ഇന്ത്യൻ ഐ.ടി സേവന വ്യവസായത്തിന് രണ്ടാം പാദം മിതമായ വളർച്ചയാണ് റിപ്പോർട്ട് ചെയ്തത്. എന്നിട്ടും രാജ്യത്തെ ഏറ്റവും വലിയ ഐ ടി സേവന ദാതാവായ TCS പിടിച്ചു നിന്നു. ജൂലൈ മുതൽ സെപ്തംബർ വരെയുള്ള മൂന്ന് മാസ കാലയളവിൽ TCS ന്റെ അറ്റാദായത്തിൽ 8.7% വർധന രേഖപ്പെടുത്തി. ആഗോള മാന്ദ്യത്തിൽ മറ്റു ഐ ടി കമ്പനികളുടെ സേവന കരാറുകളിൽ ഇടിവ് സംഭവിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ടി സി എസ്സിന്റെ അതി ജീവനം.
ജൂലൈ മുതൽ സെപ്തംബർ വരെയുള്ള മൂന്ന് മാസ കാലയളവ് പരമ്പരാഗതമായി ഇന്ത്യൻ ഐടി സേവന വ്യവസായത്തിന്റെ ഏറ്റവും ശക്തമായ പാദമായി കണക്കാക്കപ്പെടുന്നു, എന്നാൽ ഈ വര്ഷം അത്ര ആശാവഹമല്ല ഇന്ത്യൻ കമ്പനികൾക്ക്. എങ്കിലും ലാഭവിഹിതം സ്ഥിരമായി നിലനിർത്തിക്കൊണ്ട് വരുമാനത്തിൽ അത്ര വലുതല്ലാത്ത വളർച്ച ഉണ്ടാകുമെന്ന് നിരവധി വിശകലനങ്ങൾ സൂചിപ്പിക്കുന്നു.
യുഎസും യൂറോപ്പും പോലുള്ള പ്രധാന വിപണികളിൽ നിന്നുള്ള സേവന ഡിമാന്റുകളിലെ അനിശ്ചിതത്വം, മന്ദതയിലായ ആഗോള മാക്രോ ഇക്കണോമിക് സാഹചര്യങ്ങൾ എന്നിവ ഇൻഫോസിസ്, എച്ച്സിഎൽടെക്, വിപ്രോ തുടങ്ങിയ വലിയ ഇന്ത്യൻ ഐടി സേവന കമ്പനികളുടെ രണ്ടാം പാദത്തിലെ പ്രകടനം അത്ര ശോഭനമാക്കിയില്ല.
അതെ സമയം ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന കയറ്റുമതിക്കാരായ ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) നടപ്പ് സാമ്പത്തിക വർഷത്തിലെ ജൂലൈ മുതൽ സെപ്തംബർ വരെയുള്ള മൂന്ന് മാസ കാലയളവിൽ അറ്റാദായത്തിൽ 8.7% വർധന രേഖപ്പെടുത്തി സേവന വിപണിക്ക് ഉത്തേജനം നൽകിയിരിക്കുന്നു. ഇതോടെ തങ്ങളുടെ ഒരു ഷെയറിന് 4,150 രൂപ ബൈബാക്ക് വിലയുള്ള 17,000 കോടി രൂപയുടെ ഷെയർ ബൈബാക്ക് പ്രോഗ്രാമും കമ്പനി പ്രഖ്യാപിച്ചു. ഈ പ്രോഗ്രാമിൽ 4.09 കോടി ഓഹരികൾ വരെ തിരികെ വാങ്ങും.
2023 സാമ്പത്തിക വർഷത്തിലെ 10,431 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 2024 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ അറ്റാദായം 11,342 കോടി രൂപയായി.
രണ്ടാം പാദത്തിൽ വരുമാനം 7.9 ശതമാനം വർധിച്ച് 59,692 കോടി രൂപയിലെത്തി.
ജാഗ്വാർ ലാൻഡ് റോവറിൽ നിന്ന് 1 ബില്യൺ ഡോളറിന്റെ കരാർ ടിസിഎസ് സ്വന്തമാക്കി; IBM, IIT-B, IISc എന്നിവയുമായുള്ള പങ്കാളിത്തം പുതുക്കുകയാണ് കമ്പനി.
വിശാലമായ മാക്രോ സമ്പദ്വ്യവസ്ഥയിൽ നിന്നുള്ള വെല്ലുവിളികൾ ഉണ്ടായിരുന്നിട്ടും, 11.2 ബില്യൺ ഡോളറിന്റെ ബില്ലിംഗ് ഓർഡർ ബുക്ക് തങ്ങളുടെ പക്കലുണ്ടെന്ന് ടിസിഎസ് അവകാശപ്പെടുന്നു.
കൂടാതെ, സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ പ്രവർത്തന ലാഭം 30 ബേസിസ് പോയിൻറുകൾ മെച്ചപ്പെടുത്താനും ടിസിഎസിന് കഴിഞ്ഞു. ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തൽ, ചെലവ് ഒപ്റ്റിമൈസേഷൻ, അതിന്റെ ഉപ-കരാർ ചെലവ് കുറയ്ക്കൽ എന്നിവയാണ് ഇതിന് പ്രധാന കാരണം
ടിസിഎസിന്റെ ജീവനക്കാരുടെ എണ്ണം 6,333 ആയി കുറഞ്ഞതും ലാഭമുയർത്തുന്ന മറ്റൊരു ഘടകമാണ്. രണ്ടാം പാദത്തിന്റെ അവസാനത്തിൽ, മൊത്തം ജീവനക്കാരുടെ എണ്ണം 608,985 ആയി കുറഞ്ഞു. ആദ്യ പാദത്തിലെ ജീവനക്കാരുടെ എണ്ണം 615,318 ആയിരുന്നു.
നില മെച്ചപ്പെടുത്താൻ പല വഴികൾ തേടി ഇന്ത്യൻ ഐ ടി സേവന മേഖല
നില അത്ര ശോഭനമല്ലെന്ന വിശകലനങ്ങൾ വന്നതിനു പിന്നാലെ പതിവിനു വിപരീതമായി ഐ.ടി കമ്പനികൾ ശമ്പള വർദ്ധന മാറ്റിവച്ചു മാർജിൻ നിലനിർത്താനുള്ള വഴി തേടി. AI ടൂളുകളുടെ രംഗപ്രവേശം കാരണം വിവിധ വിഭാഗങ്ങളിൽ എക്സ്പേർട്ടുകളുടെ ആവശ്യം കുറഞ്ഞതിനാൽ പുതിയ നിയമനങ്ങൾക്ക് നൽകാനുള്ള വേതന ഭാരം തത്കാലം കമ്പനികൾ നേരിടുന്നില്ല.
സാങ്കേതികവിദ്യാ ചെലവുകൾക്കുള്ള മുൻഗണനയിൽ മാറ്റം വരുത്തിക്കൊണ്ട് ഐ.ടി വ്യവസായം പുനഃസജ്ജീകരണത്തിനായി നീങ്ങുകയാണ്. AI പോലുള്ള പ്ലാറ്റ്ഫോമുകളിൽ കൂടുതൽ സേവന കരാറുകൾ ഉണ്ടാകും എന്നതാണ് കമ്പനികളുടെ പ്രതീക്ഷ. ഇന്ത്യൻ ഐടി കമ്പനികൾ ഇതിനകം നിക്ഷേപം നടത്തിയിട്ടുള്ളതും അത് തുടരുന്നതുമായ ഒരു വിഭാഗമാണിത്.