സാമ്പത്തിക തകർച്ച, അടിപതറൽ, ജീവനക്കാരെ പിരിച്ചുവിടൽ, കുറച്ച് മാസങ്ങളായ ബൈജൂസിന് (Byju’s) അത്ര നല്ലകാലമായിരുന്നില്ല. എന്നാൽ ഇനി അങ്ങനെ ആയിരിക്കില്ല. മടങ്ങി വരുമെന്നുള്ള സൂചന നൽകിയിരിക്കുകയാണ് ബൈജൂസ്. മണിപ്പാൽ ഹോസ്പിറ്റൽ ഗ്രൂപ്പ് (Manipal Hospitals Group) ഫൗണ്ടർ രഞ്ജൻ പൈ (Ranjan Pai) ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിന് (Think and Learn Pvt. Ltd) 300 കോടി വാഗ്ദാനം ചെയ്തിരിക്കുകയാണ്. സാമ്പത്തിക വായ്പയായിട്ടാണ് തുക വാഗ്ദാനം ചെയ്തിരിക്കുന്നത്.
ബൈജൂസ് വാഗ്ദാനം സ്വീകരിച്ചാൽ ആകാശ് എജ്യുക്കേഷണൽ സർവീസിൽ നിന്ന് ചൗധരി കുടുംബത്തിന്റെ ഭാഗിക പിൻവാങ്ങലിൽ കലാശിക്കും. കാര്യങ്ങൾ വിചാരിച്ചത് പോലെ നടന്നാൽ ബൈജൂസിൽ രഞ്ജൻ പൈയുടെ മൊത്ത നിക്ഷേപം 300 മില്യൺ ഡോളറാകുമെന്ന് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.
ബൈജൂസിനെ സഹായിക്കുമോ
300 കോടിയുടെ വായ്പ സ്വീകരിച്ചാൽ ബൈജൂസിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസമാകും. ഈ തുക ലഭിച്ചാൽ യു.എസ് ആസ്ഥാനമായ ഡേവിഡ്സൺ കെംപ്നറിൽ (Davidson Kempner) നിന്നെടുത്ത വായ്പ തിരിച്ചെടയ്ക്കാൻ സാധിക്കും. കഴിഞ്ഞ മാസം ബൈജൂസിന് 2,000 കോടി വായ്പ നൽകുമെന്ന് ഡേവിഡ്സൺ കെംപ്നർ പറഞ്ഞിരുന്നെങ്കിലും 800 കോടി മാത്രമാണ് ഒടുവിൽ നൽകിയത്. പൈയുടെ സഹായം ലഭിച്ചാൽ 800 കോടി ഡേവിഡ്സണിന് നൽകാൻ ബൈജൂസിന് സാധിക്കും.
കമ്പനിയുടെ വർക്കിങ് കാപ്പിറ്റൽ ഉറപ്പിക്കാനും കാഷ് ഫ്ലോ ആവശ്യങ്ങൾക്കും തുക വിനിയോഗിക്കാം. സാമ്പത്തിക പ്രതിസന്ധി കാരണം കഴിഞ്ഞ മാസങ്ങളിൽ ബൈജൂസിന്റെ തലപ്പത്ത് നിന്ന് വരെ ആളുകളെ പിരിച്ചു വിട്ടിരുന്നു. കൂടാതെ 4,000 ജീവനക്കാരെയും കമ്പനി പിരിച്ചുവിട്ടിരുന്നു.
ആകാശിന്റെ നല്ലൊരു ഓഹരി തിങ്ക് ആൻഡ് ലേണിന് വാങ്ങിക്കാൻ പറ്റുമെന്നതാണ് വായ്പ സ്വീകരിച്ചാലുള്ള ഏറ്റവും വലിയ നേട്ടം. ആകാശിനെ ബൈജുവിന് വിൽക്കാമെന്ന് ചൗധരി കുടുംബം പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടന്നിരുന്നില്ല. അതിനുള്ള സാധ്യത കൂടിയാണ് ഇപ്പോൾ തെളിയുന്നത്. എന്നാൽ വായ്പ സ്വീകരിക്കുമോ ഇല്ലയോ തുടങ്ങിയ കാര്യങ്ങളിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ബൈജൂസ് പ്രതികരിച്ചില്ല.