യൂറോപ്പിലെ ഷെങ്കൻ മാതൃകയിൽ സിംഗിൾ വിസ സമ്പ്രദായത്തിന് കീഴിൽ വിനോദസഞ്ചാരികൾക്കും , മറ്റു യാത്രക്കാർക്കും ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ അവസരമൊരുങ്ങുന്നു. യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈറ്റ്, ബഹ്റൈൻ എന്നിവയാണ് സിംഗിൾ വിസ സംവിധാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങൾ.
അബുദാബിയിൽ നടന്ന ഫ്യൂച്ചർ ഹോസ്പിറ്റാലിറ്റി സമ്മിറ്റ് 2023ൽ ഇത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടുണ്ട്. ഉടൻ തന്നെ ഇത് നടപ്പിലാക്കാൻ സാധ്യതയുണ്ട്. ഈ നീക്കത്തോടെ, ഈ ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് ഒന്നിലധികം ട്രാൻസിറ്റ് വിസകൾ ആവശ്യമില്ല. ഒരൊറ്റ വിസ മതിയാകും.
വിസ സംവിധാനം പ്രാബല്യത്തിൽ വരുമ്പോൾ, ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്കും വിദേശികൾക്കും ഒരു വിസയിൽ ആറ് രാജ്യങ്ങൾ സന്ദർശിക്കാം. ഒന്നിലധികം രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് ഇത് സാമ്പത്തികമായി വലിയ നേട്ടമാകും.
ഒറ്റ വിസയും കുറഞ്ഞ ചെലവും ഉപയോഗിച്ച് വിവിധ ഗൾഫ് രാജ്യങ്ങളിലെ ബിസിനസ് ആവശ്യങ്ങൾ ഒറ്റ തവണ കൊണ്ട് നിറവേറുന്നതിനൊപ്പം ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കാമെന്നതാണ് പ്രധാന ആകർഷണം.
മാതൃക യൂറോപ്യൻ ഷെങ്കൻ വിസ
യൂറോപ്പിലെ ഷെങ്കൻ ഏരിയയിൽ നിലവിൽ ഒറ്റ വിസ മതിയാകും കര മാർഗവും, വിമാന മാർഗവും, ജല മാർഗവും യാത്ര ചെയ്യുന്നതിന്.
ഷെങ്കൻ ഏരിയ 27 യൂറോപ്യൻ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രദേശമാണ്. ഈ രാജ്യങ്ങൾ പരസ്പര അതിർത്തികളിൽ സ്വന്തം പാസ്പോർട്ടുകളും മറ്റ് പല തരത്തിലുള്ള അതിർത്തി നിയന്ത്രണങ്ങളും ഔദ്യോഗികമായി നിർത്തലാക്കി. യൂറോപ്യൻ യൂണിയന്റെ അന്താരാഷ്ട്ര യാത്രാ ആവശ്യങ്ങൾക്കായുള്ള പൊതുവായ വിസ നയത്തിന് കീഴിലുള്ള ഒരൊറ്റ രേഖയായി ഷെങ്കൻ വിസാ പ്രവർത്തിക്കുന്നു. ലക്സംബർഗിലെ ഷെങ്കനിൽ ഒപ്പുവച്ച 1985-ലെ ഷെങ്കൻ കരാറിന്റെയും 1990-ലെ ഷെങ്കൻ കൺവെൻഷന്റെയും പേരിലാണ് ഈ പ്രദേശത്തിന് ഷെങ്കൻ ഏരിയ എന്ന് പേര് നൽകിയിരിക്കുന്നത്.
27 യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ 23 എണ്ണം ഷെങ്കൻ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. . ഷെങ്കൻ ഏരിയയുടെ ഭാഗമല്ലാത്ത നാല് യൂറോപ്യൻ യൂണിയൻ അംഗങ്ങളിൽ ബൾഗേറിയ, സൈപ്രസ്, റൊമാനിയ എന്നിവർ ഇതുവരെ കരാറിൽ ചേർന്നിട്ടില്ല. ഉടൻ അവരും കരാറിന്റെ ഭാഗമാകുമെന്നാണ് തീരുമാനം.അയർലൻഡ് ഷെങ്കന് പകരം സ്വന്തം വിസ നയം നടപ്പാക്കുന്നു . നാല് യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ (ഇഎഫ്ടിഎ) അംഗരാജ്യങ്ങളായ ഐസ്ലാൻഡ്, ലിച്ചെൻസ്റ്റൈൻ, നോർവേ, സ്വിറ്റ്സർലൻഡ് എന്നിവ യൂറോപ്യൻ യൂണിയനിൽ അംഗങ്ങളല്ലെങ്കിലും ഷെങ്കൻ ഉടമ്പടിയുമായി ബന്ധപ്പെട്ട് കരാറുകളിൽ ഒപ്പുവച്ചു.
ഇപ്പോൾ ഏകദേശം 8000 രൂപയ്ക്ക് യൂറോപ്പ്യൻ ഷെങ്കൻ വിസ ലഭ്യമാണ്.
ഫ്രാൻസ് , ജർമനി, സ്വിറ്റ്സർലാന്റ്, നെതർലൻഡ്സ്, ഇറ്റലി, ഓസ്ട്രിയ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഷെങ്കൻ വിസയിലൂടെ ഏറെ മലയാളികൾ സഞ്ചരിക്കുന്നത്.
ഇപ്പോൾ ഇന്ത്യയിൽ നിന്നും ഷെങ്കൻ വിസയിലൂടെ ഏതെങ്കിലും യൂറോപ്പ്യൻ രാജ്യത്തു വിമാന മാർഗം എത്തിയ ശേഷം കുറഞ്ഞ ചിലവിൽ റോഡ് മാർഗം മറ്റു രാജ്യങ്ങളിലേക്കു യാത്ര ചെയ്യുന്ന രീതി നിലവിലുണ്ട്.
യൂറോപ്പ്യൻ മാതൃകയിൽ വിവിധ ഗൾഫ് രാജ്യങ്ങളിലൂടെ ഇത്തരത്തിൽ കരമാർഗമുള്ള സഞ്ചാരവും പുതിയ ഏകീകൃതവിസയുടെ സാധ്യതയാണ്.
ഇത്തരത്തിൽ ഗൾഫ് മേഖലയിലെ ആറുരാജ്യങ്ങളിൽ ഒറ്റവിസയിലൂടെ സഞ്ചരിക്കാവുന്ന പാക്കേജുകളാണ് പുതിയ വിസയുടെ സാധ്യതകളായി വിനോദസഞ്ചാര കേന്ദ്രങ്ങളും, ഏജൻസികളും പ്രതീക്ഷിക്കുന്നത്. ഒന്നിലധികം ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ചു മടങ്ങാനുള്ള മലയാളിയുടെ ശ്രമങ്ങൾക്കും ഈ ഏകീകൃത വിസ സഹായകമാകും.
Travelers can soon visit all six Gulf countries with a single visa, akin to Europe’s Schengen model. This simplifies travel logistics, especially for Malayalees, eliminates multiple visas, and boosts tourism.