ഡിജിറ്റൽ സാങ്കേതികവിദ്യ മേഖലയിലെ പരസ്പര സഹകരണം സംബന്ധിച്ച് ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സുപ്രധാന ധാരണാപത്രത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി.

ഡിജിറ്റൽ സാങ്കേതികവിദ്യ മേഖലയിൽ ഇരു രാജ്യങ്ങളിലും ജി2ജി, ബി2ബി ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തും. ഐടി മേഖലയിൽ തൊഴിലവസരങ്ങളിലേക്കു നയിക്കുന്ന മെച്ചപ്പെട്ട സഹകരണം ധാരണാപത്രം വിഭാവനം ചെയ്യുന്നു.

ഫ്രാൻസിന് പുറമെ പാപുവ ന്യൂ ഗിനിയ, ട്രിനിഡാഡ് – ടൊബാഗോ എന്നീ രാജ്യങ്ങളുമായി ഡിജിറ്റൽ സാങ്കേതികവിദ്യ മേഖലയിലെ സഹകരണത്തിനായി ഇന്ത്യ ഒപ്പിട്ട ധാരണാപത്രങ്ങളുമായി മുന്നോട്ടു പോകാനും കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. ഇന്ത്യയെ ഡിജിറ്റലി ശക്തിപ്പെടുത്താനും വിജ്ഞാന സമ്പദ്വ്യവസ്ഥയിലേക്കെത്തിക്കാൻ, കേന്ദ്രം സ്വീകരിച്ച ഡിജിറ്റല്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത്, മെയ്ക്ക് ഇന്‍ ഇന്ത്യ തുടങ്ങിയ വിവിധ പദ്ധതികളുമായി യോജിച്ചു പോകുന്ന സഹകരണമാണ് ലക്ഷ്യം.
ഡിജിറ്റൽ ഇക്കോസിസ്റ്റം ശക്തിപ്പെടുത്താൻ ഇന്ത്യയും ഫ്രാൻസും
ഡിജിറ്റൽ, ഐടി വികസനത്തിനായി ഇന്ത്യയുടെ ഇലക്ട്രോണിക്സ്- വിവരസാങ്കേതിക മന്ത്രാലയവും ഫ്രാൻസിന്റെ സാമ്പത്തിക- ധനകാര്യ – വ്യാവസായിക – ഡിജിറ്റൽ പരമാധികാര മന്ത്രാലയവും തമ്മിൽ ധാരണാപത്രം ഒപ്പിടുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകിയത്.

ധാരണാപത്രത്തിലൂടെ ലക്ഷ്യം വെക്കുന്നത്
ഡിജിറ്റൽ സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട കൂടുതൽ സഹകരണം
കമ്മ്യൂണിക്കേഷൻ രംഗത്തെ പ്രോത്സാഹനം
ഡിജിറ്റൽ സാങ്കേതികവിദ്യയിലേക്കുള്ള പ്രവേശനം പ്രോത്സാഹിപ്പിക്കും
ഇന്ത്യയും ഫ്രാൻസും ഇന്തോ-യൂറോപ്യൻ മേഖലയിൽ ദീർഘകാലമായി തന്ത്രപ്രധാന പങ്കാളികളാണ്. പൗരന്മാരെ ശാക്തീകരിക്കുകയും ഡിജിറ്റൽ നൂറ്റാണ്ടിൽ അവരുടെ പൂർണ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുന്ന ഡിജിറ്റൽ ഇക്കോസിസ്റ്റം പരിപോഷിപ്പിക്കാനും ഇന്ത്യയും ഫ്രാൻസും ശ്രമംതുടരുകയാണ്. ഇന്ത്യയുടെ യു പി ഐ സംവിധാനം മാസങ്ങൾക്കു മുമ്പ് ഫ്രാൻസ് അംഗീകരിച്ചിരുന്നു.
2019ൽ പ്രഖ്യാപിച്ച സൈബർ സുരക്ഷയും ഡിജിറ്റൽ സാങ്കേതികവിദ്യയും സംബന്ധിച്ച ഇന്ത്യ-ഫ്രാൻസ് മാർഗരേഖയുടെ അടിസ്ഥാനത്തിൽ, ഇന്ത്യയും ഫ്രാൻസും നൂതന ഡിജിറ്റൽ സാങ്കേതികവിദ്യകളിൽ, പ്രത്യേകിച്ച് സൂപ്പർ കമ്പ്യൂട്ടിങ്, ക്ലൗഡ് കമ്പ്യൂട്ടിങ്, നിർമിതബുദ്ധി, ക്വാണ്ടം സാങ്കേതികവിദ്യകൾ, നിർമിത ബുദ്ധി എന്നിവ ഉൾപ്പെടെയുള്ള മേഖലകളിൽ ഉഭയകക്ഷി സഹകരണം പിന്തുടരുകയാണ്.
ഇന്ത്യൻ മാതൃകയിൽ ഡിജിറ്റലാകാൻ പാപുവ ന്യൂ ഗിനിയയും
ഇന്ത്യയുടെ വിജയകരമായ ഡിജിറ്റല്‍ പരിഹാരങ്ങള്‍ പങ്കിടുന്നതിനായി സഹകരണത്തിന് ഇന്ത്യൻ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയവും പാപുവ ന്യൂ ഗിനിയയിലെ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍സ് ടെക്നോളജി മന്ത്രാലയവും തമ്മില്‍ 2023 ജൂലൈ 28-ന് ഒപ്പുവച്ച ധാരണാപത്രത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി. മൂന്നു വർഷത്തേക്കാണ് ധാരണപ്രകാരമുള്ള പ്രവർത്തനങ്ങൾ കൈക്കൊള്ളുക.
ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യ (ഡി.പി.ഐ) മേഖലയില്‍ ജി2ജി, ബി2ബി ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തും.
ഐ.ടി മേഖലയിലെ തൊഴിലവസരങ്ങളിലേക്ക് നയിക്കുന്ന മെച്ചപ്പെട്ട സഹകരണവും ധാരണാപത്രം വിഭാവനം ചെയ്യുന്നു.
ഇന്ത്യയുടെ ഡിജിറ്റൽ വഴിയേ ട്രിനിഡാഡ് – ടൊബാഗോയും
ഐടി മേഖലയിലെ തൊഴിലവസരങ്ങൾ അടക്കം ഇന്ത്യയുടെ വിജയകരമായ ഡിജിറ്റല്‍ സാധ്യതകള്‍ പങ്കിടുന്നത് സംബന്ധിച്ച് ഇന്ത്യയും ട്രിനിഡാഡ് – ടൊബാഗോയും തമ്മിലുള്ള ധാരണാപത്രത്തിന് മന്ത്രിസഭ അംഗീകാരം നൽകി.

ഇരു രാജ്യങ്ങളുടെയും ഡിജിറ്റല്‍ പരിവര്‍ത്തന സംരംഭങ്ങള്‍ നടപ്പാക്കുന്നതില്‍ വളരെ അടുത്ത സഹകരണവും, അനുഭവപരിചയ കൈമാറ്റവും, ഡിജിറ്റല്‍ സാങ്കേതികവിദ്യകളെ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങളും (ഇന്‍ഡിസ് സ്റ്റാക്ക്) പ്രോത്സാഹിപ്പിക്കാനാണ് 2023 ഓഗസ്റ്റ് 11-ന് ഒപ്പുവച്ച ധാരണാപത്രം ഉദ്ദേശിക്കുന്നത്. 3 വര്‍ഷത്തേക്ക് ധാരണാപത്രം പ്രാബല്യത്തില്‍ നിലനില്ക്കും.
ഇരു രാജ്യങ്ങളും ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യം (ഡിപിഐ) മേഖലയില്‍ ജി2ജി, ബി2ബി ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തും. ഐടി മേഖലയിലെ തൊഴിലവസരങ്ങൾ കൂടുതൽ മെച്ചപ്പെടുത്തും.
ഡിജിറ്റലിൽ മുന്നേറി ഇന്ത്യ ആഗോള മാതൃകയായി
ഐ.സി.ടി മേഖലയില്‍ ഉഭയകക്ഷി, ബഹുമുഖ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ഇലക്ട്രോണിക്സ് വിവരസാങ്കേതിക വിദ്യാ മന്ത്രാലയം -MeitY -നിരവധി രാജ്യങ്ങളുമായും ബഹുമുഖ ഏജന്‍സികളുമായും സഹകരിച്ചു മുന്നോട്ടു നീങ്ങുകയാണ്. ഐ.സി.ടി മേഖലയിലെ സഹകരണവും വിവര കൈമാറ്റവും പ്രോത്സാഹിപ്പിക്കുന്നതിനായി MeitY വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രാലയങ്ങൾ, ഏജന്‍സികള്‍ എന്നിവയുമായി ധാരണാപത്രങ്ങള്‍, സഹകരണപത്രങ്ങള്, കരാറുകള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യങ്ങള്‍(DPI) നടപ്പിലാക്കുന്നതില്‍ ഇന്ത്യയുടെ അനുഭവങ്ങളില്‍ നിന്ന് പഠിക്കാനും ഇന്ത്യയുമായി ധാരണാപത്രങ്ങളില്‍ ഏര്‍പ്പെടാനും പല രാജ്യങ്ങളും താല്‍പ്പര്യം പ്രകടിപ്പിച്ചു.
പൊതുസേവനങ്ങൾക്കായി ഇന്ത്യ വികസിപ്പിച്ച് നടപ്പിലാക്കിയ ഒരു ഡി.പി.ഐ ആണ് ഇന്ത്യാ സ്റ്റാക്ക് സൊല്യൂഷന്‍സ്. ഡിജിറ്റൽ ബന്ധിപ്പിക്കാനും തടസ്സങ്ങളില്ലാതെ പൊതു സേവനങ്ങൾ സാദ്ധ്യമാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.