വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം 2024 മെയ് മാസത്തിൽ കമ്മീഷൻ ചെയ്യുമെന്ന് കേരള സർക്കാർ. ചൈനയിൽനിന്ന് കൂറ്റൻ ക്രെയിനുകളുമായി തുറമുഖത്തെത്തിയ ആദ്യ ചരക്കുകപ്പൽ ഷെൻഹുവ –-15ന് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ഉജ്വല സ്വീകരണം നൽകി. കപ്പലിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഔദ്യോഗികമായി വരവേറ്റു. തുറമുഖം ആറുമാസത്തിനുള്ളിൽ കമ്മീഷൻ ചെയ്യുമെന്ന് സ്വീകരണയോഗം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തുടര്‍ന്ന് ഓദ്യോഗികമായി ബെര്‍ത്തിലെത്തിക്കുന്ന മൂറിങ് ചടങ്ങുകള്‍ നടന്നു. വാട്ടര്‍ സല്യൂട്ടോടെയാണ് ബെര്‍ത്തിലേക്ക് അടുപ്പിച്ചത്.
അടുത്തവർഷം മേയിൽ തുറമുഖം കമ്മീഷൻ ചെയ്യുന്നതോടെ രാജ്യത്തെ ആദ്യത്തെ മദർപോർട്ടായി വിഴിഞ്ഞം മാറും. മാസ്റ്റർ തുറമുഖമായി കണ്ട് സംസ്ഥാനത്തെ ചെറുകിട തുറമുഖങ്ങളെ ഈ ശൃംഖലയിൽ ഉൾപ്പെടുത്തി വികസിപ്പിക്കാനും ഇവയോടനുബന്ധിച്ച് പുതിയ വ്യവസായങ്ങൾ വികസിപ്പിക്കാനുമാകും. തുറമുഖത്തിനുപിന്നാലെ വെയർ ഹൗസുകൾ, കണ്ടെയ്നർ പാർക്കുകൾ, ഹോട്ടലുകൾ, ഫാക്ടറികൾ എന്നിവയും വരും. പല വൻകിട കമ്പനികളും നിക്ഷേപസാധ്യതകൾ തേടി ഇതിനകം സംസ്ഥാനത്ത് എത്തി. വിഴിഞ്ഞം കേന്ദ്രീകരിച്ച് പുതിയ ടൗൺഷിപ്പും ഉയരും. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തികമേഖലയിൽ വൻ പുരോഗതിയുണ്ടാക്കും.
ആദ്യ ബർത്തിൽ നടന്ന ചടങ്ങിൽ വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ പച്ചക്കൊടി വീശി. ആദ്യ സൈറൺ മുഴങ്ങിയതോടെ, ക്യാപ്റ്റൻ തുഷാർ നേതൃത്വം നൽകിയ മൂറിങ് സംഘം ടഗ്ഗുകൾ ഉപയോഗിച്ച് കപ്പലിനെ ബർത്തിലേക്ക് അടുപ്പിക്കാൻ തുടങ്ങി. മറ്റൊരു ടഗ്ഗ് ജലാഭിവാദ്യമേകി. 20 മിനിറ്റിനകം കപ്പൽ ബർത്തിന് സമീപത്തെത്തി. തുടർന്ന് മുഖ്യമന്ത്രി, കേന്ദ്രസഹമന്ത്രി വി മുരളീധരൻ, തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ,വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ കരൺ അദാനി, മന്ത്രിമാർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ ചേർന്ന് വർണ ബലൂണുകൾ പറത്തി. ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷനായി.
വ്യാഴാഴ്ചയാണ് തുറമുഖത്ത് സ്ഥാപിക്കാനുള്ള മൂന്ന് ക്രെയിനുകളുമായി ചൈനയില്‍നിന്നുള്ള കപ്പല്‍ തുറമുഖത്തെത്തിയത്. 100 മീറ്റര്‍ ഉയരവും 60 മീറ്ററോളം കടലിലേക്ക് തള്ളി നില്ക്കുന്നതുമായ സൂപ്പര്‍ പോസ്റ്റ് പനാമാക്സ് ക്രെയിനും 30 മീറ്റര്‍ ഉയരമുള്ള രണ്ട് ഷോര്‍ ക്രെയിനുമാണ് കപ്പലില്‍ എത്തിച്ചത്. അടുത്തദിവസം ക്രെയിന്‍ കപ്പലില്‍നിന്നിറക്കി ബെര്‍ത്തില്‍ സ്ഥാപിക്കും. ആകെ എട്ട് സൂപ്പര്‍ പോസ്റ്റ് പനാമാക്സ് ക്രെയിനുകളും 32 ഷോര്‍ ക്രെയിനുകളുമാണ് തുറമുഖനിര്മാണത്തിനാവശ്യം.
വിഴിഞ്ഞം തുറമുഖം കേരളത്തിനു നൽകുന്നത് വലിയ വികസന സാധ്യതകളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂട്ടായ പ്രവർത്തനത്തിലൂടെ എന്തും സാധ്യമെന്ന് തെളിയിക്കുന്നതാണ് ഈ നേട്ടം. ലോകത്തിലെ പ്രമുഖ തുറമുഖങ്ങൾക്കൊപ്പമാണ് വിഴിഞ്ഞവുമെത്തുന്നത്. രാജ്യത്തിന്റെ അഭിമാന പദ്ധതിയാണിത്. ഇതുപോലൊരു തുറമുഖം ലോകത്ത് തന്നെ അപൂര്‍വ്വമാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ സാന്നിധ്യത്തിലൂടെ വരാന്‍ പോകുന്ന വികസനം ഭാവനകള്‍ക്ക് അപ്പുറമായിരിക്കും. വികസനക്കുതിപ്പിന് കരുത്തേകുന്നതായിരിക്കും തുറമുഖം. വികസിത രാഷ്ട്രങ്ങളിലെ മധ്യവരുമാനക്കാരുടെ ജീവിതനിലവാരത്തോതിലേക്ക് കേരളത്തെയും ജനങ്ങളുടെ നിലവാരത്തേയും ഉയര്‍ത്തുകയെന്നതാണ് ലക്ഷ്യം. രാജ്യത്തിന്റെയാകെ അഭിമാനകരമായ പദ്ധതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.