നവരാത്രി, ദീപാവലി, ബ്ലാക്ക് ഫ്രൈഡേ, ക്രിസ്തുമസ്, പുതുവർഷം. ഒന്ന് കഴിയുമ്പോഴേക്കും അടുത്ത ആഘോഷത്തിന്റെ വരവായി. ആഘോഷങ്ങൾ ഓൺലൈൻ ഷോപ്പിംഗിന്റെ ഉത്സവകാലമാണ്. ആമസോൺ (Amazon), ഫ്ലിപ്പ്കാർട്ട് (Flipkart), മിന്ത്ര (Myntra) എല്ലാവരും ഓഫറുമായി വരിനിൽക്കുകയാണ്.
മികച്ച ഓഫറുകൾ, ഇഷ്ടം പോലെ സെലക്ഷനുകൾ, കാർട്ട് വലിച്ച് നടന്ന് വലയണ്ട. ഓൺലൈൻ ഷോപ്പിംഗിലേക്ക് തിരിയാൻ നിരവധിയുണ്ട് കാരണങ്ങൾ. എന്നാൽ ഓൺലൈൻ ഷോപ്പിംഗിൽ സൂക്ഷിച്ചില്ലെങ്കിൽ അക്കൗണ്ട് കാലിയാകുന്നത് അറിയില്ല, പറ്റിക്കപ്പെടാനുള്ള സാധ്യതകളും നിരവധി. ഇന്റർനെറ്റ് ക്രൈം കംപ്ലൈന്റ് സെന്ററിന്റെ കണക്ക് അനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതൽ സൈബർ കുറ്റകൃത്യങ്ങൾ നടന്നത് ഓൺലൈൻ ഷോപ്പിംഗിന്റെ പേരിലാണ്.
ചൂണ്ടിയിട്ട് കാത്തിരിക്കുന്നവർ
ഓൺലൈൻ ഷോപ്പിംഗിന് ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഫോണിനെയും ലാപ്ടോപ്പിനെയും മറ്റുമായിരിക്കും.
ഇവ മലീഷ്യസ് സോഫ്റ്റു വെയറുകളിൽ നിന്ന് സുരക്ഷിതമാണെന്ന് ഉറപ്പിക്കണം എന്ന് എല്ലാവർക്കും അറിയാം. പക്ഷേ, പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്നതും അതായിരിക്കും. പബ്ലിക് നെറ്റ് വർക്കുകൾ ഉപയോഗിച്ച് ഓൺലൈനായി സാമ്പത്തിക ഇടപാടുകൾ നടത്താതിരിക്കുക. വയർലെസ് നെറ്റ് വർക്കുകൾ ഉപയോഗിക്കുന്നവർ അവ എൻക്രിപ്റ്റഡ് ആണെന്ന് ഉറപ്പിക്കുക. തിരക്ക് പിടിച്ച് ഷോപ്പിംഗ് നടത്തുമ്പോൾ സൈറ്റ് സുരക്ഷിതമാണോയെന്ന് പരിശോധിക്കാൻ സമയം കണ്ടെത്തണം. വ്യത്യസ്ത ഡൊമൈനുകൾ ഉള്ള സൈറ്റുകൾ നിങ്ങളെ പറ്റിക്കുന്നതായിരിക്കും.
കാർഡിനെ സൂക്ഷിക്കണം
ഓൺലൈൻ ഷോപ്പിംഗിന് എപ്പോഴും ക്രെഡിറ്റ് കാർഡോ പേ പാലോ ആണ് നല്ലത്. ഓൺലൈൻ ഷോപ്പിംഗിന് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാതെ ഇരിക്കുന്നതായിരിക്കും നല്ലത്. ക്രെഡിറ്റ് കാർഡിനുള്ളത് പോലെയുള്ള സെക്യൂരിറ്റി പ്രൊട്ടക്ഷൻ ഡെബിറ്റ് കാർഡിനില്ല. ഓൺലൈൻ ഷോപ്പിംഗിനും പണമിടപാടിനും മാത്രമായി ഒരു ക്രെഡിറ്റ് കാർഡ് വാങ്ങുന്നത്തിൽ തെറ്റില്ല.
അത് പോലെ വമ്പൻ വിലക്കുറവ് തരുന്ന എല്ലാ സൈറ്റുകളും കണ്ണുമടച്ച് വിശ്വസിക്കരുത്. നിങ്ങൾ വാങ്ങിയ സാധനമായിരിക്കില്ല കൈയിൽ കിട്ടുന്നത്. ചില സ്ഥാപനങ്ങൾ സാധനങ്ങൾ തിരിച്ചെടുത്തെന്ന് വരില്ല. ചില സ്ഥാപനങ്ങൾ നിങ്ങളുടെ സാമ്പത്തിക വിവരങ്ങൾ മറ്റുള്ളവർക്ക് കൈമാറിയെന്നും വരാം. വലിയ ഓഫറുകൾ തരുന്നവരെ അത് കൊണ്ട് തന്നെ സൂക്ഷിക്കണം.
ഗിഫ്റ്റ് കാർഡുകൾ വാങ്ങുമ്പോഴും ഈ ശ്രദ്ധ വേണം. അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്ന് തന്നെ ഗിഫ്റ്റ് കാർഡ് വാങ്ങുക. വാങ്ങിയ സാധനം തിരിച്ച് നൽകാൻ പോലും പറ്റിയെന്ന് വരില്ല.
ഇഷ്ടപ്പെട്ട ഉടനെ വാങ്ങണ്ട
സാധനം ഇഷ്ടപ്പെട്ട് കാർട്ടിലിട്ടു, ‘ബൈ നൗ’ ഓപ്ഷനിലേക്ക് പോകുന്നതിന് മുമ്പ് ഒന്ന് പ്രൊഡക്ടിന്റെ റിവ്യൂ വായിച്ച് നോക്കുക. നമ്മൾ കണ്ട സാധനം തന്നെയാണ് അവർ നൽകുന്നത് എന്ന് ഇത് വഴി ഉറപ്പിക്കാം.
പുതിയതായി സൈറ്റിൽ കയറുന്നവർക്ക് ചിലർ പ്രത്യേക ഓഫറുകൾ നൽകാറുണ്ട്. അക്കൗണ്ട് ഉണ്ടെങ്കിലും പുതിയ ഒരു അക്കൗണ്ട്കൂ ടിയുണ്ടാക്കുന്നതിൽ തെറ്റില്ല.
മൊബൈൽ ആപ്പുകളാണ് ഓൺലൈൻ ഷോപ്പിംഗിന് മികച്ചത്. പല ആപ്പുകളും ഷോപ്പിംഗിന് വമ്പൻ ഡിസ്കൗണ്ടുകൾ കൊടുക്കാറുണ്ട്. ചില ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ ആപ്പ് ഉപയോഗിക്കുന്നവർക്ക് മാത്രമായി ഓഫറുകൾ നൽകാറുമുണ്ട്.
ബജറ്റിന് ഷിപ്പിംഗും സൈറ്റുകളും
എല്ലാ ഷോപ്പിംഗ് സൈറ്റുകളും മികച്ച ഡീലാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. ഓഫറുകൾ കണ്ട് സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന ആളുകളും കുറവല്ല. അവസാനം അക്കൗണ്ട് കാലിയാകുമ്പോഴായിരിക്കും പലരും പണത്തിന് കുറച്ച് ചിന്തിക്കുന്നത് പോലും.
ചെലവാക്കിയതിനെ കുറിച്ച് പിന്നീട് കുറ്റബോധം തോന്നാതിരിക്കാൻ വാങ്ങേണ്ട സാധനങ്ങളെ കുറിച്ച് ആദ്യമേ ലിസ്റ്റുണ്ടാക്കി, ബജറ്റ് ഇടുക.
സാധനങ്ങൾ വാങ്ങാൻ ഉറപ്പിച്ചാൽ ഒരു സൈറ്റിനെ തന്നെ ആശ്രയിക്കണമെന്നില്ല. വ്യത്യസ്ത സൈറ്റുകൾ വ്യത്യസ്ത ഷിപ്പിംഗ്-ഡെലിവറി ചാർജാണ് ഈടാക്കുന്നത്. നിങ്ങളുടെ വിലാസത്തിലേക്ക് ഫ്രീയായി ഷിപ്പിംഗ് നടത്തുന്ന സൈറ്റുകളുമുണ്ട്.
ഷിപ്പിംഗ് ഫീ അറിയുന്നതിന് മാത്രമല്ല വ്യത്യസ്ത സൈറ്റുകൾ നോക്കേണ്ടത്. കൂട്ടത്തിൽ വില താരതമ്യം ചെയ്യുകയുമാകാം. എന്താണ് വാങ്ങേണ്ടത് എന്ന് ഉറപ്പിച്ച് കഴിഞ്ഞാൽ വ്യത്യസ്ത സൈറ്റുകളിൽ സാധനത്തിന്റെ വില പരിശോധിക്കാം. ചില സൈറ്റുകൾ എക്സ്ട്രാ ഓഫർ തരുന്ന ബാങ്കുകളെയും സ്ഥാപനങ്ങളെയും പറഞ്ഞുതരും.
കാഷ് ബാക്ക് ഓഫറിനെ വിടണ്ട
ഓഫറുകൾക്ക് കൂപ്പൺ കോഡുകൾ ഉപയോഗിക്കുന്നവർ കുറവല്ല. എന്നാൽ കാഷ് ബാക്കും പണം മിച്ചം പിടിക്കാനുള്ള മാർഗമാണ്. ഒഫീഷ്യൽ സൈറ്റിൽ കയറി കാഷ് ബാക്ക് ഡീലുകൾ പരിശോധിക്കുക. പെന്നിഫാൾ (Pennyful), കാഷ്കരോ (CashKaro) തുടങ്ങിയ വെബ്സൈറ്റുകൾക്ക് സ്ഥാപനങ്ങുമായി ബന്ധമുണ്ട്. ഇത്തരം സൈറ്റുകളുടെ ലിങ്ക് വഴി കയറുന്നവർക്ക് പ്രത്യേക ഓഫറുകൾ ലഭിക്കും. നിരവധി ഇഎംഐ ഓഫറുകൾ ഉള്ളപ്പോൾ ഏതെടുക്കണമെന്ന് സംശയിച്ച് നിൽക്കുന്നവരുണ്ട്. ചില വെബ്സൈറ്റുകൾ പലിശ രഹിത ഇഎംഐകൾ നൽകുന്നുണ്ട്.അതും ഉപയോഗപ്പെടുത്താവുന്നതാണ്.