തൊഴിൽ മേഖലയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ കേൾക്കുന്ന ഒന്നാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്.
ചാറ്റ് ജിപിടി (Chat GPT), ബാർഡ് (Bard) എല്ലായിടത്തും എഐ തന്നെ. ഒരു അഭിമുഖത്തിന് പോയാൽ അവിടെയും കാത്തിരിക്കുന്നത് എഐ ആകും. വെറുതെ പറഞ്ഞതല്ല, എഐ ഇന്റർവ്യൂവിലേക്ക് മാറാൻ ദുബായി ഒരുങ്ങി കഴിഞ്ഞു. അടുത്ത വർഷം അവസാനത്തോടെ എഐ ഇന്റർവ്യൂകൾ ദുബായിൽ തുടങ്ങും. ദുബായിലെ ഒരു ജോബ് ഹയറിങ് സ്ഥാപനമാണ് എഐ അഭിമുഖങ്ങൾ നടത്താൻ തുടങ്ങുന്നത്.
എഐ അഭിമുഖം
തൊഴിൽദാതാക്കളും തൊഴിലന്വേഷകരും സാധാരണ അഭിമുഖത്തിന് വേണ്ടി ചെലവഴിക്കുന്ന സമയം കുറയ്ക്കാം എന്നതാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിർച്വൽ ഇൻർവ്യൂ (AIVI) കൊണ്ടുള്ള ഏറ്റവും വലിയ ഗുണം. അഭിമുഖം കഴിഞ്ഞ് മറുപടിക്ക് ഉദ്യോഗാർഥികൾ ദിവസങ്ങളോളം കാത്തിരിക്കുകയും വേണ്ട. അഭിമുഖം കഴിഞ്ഞ ഉടൻ മറുപടിയും ലഭിക്കും.
എഐയെ അഭിമുഖം ഏൽപ്പിക്കുന്നതിന് മുമ്പ് തൊഴിൽദാതാക്കൾ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കണം. എഐ അഭിമുഖത്തിന് തൊഴിൽദാതാക്കൾ പ്രത്യേക അക്കൗണ്ട് ഉണ്ടാക്കി തൊഴിലിനെ കുറിച്ചുള്ള വിവരണം നൽകണം. എഐയ്ക്ക് മനസിലാകുന്ന തരത്തിലായിരിക്കണം തൊഴിൽ വിവരണം. ഇതിന് ശേഷം ഉദ്യോഗാർഥികളെ അഭിമുഖത്തിന്റെ ആദ്യ ഘട്ടത്തിന് വിളിച്ച് തുടങ്ങാം. ലാപ്ടോപ്പ്, മൊബൈൽ ഫോൺ, വിആർ ഹെഡ് സെറ്റ് എന്നിവയിൽ ഏത് വേണമെങ്കിലും അഭിമുഖത്തിൽ പങ്കെടുക്കാൻ ഉപയോഗിക്കാം. ഉദ്യോഗാർഥികൾക്കും അഭിമുഖത്തിന് മുമ്പ് കുറച്ച് കാര്യങ്ങൾ ചെയ്യാനുണ്ട്. റെസ്യൂമും മറ്റു വിവരങ്ങളും അപ്ലോഡ് ചെയ്യുന്നതിനായി മുൻക്കൂട്ടി തയ്യാറാക്കി വെക്കണം. ഈ വിവരങ്ങൾ അടിസ്ഥാനമാക്കിയായിരിക്കും എഐ അഭിമുഖം നടത്തുക. ഉദ്യോഗാർഥി തൊഴിലിന് എത്രത്തോളം അനുയോജ്യനാണെന്ന് മറുപടി കേട്ട് മാത്രമായിരിക്കില്ല, വെബ് കാമിലൂടെ കണ്ടും എഐ വിലയിരുത്തും. അഭിമുഖം കഴിഞ്ഞയുടനെ ഫലവും അറിയാം. അഭിമുഖത്തിന് ശേഷം കൃത്യമായ മറുപടി ലഭിക്കാൻ വൈകുന്നത് ഉദ്യോഗാർഥികളെ ആശങ്കയിലാക്കാറുണ്ട്. അങ്ങനെയുള്ള കാത്തിരിപ്പുകൾ ഒഴിവാക്കാൻ എഐ അഭിമുഖങ്ങൾക്ക് സാധിക്കും.
തൊഴിലന്വേഷകർ തയ്യാറാകുക
പതിവിലും വ്യത്യസ്തമായ തയ്യാറെടുപ്പുകൾ നടത്തിയിട്ടേ ഉദ്യോഗാർഥികൾ എഐയുടെ മുന്നിൽ അഭിമുഖത്തിന് ഇരിക്കാൻ പാടുള്ളൂ. സിമുലേറ്റഡ് അഭിമുഖമായതിനാൽ അഭിമുഖം കഴിഞ്ഞയുടൻ തന്നെ മറുപടിയും അറിയാൻ പറ്റും. അതിൽ ജോലി ഉറപ്പിക്കാൻ ഉദ്യോഗാർഥികൾ നന്നായി തന്നെ ഒരുങ്ങണം. ഇന്റർവ്യൂ സ്കില്ലുകൾ വികസിപ്പിക്കണമെന്ന് സാരം. ഉദ്യോഗാർഥിയുടെ ആത്മവിശ്വാസം അളക്കുന്ന എഐ ഭാവിയിലും അഭിമുഖങ്ങൾ നടത്താനായി അത്തരം കാര്യങ്ങൾ സൂക്ഷിച്ചുവെക്കും.
നൽകിയിരിക്കുന്ന പ്രൊഫൈൽ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അഭിമുഖത്തിന് ചോദിക്കാനുള്ള ചോദ്യങ്ങൾ എഐ തയ്യാറാക്കുന്നത്. ചോദ്യങ്ങൾ പ്രസക്തമാണോ തുടങ്ങിയ കാര്യങ്ങൾ എല്ലാം വിലയിരുത്തിയാണ് അഭിമുഖം നടത്തുക.