മെച്ചപ്പെട്ട ജീവിതത്തിന് സാമ്പത്തിക സുരക്ഷിതത്വം അത്യാവശ്യമാണ്. വാര്‍ധക്യത്തിലെത്തുമ്പോള്‍ പ്രത്യേകിച്ച്. അതിനായി മുന്‍ക്കൂട്ടി ആസൂത്രണം ചെയ്താല്‍ ആശങ്കയില്ലാതെ മുന്നോട്ടു പോകാം. വരുമാനം ഉള്ള കാലത്ത് അതില്‍ ഒരു പങ്ക് സൂക്ഷിച്ച് വെച്ച് പ്രായമാകുമ്പോള്‍ ഉപയോഗപ്പെടുത്താന്‍ പറ്റുന്ന സ്കീമുകള്‍ സര്‍ക്കാര്‍ തന്നെ അവതരിപ്പിക്കുന്നുണ്ട്. ഏത് വിഭാഗത്തിലുള്ളവര്‍ക്കും ആശ്രയിക്കാന്‍ പറ്റുന്ന ഒന്നാണ് നാഷണല്‍ പെന്ഷന് സിസ്റ്റം അഥവാ എന്‍പിഎസ് (NPS). എന്‍പിഎസ് ഇന്ത്യയിലുള്ളവര്‍ക്ക് മാത്രമല്ലേ, എന്ന സംശയം പലര്‍ക്കുമുണ്ട്. അപ്പോള്‍ വിദേശത്ത് ജോലിചെയ്യുന്ന മലയാളികൾക്കോ? അവര്‍ക്കും ധൈര്യമായി ആശ്രയിക്കാന്‍ പറ്റുന്ന ഒന്നാണ് ദേശീയ പെന്ഷന് സ്കീം.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കായാണ് 2004ല്‍ എന്‍പിഎസ് പെന്ഷന് പദ്ധതി ആദ്യമായി അവതരിപ്പിക്കുന്നത്. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പെന്ഷന് ഫണ്ട് റെഗുലേറ്ററി ഡെവലപ്മെന്റ് അതോറിറ്റിക്കാണ് (പിഎഫ്ആര്‍ഡിഎ) പദ്ധതിയുടെ നടത്തിപ്പ് ചുമതല. 2009ല്‍ സര്‍ക്കാര്‍ എല്ലാ വിഭാഗം ആളുകള്‍ക്കും അംഗമാകാന്‍ പറ്റുന്ന തരത്തിലേക്ക് പദ്ധതിയില്‍ ഭേദഗതി വരുത്തി. അതോടെ എന്‍ആര്‍ഐകള്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിച്ചു തുടങ്ങി.
ആര്‍ക്കൊക്കെ പെൻഷൻ കിട്ടും?
18-65ന് ഇടയില്‍ പ്രായമുള്ള, ഇന്ത്യന്‍ പൗരത്വമുള്ള ആര്‍ക്കും നാഷണല്‍ പെന്ഷന് സിസ്റ്റം അഥവാ എന്‍പിഎസ് (NPS) ഭാഗമാകാം. ഇതില്‍ എന്‍ആര്‍ഐകളെ ഒഴിവാക്കുന്നില്ല. പേഴ്സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (പിഐഒ), ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ (ഒഐസി) വിഭഗത്തില്പ്പെടുന്നവര് എന്‍പിഎസിന് അര്‍ഹരല്ല. ഒരു വ്യക്തിക്ക് ഒരു അക്കൗണ്ടാണ് അനുവദിക്കുന്നത്. എന്‍ആര്‍ഐ ആൾക്കാർ, കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണമെന്ന് മാത്രം. ഏതെങ്കിലും കാരണത്താല്‍ ഇന്ത്യന്‍ പൗരത്വം ഇല്ലാതായാല്‍ മാത്രമാണ് എന്‍പിഎസിലെ എന്‍ആര്‍ഐ അക്കൗണ്ട് അവസാനിപ്പിക്കേണ്ടി വരിക. ഇന്ത്യക്കാരനായി ഇരിക്കുന്നിടത്തോളം നിങ്ങള്‍ രാജ്യത്തിന് പുറത്ത് എവിടെയാണെങ്കിലും പ്രശ്നമില്ല, എന്‍പിഎസില്‍ അക്കൗണ്ട് എടുക്കാം. എന്‍പിഎസില്‍ NRI അംഗങ്ങൾക്ക് നിക്ഷേപ പരിധിയില്ല.
എങ്ങനെ തുടങ്ങാം?
എങ്ങനെയാണ് എന്‍ആര്‍ഐകള്‍ എന്‍പിഎസില്‍ അക്കൗണ്ട് എടുക്കാന്‍ സാധിക്കുക. പിഒപി അഥവാ പോയന്റ് ഓഫ് പ്രസന്‍സ് സേവനകേന്ദ്രത്തില്‍ ഇതിനുള്ള സൗകര്യമുണ്ട്. പൊതുമേഖലാ ബാങ്കുകള്‍, ചില സ്വകാര്യ ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍ എന്നിവ പിഒപി കേന്ദ്രങ്ങളാണ്. അല്ലെങ്കില്‍ പിഎഫ്ആര്‍ഡിഎ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യാം.
ഇഎന്‍പിഎസ് രജിസ്ട്രേഷനില്‍ പുതിയതായി രജിസ്റ്റര്‍ ചെയ്യണം. എന്‍ആര്‍ഐകള്‍ നോണ്‍ ഇന്ത്യന്‍ എന്ന ഓപ്ഷനിലാണ് ബാങ്ക് അക്കൗണ്ടും വ്യക്തി വിവരങ്ങളും മറ്റും നല്‍കേണ്ടത്. തുടര്‍ന്ന് ഫണ്ട് മാനേജര്‍, നിക്ഷേപക രീതി എന്നിവ ശ്രദ്ധയോടെ തിരഞ്ഞെടുക്കാം. നിങ്ങളുടെ താത്പര്യമനുസരിച്ച് ആക്ടീവോ, ഓട്ടോ മോഡോ എടുക്കാം. അക്കൗണ്ട് എടുക്കുന്നതിന് 2MBയില്‍ കൂടാത്ത Jpg./png ഫയലില്‍ പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ, ഒപ്പ്, കാന്‍സല്‍ ചെയ്ത ചെക്ക് എന്നിവയുടെ കോപ്പികള്‍ മറക്കാതെ കൈയില്‍ കരുതണം. മിനിമം തുകയായ 500 അടച്ചാല്‍ പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് (PRAN) എടുക്കാം. പിആര്‍എഎന്‍ ലഭിച്ച് 90 ദിവസത്തിനുള്ളില്‍ അക്കൗണ്ട് കൃത്രിമമല്ലെന്ന് തെളിയിക്കണം. അംഗത്വം കിട്ടി കഴിഞ്ഞാല്‍ നിക്ഷേപകര്‍ക്ക് 12 അക്കങ്ങളുള്ള പിആര്‍എഎന്‍ നമ്പര്‍ രേഖപ്പെടുത്തിയ കാര്‍ഡ് കിട്ടും.
നിക്ഷേപവും അക്കൗണ്ടും
എന്‍പിഎസ് ആഗ്രഹിക്കുന്ന എന്‍ആര്‍ഐകള്‍ ടയര്‍ 1 അക്കൗണ്ടാണ് എടുക്കേണ്ടത്. ബാങ്ക് അക്കൗണ്ട് ഒന്നുകിൽ NRE അല്ലെങ്കില്‍ NRO ആയിരിക്കണം. ഈ അക്കൗണ്ടായിരിക്കും എന്‍പിഎസ് ആവശ്യത്തിനായി ഉപയോഗിക്കുക. വര്‍ഷത്തില്‍ മിനിമം 6000 രൂപ നിക്ഷേപിക്കണമെന്നാണ് വ്യവസ്ഥ. ഇതില്‍ കൂടുതല്‍ എത്ര വേണമെങ്കിലുമാകാം. വര്‍ഷത്തില്‍ എത്ര തവണ പണമിടണം എന്നതിലും പ്രത്യേക നിബന്ധനകളില്ല. മാസ തവണകളായോ ഒന്നിച്ചോ ചെയ്യാന്‍ പറ്റും.
നിക്ഷേപിക്കുന്ന തുക ഏതു വിഭാഗത്തിലായിരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം നിക്ഷേപകനാണ്.
പിഎഫ്ആര്‍ഡിഎ അംഗീകാരത്തോടെ എല്‍ഐസി (LIC), യുടിഐ (UTI), എസ്ബിഐ(SBI), ഐസിഐസിഐ പ്രഡന്‍ഷ്യല്‍ (ICICI Prudential), ബിര്‍ള സണ്‍ ലൈഫ് (Birla Sun Life), എച്ച്ഡിഎഫ്സി (HDFC), കൊടാക് മഹീന്ദ്ര (kodak Mahindra), റിലയന്‍സ് ക്യാപിറ്റല്‍ (Reliance Capital) തുടങ്ങിയ എട്ട് ഫണ്ട് മാനേജര്‍മാരാണ് നിക്ഷേപം കൈകാര്യം ചെയ്യുന്നത്.
എപ്പോള്‍ തിരിച്ച് കിട്ടും
റിട്ടയര്‍മെന്റായി 60 വയസ്സിന് ശേഷമാണ് എന്‍പിഎസില്‍ നിന്ന് തുക ലഭിച്ചു തുടങ്ങുക. പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമേ അതിന് മുമ്പ് പിന്‍വലിക്കാന്‍ അനുവാദമുള്ളൂ. വിദേശ നിക്ഷേപകര്‍ക്ക് ഇന്‍കം ടാക്സ് നിയമം (Income Tax Act) സെക്ഷന്‍ 80 സി അനുസരിച്ച് 1,50,000 രൂപ നികുതി ഇളവ് ആവശ്യപ്പെടാന്‍ സാധിക്കും. 50,000 രൂപവരെ അധികമായ കിഴിവും സെക്ഷന്‍ 80 സിസിഡി(1ബി) പ്രകാരം എന്‍പിഎസില്‍ നിന്ന് കിട്ടും. അക്കൗണ്ട് ഹോള്‍ഡര്‍ മരിക്കുന്ന സാഹചര്യത്തില്‍ നോമിനിക്ക് അക്യുമിലേറ്റഡ് കോര്‍പ്പസ് 100% ലഭിക്കാന്‍ അവകാശമുണ്ട്.
ഒരു ലക്ഷത്തില്‍ കുറവാണ് തുകയെങ്കിലും 100% അക്യുമിലേറ്റഡ് കോര്‍പ്പസ് ലഭിക്കും. ഒരു ലക്ഷത്തിന് മുകളിലുള്ള അക്കൗണ്ടുകളില്‍ നിന്ന് 20% മാത്രമേ പിന്‍വലിക്കാന്‍ അനുവാദമുള്ളു. ബാക്കി 80% നിര്‍ബന്ധിത അന്യുറ്റി ഇന്‍വെസ്റ്റ്മെന്റിനായി നീക്കിവെക്കണം.
പിന്‍വലിക്കുന്ന 60% തുക ഇന്ത്യന്‍ രൂപയിലായിരിക്കും ലഭിക്കുക. ഇതിന് ഏതെങ്കിലും തരത്തിലുള്ള നികുതി അടയ്ക്കേണ്ടതില്ല. ബാക്കിവരുന്ന 40% തുക ആന്വിറ്റി പ്ലാനിനായി നീക്കിവെക്കണമെന്ന് വ്യവസ്ഥയുണ്ട്.
ടയര്‍ 1 അക്കൗണ്ടില്‍ മെച്യൂറിറ്റിയാകുന്നതിന് മുമ്പ് തുക പിന്‍വലിക്കുന്നത് അത്ര എളുപ്പമല്ലെങ്കിലും വിദ്യാഭ്യാസ, മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് ഇളവുകളുണ്ട്. നിക്ഷേപം തുടങ്ങി 3 വര്‍ഷത്തിന് ശേഷമേ ഇത്തരത്തില്‍ പിന്‍വലിക്കാന്‍ സാധിക്കുകയുള്ളു. വീണ്ടും പിന്‍വലിക്കാന്‍ 5 വര്‍ഷം കാത്തിരിക്കുകയും വേണം.