ഇന്ത്യയില്‍ ഐഫോണ്‍ (iPhone) നിര്‍മാണം അടുത്ത വര്‍ഷത്തോടെ ആരംഭിക്കും. ഇന്ത്യയിലെ ആപ്പിളിന്റെ (Apple) കോണ്‍ട്രാക്ട് മാനുഫാക്ചര്‍മാര്‍ വഴി അടുത്ത വര്‍ഷം പകുതിയോടെ ഐ ഫോണ്‍ നിര്‍മാണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഐഫോൺ 17 ആയിരിക്കും ഇന്ത്യയിൽ നിർമിക്കുക. ചൈനയ്ക്ക് പുറത്ത് ആദ്യമായിട്ടാണ് ആപ്പിള്‍ ഐഫോണ്‍ നിര്‍മാണം തുടങ്ങുന്നതെന്ന് കമ്പനി വൃത്തങ്ങള്‍ പറയുന്നു.
ഐഫോണ്‍ നിര്‍മിക്കാന്‍ ടാറ്റയും
കഴിഞ്ഞ ദിവസമാണ് ടാറ്റ ഗ്രൂപ്പ് ആപ്പിളിന്റെ കോണ്‍ട്രാക്ട് മാനുഫാക്ചറായത്. ഇന്ത്യയിലെ ആപ്പിളിന്റെ വിതരണക്കാരായ വിസ്ട്രോണിന്റെ (Wistron) കര്‍ണാടകയിലെ കമ്പനി വാങ്ങിയാണ് ടാറ്റ ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മിക്കാന്‍ പോകുന്നത്. ഫോക്സ്കോണ്‍ (Foxconn), പെഗാട്രോണ്‍ (Pegatron) എന്നിവരും ആപ്പിളിന്റെ വിതരണക്കാരാണ്. ടാറ്റയടക്കമുള്ള വിതരണക്കാര്‍ അടുത്ത വര്‍ഷം തുടക്കത്തില്‍ തന്നെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് വിവരം. ഐഫോണിന്റെ അസംബ്ലർമാരായിരിക്കും ടാറ്റ.
ഇന്ത്യയിൽ സ്ഥാനമുറപ്പിക്കാൻ
ചൈനയില്‍ ഫോക്സ് കോണിന്റെ രണ്ട് ഫാക്ടറികളിലെ ഐഫോണ്‍ നിര്‍മാണം കുറച്ചു കൊണ്ടുവരാന്‍ ആപ്പിള്‍ ഉദ്ദേശിക്കുന്നുണ്ട്. ഫോക്സ്കോണിന്റെ ഷെങ്ഷൂവിലെ ഫാക്ടറിയിലെ നിര്‍മാണം 35-45%, തായ് യുവാനിലെ നിര്‍മാണം 75-85% വരെയും കുറയ്ക്കാനാണ് തീരുമാനം. അടുത്ത വര്‍ഷം തന്നെ തീരുമാനം നടപ്പാക്കും. ആഭ്യന്തര- രാഷ്ട്രീയ വിഷയങ്ങളാണ് ആപ്പിളിനെ ചൈനയ്ക്ക് പുറത്തേക്ക് നിര്‍മാണം തുടങ്ങാൻ പ്രേരിപ്പിക്കുന്നത്. വിതരണശൃംഖല വളർത്താനും ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ. എല്ലാം വിചാരിച്ചത് പോലെ നടക്കുകയാണെങ്കില്‍ അടുത്ത വര്‍ഷം അവസാനിക്കുമ്പോൾ ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മാണം 20-25% വര്‍ധിപ്പിക്കാന്‍ സാധിക്കും.
ഈ വര്‍ഷം ഐഫോണിന്റെ ആഗോള കയറ്റുമതിയില്‍ 12-14% ഇന്ത്യയില്‍ നിന്നായിരുന്നു. ഐഫോണ്‍ നിര്‍മാണത്തിലേക്ക് ടാറ്റ കൂടി കടന്നുവരുന്നതോടെ ഇന്ത്യയിൻ വിപണിയില്‍ ആപ്പിളിന് കൂടുതല്‍ സാധ്യത തെളിയും. ഇന്ത്യയിലെ സര്‍ക്കാരുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ടാറ്റയുമായുള്ള പങ്കാളിത്തം സഹായിക്കുമെന്ന് കമ്പനി പറഞ്ഞിരുന്നു.