കെഎസ്ആർടിസി ബസ് എപ്പോൾ വരുമെന്ന് നോക്കിയിരുന്ന് മുഷിയണ്ട, ഡിപ്പോയിലേക്ക് ഇടയ്ക്കിടെ വിളിച്ച് അന്വേഷിക്കുകയും വേണ്ട. ഗൂഗിൾ മാപ്പ് നോക്കിയാൽ നിങ്ങൾ കാത്തിരിക്കുന്ന കെഎസ്ആർടിസി ബസ് എവിടെ എത്തിയെന്ന് അറിയാൻ പറ്റും. ബസ് ഗതാഗത കുരുക്കിലും മറ്റും കുടുങ്ങി കിടക്കുകയാണോയെന്ന് അറിഞ്ഞ് യാത്രയ്ക്ക് തയ്യാറെടുക്കാം.
എല്ലാ ബസുകളും അല്ല, കെഎസ്ആർടിസിയുടെ ദീർഘദൂര ബസുകളുടെ സഞ്ചാര പാത അറിയാനാണ് സൗകര്യമുള്ളത്. തിരുവനന്തപുരം തമ്പാനൂർ സെന്ററൽ ഡിപ്പോയിലെ ബസുകളാണ് ആദ്യം ഗൂഗിൾ മാപ്പിൽ കയറാൻ പോകുന്നത്. ഡിപ്പോയിലെ ദീർഘ ദൂര ബസുകളുടെ വരവും പോക്കും ഗൂഗിൾ മാപ്പ് പറഞ്ഞ് തരും.
എങ്ങനെ അറിയാം
ഗൂഗിളിന്റെ ട്രാൻസിസ്റ്റ് സംവിധാനമാണ് ബസുകളുടെ സഞ്ചാര പാത കണ്ടെത്താൻ ഉപയോഗിക്കുന്നത്. എല്ലാ ബസുകളിലും ജിപിഎസ് ഘടിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിനായി 5,105 ജിപിഎസ് മെഷീനുകളാണ് വാങ്ങിയിട്ടുള്ളത്. നിലവിൽ 600ഓളം സൂപ്പർക്ലാസ് ബസുകളുടെ സമയക്രമം ഗൂഗിൾ ട്രാൻസിറ്റിലേക്ക് മാറ്റിയിട്ടുണ്ട്.
കംപ്യൂട്ടറൈസ്ഡ് വെഹികിൾ ട്രാക്കിംഗ് ആൻഡ് മോണിറ്റിംഗ് സിസ്റ്റത്തിലേക്ക് പൂർണമായി മാറി കഴിഞ്ഞാൽ ബസുകൾ എവിടെ എത്തിയെന്ന വിവരം കൺട്രോൾ സംവിധാനത്തിലെത്തും. പദ്ധതി ഫലവത്തായാൽ യാത്രക്കാർക്ക് ബസുകളുടെ ലൈവ് ലൊക്കേഷൻ പങ്കുവെക്കാനുമാകും. ബൈപ്പാസ് റെഡറും സിറ്റി സർക്കുലറും ഇതിന്റെ ഭാഗമാകും.
സിറ്റി സർക്കുലർ ബസുകളുടെ തത്സമയ വിവരങ്ങൾ അറിയാൻ മൊബൈൽ ആപ്പായ നിയോയെ കെഎസ്ആർടിസി അവതരിപ്പിച്ചിരുന്നു. ഇനി ദീർഘദൂര ബസുകളുടെ വിവരങ്ങളും ഇത്തരത്തിൽ അറിയാൻ പറ്റും. കഴിഞ്ഞില്ല, ഒരേ റൂട്ടിൽ ആവശ്യത്തിലധികം ബസുകൾ ഒരുമിച്ച് ഓടിയാലും ഇനി കണ്ടെത്താൻ കഴിയും