക്കരുത്.
യാത്രക്ക് ഇടക്കുള്ള ഒരു ആഡ് പോയിന്റ് സൂചിപ്പിക്കുന്നത് ശരിയായ റൂട്ടിലാണോ നിങ്ങളുടെ യാത്ര എന്ന് ഉറപ്പിക്കാൻ സഹായിക്കും
ആധുനിക കാലത്ത് ഡ്രൈവർമാർക്ക് ഏറെ സഹായകമാണ് ഗൂഗിൾ മാപ്പ്. സഹായി ആണെങ്കിലും ലക്ഷ്യത്തിലേക്കുള്ള കൃത്യമായ വിവരങ്ങൾ നൽകിയാലും പലപ്പോഴും ഇതിനും വഴി പിഴയ്ക്കാറുണ്ട്. ഇതറിയാതെ മാപ്പിനെ വിശ്വസിച്ച് പോകുന്നവർ അപകടത്തിൽപ്പെടുകയും ചെയ്യും. ഗൂഗിൾ മാപ്പിന് അബദ്ധങ്ങൾ പാടുവാൻ സാധ്യത ഏറെയാണ് മൺസൂൺ, പ്രകൃതിക്ഷോഭ കാലങ്ങളിൽ.
പ്രകൃതി ക്ഷോഭ കാലത്തു സൂക്ഷിക്കണം റോഡിനെയും ഗൂഗിൾ മാപ്പിനെയും
ഗൂഗിൾ മാപ്പിന്റെ ലക്‌ഷ്യം തന്നെ തിരക്ക് കൂടിയ പാതകൾ ഒഴിവാക്കി ട്രാഫിക്ക് കുറവുള്ള റോഡുകളെ യാത്രക്കായി തിരഞ്ഞെടുത്തു ഉപഭോക്താവിന് നൽകുക എന്നതാണ്. ഇത്തരം റോഡുകളെയാണ് മാപ്പിന്റെ അൽഗോരിതം എളുപ്പവഴിയായി കാണിച്ചുതരുന്നത്. നേരത്തെ അത് വഴി യാത്ര ചെയ്തവർ സെറ്റ് ചെയ്ത റൂട്ട് ഗൂഗിൾ മാപ് എളുപ്പ വഴിയായി സേവ് ചെയ്തിരിക്കും. ആ റോഡുകളാണ് നമുക്ക് ഓപ്ഷനായി നൽകുക. ഈ റോഡുകൾ മിക്കപ്പോഴും സുരക്ഷിതമായിരിക്കില്ല എന്നതാണ് സത്യം. പ്രകൃതി ക്ഷോഭ കാലത്തും മറ്റും അധികം ആളുകൾ ഉപയോഗിക്കാത്തതിനാൽ ഇത്തരം റോഡുകൾ മണ്ണിടിച്ചിൽ, കരകവിയുന്ന പുഴകൾ, അപകടാവസ്ഥയിലായ പാലങ്ങൾ തുടങ്ങി അപകടങ്ങൾ നിറഞ്ഞതായിരിക്കാം. റോഡിലെ അപകടങ്ങൾ ഒന്നും മാപ്പ് തിരിച്ചറിയുന്നില്ല. റോഡിൽ തിരക്കുണ്ടോ എന്ന സൂചനകൾ മാത്രമാണ് ഗൂഗിൾ മാപ്പിന് പരിശോധിക്കാനാകുക. അതിനാലാണ് ആ വഴിയിലൂടെ പോകാൻ നമുക്ക് നിർദ്ദേശം നൽകുന്നത്. ഇത് പൂർണമായും വിശ്വസിച്ചാൽ ജീവൻപോലും നഷ്ടമാകുന്ന അവസ്ഥയിലാകും നാം അകപ്പെടുക. വെള്ളപ്പൊക്കം, പേമാരി തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ നേരിടുന്ന അവസരങ്ങളിൽ പലപ്പോഴും റോഡ് ഗതാഗതം തിരിച്ചുവിടാറുണ്ട്. ഇത് ഗൂഗിൾ മാപ്പ് പറഞ്ഞു തന്നെന്നു വരില്ല.
ജിപിഎസ് വില്ലനാകുമ്പോൾ
അപകട സാധ്യത കൂടിയ മഴക്കാലത്തും രാത്രികാലങ്ങളിലും തീർത്തും അപരിചിതവും വിജനവുമായ റോഡുകൾ ഒഴിവാക്കുന്നതാണ് സുരക്ഷിതം.
രാത്രികാലങ്ങളിൽ GPS സിഗ്‌നൽ നഷ്ടപ്പെട്ട് ചിലപ്പോൾ വഴി തെറ്റാനിടയുണ്ട്.
രാത്രിയിലെ യാത്രയ്ക്കാണ് നെറ്റും സിഗ്നലും ഏറെ പ്രശ്നം സൃഷ്ടിക്കുന്നത്. ഇങ്ങനെ നമ്മൾ അകപ്പെടുന്നത് ഏതെങ്കിലും ഒറ്റപ്പെട്ട പ്രദേശത്തായിരിക്കും. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ വിദേശ രാജ്യങ്ങളിൽ മഞ്ഞുവീഴ്ച പോലുള്ള പ്രകൃതി പ്രതിഭാസങ്ങളോ ദുരന്തങ്ങളോ ഉണ്ടാകുമ്പോൾ ജി പി എസ് ഉപയോഗിക്കുന്നതിന് കർശന വിലക്കുണ്ട്. സിഗ്നൽ നഷ്ടപ്പെടാൻ സാദ്ധ്യത ഉള്ള വഴിയാണെന്ന് സംശയം ഉണ്ടെങ്കിൽ നേരത്തേ റൂട്ട് സേവുചെയ്ത് വയ്ക്കാവുന്നതാണ്.
ഗൂഗിൾ മാപ്പിന് നൽകണം കൃത്യമായ യാത്രാവിവരങ്ങൾ
ഗൂഗിൾ മാപ്പിൽ യാത്രാ രീതി ഏതാണെന്ന് വ്യക്തമാക്കിയിരിക്കണം. അതായത് നിങ്ങൾ സഞ്ചരിക്കുന്നത് ഇരുചക്രവാഹനത്തിലാണോ നാലുചക്രവാഹനത്തിലാണോ എന്നത്. ഇങ്ങനെ സെലക്ട് ചെയ്തില്ലെങ്കിൽ അകപ്പെടുക ശരിക്കും കുടുങ്ങും. വഴി തെറ്റിയാൽ ലക്ഷ്യ സ്ഥാനത്തേക്കുള്ള മറ്റൊരു വഴിയാകും ഗൂഗിൾ മാപ്പ് കാണിച്ചു തരിക. എന്നാൽ, ഈ വഴി ചിലപ്പോൾ ഫോർ വീലർ അല്ലെങ്കിൽ വലിയ വാഹനങ്ങൾ പോകുന്ന വഴി ആകണമെന്നില്ല.
ലക്ഷ്യസ്ഥാനത്തേക്കുള്ള നിർദേശങ്ങൾ നൽകുമ്പോൾ തന്നെ മാപ്പിൽ യാത്രാരീതി സെലക്ട് ചെയ്യാൻ മറക്കരുത്. നാലുചക്രവാഹനങ്ങൾ, ഇരുചക്രവാഹനങ്ങൾ, സൈക്കിൾ, കാൽനടയാത്ര, ട്രെയിൻ എന്നിങ്ങനെയുള്ള ഓപ്ഷനുകളിൽ ഏതാണെന്ന് തെരഞ്ഞെടുക്കുക. ഇരുചക്രവാഹനങ്ങൾ മാത്രം പോകുന്ന വഴിയേ മുച്ചക്ര, നാലുചക്ര വാഹനങ്ങൾ പോകില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഒരു സ്ഥലത്തേക്ക് പോകാൻ രണ്ടുവഴികളുണ്ടാകും. ഈ സന്ദർഭങ്ങളിൽ ഇടയ്ക്ക് നമുക്ക് അറിയാവുന്ന ഒരു സ്ഥലം ആഡ് സ്റ്റോപ്പ് ആയി നൽകിയാൽ വഴി തെറ്റുന്നത് ഒഴിവാക്കാം. സിഗ്‌നൽ നഷ്ടപ്പെടാൻ സാധ്യതയുള്ള റൂട്ടുകളിൽ നേരത്തെ തന്നെ റൂട്ട് സേവ് ചെയ്യാം.
നിങ്ങൾക്കും അറിയിക്കാം ഗൂഗിളിനെ മാർഗ തടസ്സങ്ങൾ
ഗതാഗത തടസം ശ്രദ്ധയിൽപെട്ടാൽ ഗൂഗിൾ മാപ്പ് ആപ്പിലെ contribute എന്ന ഓപ്ഷൻ വഴി റിപ്പോർട്ട് ചെയ്യാം. ഇവിടെ എഡിറ്റ് മാപ്പ് ഓപ്‌ഷനിൽ add or fix road എന്ന ഓപ്ഷൻ വഴി പ്രശ്നം റിപ്പോർട്ട് ചെയ്യാം. ഗൂഗിൾ മാപ്പ് ഇക്കാര്യം പരിഗണിക്കും. ഇത് പിന്നീട് അതു വഴി വരുന്ന മറ്റുള്ളവർക്ക് തുണയാവുകയും ചെയ്യും. തെറ്റായ സ്ഥലനാമങ്ങളും അടയാളപ്പെടുത്താത്ത മേഖലകളുമൊക്കെ ഈ രീതിയിൽ ഗൂഗിളിനെ അറിയിക്കാം. അതിലൂടെ മറ്റുള്ളവർക്ക് സഹായകമേകാം.
സഹായിക്കും പൊലീസ്
ഗൂഗിൾ മാപ്പ് കുടുക്കിയെങ്കിൽ നിങ്ങൾ ആദ്യം ആശ്രയിക്കേണ്ടത് പൊലീസിനെയാണ്. അതിനാൽ പൊലീസ് കൺട്രോൾ റൂമിനെ ബന്ധപ്പെടാം. 112 എന്ന നമ്പർ ഇതിനായി പ്രത്യേകം ഓർത്തുവയ്ക്കുക.ആവശ്യമെങ്കിൽ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനെയും സമീപിക്കാം.
ഗൂഗിള്‍ മാപ്പ് പറയാത്തത്
വെള്ളപ്പൊക്കവും കനത്ത മഴയുമുള്ള നേരങ്ങളില്‍ പലപ്പോഴും റോഡ് ഗതാഗതം തിരിച്ചുവിടും. ഇത് പക്ഷേ ഗൂഗിള്‍ മാപ്പ് പറഞ്ഞെന്നു വരില്ല. ഒരു പ്രദേശത്തു വെള്ളപ്പൊക്കമാണെന്നും റൂട്ടിനെ അത് ബാധിക്കാമെന്നും ഇപ്പോള്‍ മാപ്പില്‍ നോട്ടിഫിക്കേഷന്‍ കാണിക്കുന്നുണ്ട്.
മലയോരഗ്രാമങ്ങളില്‍ വേനലില്‍ വെള്ളം കുറഞ്ഞയിടങ്ങളിലൂടെ ജീപ്പുകളടക്കം പുഴ മുറിച്ചുകടക്കും. ഇത് ഗൂഗിള്‍ മാപ്പില്‍ സെറ്റ് ചെയ്തിട്ടുണ്ടൈങ്കില്‍ പുഴ നിറഞ്ഞൊഴുകുന്ന സമയത്തും മാപ്പ് കാണിക്കുന്നത് ഈ റൂട്ടായിരിക്കും. അവിടെ പുഴ നിറഞ്ഞൊഴുകുകയാണെന്ന് Map പറയാറില്ല.
ഇന്റര്‍നെറ്റ് കുറവുള്ള സ്ഥലങ്ങളിലേക്ക് പോകുമ്പോള്‍ മാപ്പില്‍ കൃത്യത കുറയും. യാത്ര തുടങ്ങുന്നതിനു മുമ്പ് ഓഫ് ലൈന്‍ മാപ്പ് ഡൗണ്‍ലോഡ് ചെയ്ത് വെക്കണം.ശബ്ദനിര്‍ദേശമനുസരിച്ച് ഇടത് വലത് തിരിയുമ്പോള്‍ മാപ്പ് കൂടി ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ വളവുകള്‍ മാറിപ്പോകും.
തിരക്ക് കുറവുള്ള റോഡുകളെ എളുപ്പവഴിയായി കാണിക്കാറുണ്ട്. എന്നാല്‍ ഇത് മണ്‍സൂണ്‍ കാലങ്ങളില്‍ സുരക്ഷിതമാകണമെന്നില്ല.