ഇന്റർനെറ്റിലെ ഡാർക്ക് പാറ്റേണുകൾ കണ്ടെത്താൻ സോഫ്റ്റ് വെയർ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ. ഡാർക്ക് പാറ്റേണുകൾ കണ്ടെത്തുന്നതിന് ലോകത്തെ ആദ്യത്തെ സോഫ്റ്റ് വെയറായിരിക്കും ഇത്. ഇന്റർനെറ്റിൽ വിവിധ സേവനങ്ങളും ഉത്പന്നങ്ങളും ആളുകളെ തെറ്റിദ്ധരിപ്പിച്ച് വിൽക്കുന്നതിന് ടെക് കമ്പനികളാണ് ഡാർക്ക് പാറ്റേണുകൾ ഉപയോഗിക്കുന്നത്. പുതിയ സോഫ്റ്റ് വെയറിന്റെ സഹായത്തോടെ ഒരു വെബ്സൈറ്റോ ആപ്പോ തുറക്കുന്നതിന് മുമ്പ് ഇവ ഡാർക്ക് പാറ്റേണുകൾ ഉപയോഗിക്കുന്നുണ്ടോ എന്ന് ഉപഭോക്താക്കൾക്ക് മനസിലാക്കാൻ പറ്റുമെന്ന് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം അറിയിച്ചു.
ഐഐടി ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ പങ്കാളിത്തതോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഓപ്പൺ സോഴ്സ് സോഫ്റ്റ് വെയർ നിർമിക്കാൻ ഹാക്കത്തോണും കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം ആരംഭിച്ചു. സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ പറ്റുന്ന മൊബൈൽ ആപ്പും മറ്റുമാണ് നിർമിക്കുന്നത്.
വ്യാജനെ പിടിക്കും
യൂസർ എക്സിപീരിയൻസ് വിദഗ്ധൻ ഹാരി ബ്രിഗ്നാൾ (Harry Brignall) ആണ് ഡാർക്ക് പാറ്റേൺ എന്ന പദം ആദ്യമായി ഉപയോഗിക്കുന്നത്. വെബ്സൈറ്റോ ആപ്പോ വഴി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതും സാധനം വാങ്ങാൻ നിർബന്ധിക്കുന്നതും വഞ്ചിക്കുന്നതുമെല്ലാം ഡാർക്ക് പാറ്റേണിൽ ഉൾപ്പെടും. ഡാർക്ക് പാറ്റേണിലൂടെ ഉപഭോക്താവിന് കൊണ്ട് എന്തെങ്കിലും സാധനങ്ങളോ സേവനങ്ങളോ വാങ്ങാൻ നിർബന്ധിക്കുകയാണ് ടെക്ക് കമ്പനികൾ ലക്ഷ്യം വെക്കുന്നത്.
സ്റ്റോക്കുണ്ടെങ്കിലും ഇപ്പോൾ വാങ്ങിച്ചില്ലെങ്കിൽ ലഭിക്കില്ല, പരിമിത സമയത്തേക്ക് മാത്രം ലഭിക്കുന്ന ഓഫർ എന്ന തരത്തിലെല്ലാം ഇ-കൊമേഴ്സ് കമ്പനികൾ നൽകുന്ന അറിയിപ്പുകൾ ഡാർക്ക് പാറ്റേണാണ്. വ്യാജ അറിയിപ്പ് നൽകി അനാവശ്യമായി തിടുക്കമുണ്ടാക്കുകയാണ് ഡാർക്ക് പാറ്റേൺ ചെയ്യുന്നത്. വാങ്ങിയ ഉത്പന്നത്തിനൊപ്പം ഉപഭോക്താവിന്റെ അനുമതിയില്ലാതെ കാർട്ടിലേക്ക് വേറെയും സാധനങ്ങൾ ചേർക്കുന്നതും ഡാർക്ക് പാറ്റേണിന്റെ പരിധിയിൽ വരും.
വെബ്സൈറ്റുകൾ പതിവായി ഉപയോഗിക്കുന്ന പത്ത് തരം ഡാർക്ക് പാറ്റേണുകൾ കേന്ദ്ര സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. 2019 ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ സെക്ഷൻ 2(47)ന് കീഴിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. സോഫ്റ്റ് വെയർ വന്ന് കഴിഞ്ഞാൽ ഹിഡൻ ചാർജ്, സേവനം ലഭിക്കണമെങ്കിൽ സൈൻ അപ്പ് ചെയ്യണമെന്ന വ്യവസ്ഥ, സബ്സ്ക്രിപ്ഷൻ അവസാനിപ്പിക്കാൻ ബുദ്ധിമുട്ടുക, വാർത്തയെന്ന് തോന്നിപ്പിക്കുന്ന പരസ്യങ്ങൾ എന്നിവയ്ക്കെല്ലാം പിടിവീഴും.
ആപ്പുകൾക്കായി ഹാക്കത്തോൺ സംഘടിപ്പിക്കും
ഹാക്കത്തോണിൽ മികച്ച ബ്രൗസർ പ്ലഗ് ഇൻ, മൊബൈൽ ആപ്പ്, ആഡ് ഓൺ തുടങ്ങിയ വികസിപ്പിക്കുന്ന ടീമുകൾക്ക് മന്ത്രാലയം സമ്മാനം നൽകും. മൊബൈൽ ആപ്പിന് 10 ലക്ഷം രൂപ, ബ്രൗസർ പ്ലഗ് ഇന്നിന് 5 ലക്ഷം, ആഡ് ഓണിന് 3 ലക്ഷം എന്നിങ്ങനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത വർഷം മാർച്ച് 15 ഓടെ സോഫ്റ്റ് വെയർ പൊതുജനങ്ങൾക്ക് ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് bit.ly/darkpat