അംബാനി കുടുംബത്തിലെ മക്കളെ ആർക്കാണ് അറിയാത്തത്. മുകേഷ് അംബാനിയുടെ ഇരട്ടകൾ ആകാശും ഇഷയും ഇന്ന് റിലയൻസിന്റെ അവിഭാജ്യ ഘടകങ്ങളാണ്. ഫോബ്സിന്റെ ഇന്ത്യൻ കോടീശ്വരന്മാരുടെ പട്ടികയിൽ മുകേഷ് അംബാനി വീണ്ടും ഒന്നാം സ്ഥാനത്ത് എത്തിയതിന് പിന്നാലെ 31ക്കാരായ ഇരട്ടകളുടെ കഴിവ് എല്ലാവരും അംഗീകരിക്കുകയും ചെയ്തു. എന്നാൽ അംബാനി കുടുംബത്തിൽ വിജയക്കഥകളിൽ പേരില്ലാതെ പോയ ഒരാളുണ്ട്. അല്ല, അനിൽ അംബാനിയെ കുറിച്ചല്ല പറയുന്നത്. മുകേഷ് അംബാനിയുടെ ഇളയമകൻ ആനന്ദ് അംബാനിയെ കുറിച്ചാണ്.
വണ്ണം കുറയ്ക്കലും വിവാഹവും ആനന്ദ് അംബാനിയെ വാർത്തകളിൽ നിറച്ചിരുന്നു. എന്നാൽ ബിസിനസ് മേഖലയിൽ ആനന്ദ് അംബാനിയെ കുറിച്ച് അത്ര ശുഭകരമായ കാര്യങ്ങളല്ല പുറത്ത് വരുന്നത്.
ബിസിനസിൽ സഹോദരങ്ങളെ പോലെ കഴിവ് തെളിയിക്കാൻ ആനന്ദിന് ഇതുവരെ അവസരം ലഭിച്ചിട്ടില്ല. കൊടുത്ത അവസരം കൊണ്ട് കാര്യമൊന്നുമുണ്ടായിട്ടില്ല എന്ന പക്ഷം പിടിക്കുന്നവരും കുറവല്ല. കഴിഞ്ഞില്ല, റിലയൻസ് ഇൻഡസ്ട്രീസിന്റെ ബോർഡിലേക്ക് ആനന്ദ് അംബാനിയെ നിയമിക്കുന്നതിന് അനുകൂലിച്ച് വോട്ട് ചെയ്യരുതെന്ന് ഇൻസ്റ്റിറ്റ്യൂഷണൽ ഹോൾഡർ സർവീസ് ഇൻക് കഴിഞ്ഞ ദിവസം ഷെയർഹോൾഡർമാരോട് ആവശ്യപ്പെടുകയും ചെയ്തു.
പ്രായമില്ല, ബോർഡിലേക്ക് വേണ്ട
റിലയൻസിന്റെ ബോർഡിലേക്ക് ആകാശും ഇഷയും വന്നത് ഷെയർഹോൾഡർമാരുടെ പൂർണ പിന്തുണയോടെയാണ്. ഇരുവർക്കും കിട്ടിയ സ്വീകരണം പക്ഷേ ആനന്ദിന് ലഭിച്ചിട്ടില്ല.
ബോർഡിന്റെ വാതിൽ അത്ര പെട്ടന്ന് ആനന്ദിന് മുന്നിൽ തുറക്കാൻ ഷെയർഹോൾഡർമാർ തയ്യാറാകില്ല എന്നാണ് വിലയിരുത്തൽ. ബോർഡിൽ നേതൃപരിചയവും പ്രവർത്തന പരിചയവും കുറവാണ് തുടങ്ങിയ കാരണങ്ങളാണ് ആനന്ദിന് എതിരേയുള്ളത്. 28 വയസ്സുള്ള ആനന്ദ് വോട്ടിംഗ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ല എന്നാണ് ഇൻസ്റ്റിറ്റിയൂഷണൽ ഇൻവെസ്റ്റർ അഡ് വൈസറി സർവീസസിന്റെ പക്ഷം.
ധീരുഭായി അംബാനി മരിച്ചപ്പോൾ 20 വയസ്സിലാണ് മുകേഷ് അംബാനി റിലയൻസ് ബോർഡിൽ അംഗമാകുന്നത്. റിലയൻസിന്റെ പിളർപ്പിലേക്ക് നയിച്ചത് മുകേഷിന്റെ പക്വതയില്ലായ്മയാണെന്ന് പലർക്കും അഭിപ്രായമുണ്ട്.
ഇനിയും അത്തരം സാഹചര്യങ്ങളുണ്ടാക്കാൻ താത്പര്യമില്ല എന്ന നിലപാടിലാണ് ഷെയർഹോൾഡർമാർ. റിലയൻസിന്റെ ഗ്രീൻ എനർജി മേഖലയിൽ പ്രവർത്തിക്കുകയാണ് ആനന്ദ് ഇപ്പോൾ. ഗ്രീൻ എനർജിയിൽ റിലയൻസിന് നേട്ടമുണ്ടാക്കാൻ സാധിച്ചാൽ ആനന്ദിനെ കുറിച്ചുള്ള അഭിപ്രായത്തിൽ മാറ്റമുണ്ടായേക്കാം. അതുകൊണ്ട് കഴിവ് തെളിയിക്കാൻ ആനന്ദ് നന്നായി അധ്വാനിക്കേണ്ടി വരും.