ഡാറ്റാ സുരക്ഷയെ ബാധിക്കുമെന്ന് പേടി, ചാറ്റ് ജിപിടി അടക്കമുള്ള എഐകളുടെ ഉപയോഗം നിരോധിച്ച് യുഎസ് സ്പേസ് ഫോഴ്സ്. നിരോധനം താത്കാലികമായിരിക്കുമെന്നാണ് വിവരം.
സർക്കാർ കംപ്യൂട്ടറുകളിൽ എഐ ടൂളുകൾ ഉപയോഗിക്കുന്നതിൽ നിന്ന് ഉദ്യോഗസ്ഥരെ വിലക്കി കൊണ്ടുള്ള ഉത്തരവ് വരുന്നത് കഴിഞ്ഞ മാസം 29-നാണ്. സ്പേസ് ഫോഴ്സിന്റെ ചീഫ് ടെക്നോളജി ആൻഡ് ഇന്നവേഷൻ ഓഫീസിന്റെ അനുവാദത്തോടെ മാത്രമേ എഐ ഇനി ഉപയോഗിക്കാൻ സാധിക്കുകയുള്ളു.
ലാർജ് ലാൻഗ്വേജ് മോഡലുകൾക്കും നിരോധനം ബാധകമാണ്. ഡാറ്റ സുരക്ഷയെ കരുതിയാണ് ജനറേറ്റീവ് എഐയ്ക്കും ലാർജ് ലാൻഗ്വേജ് മോഡലുകൾക്കും നിരോധനമേർപ്പെടുത്താനുള്ള തീരുമാനമെന്ന് സ്പേസ് ഫോഴ്സിന്റെ ചീഫ് ടെക്നോളജി ആൻഡ് ഇനോവേഷൻ ഓഫീസർ ലിസ കോസ്റ്റ പറഞ്ഞു.
കൂടുതൽ ഉത്തരവാദിത്വത്തോടെയും തന്ത്രപരമായും എഐ സേവനം ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് പെന്റഗണുമായി (Pentagon) ചർച്ച നടത്തുകയാണ് യു.എസ്. സ്പേസ് ഫോഴ്സ്.