30 ലക്ഷം നേടി കേരള മെയ്ക്കര്‍ വില്ലേജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്യൂസ് ലേജ് ഇന്നവേഷന്‍സ് (Fuselage Innovations). ഐഐഎംകെ ലൈവും കൊച്ചിന് ഷിപ്പ് യാര്‍ഡും ചേര്‍ന്നാണ് ഇനോവേഷന്‍ ഗ്രാന്‍ഡായി 30 ലക്ഷം രൂപ ഫ്യൂസ് ലേജിന് നല്‍കുന്നത്. ഉസ്ബാക്കിസ്ഥാനിലെ താഷ്കന്റില്‍ നടന്ന അഗ്രിടെക് ഫോര്‍ ഇനോവേഷന്‍ ചാലഞ്ചില്‍ മികച്ച വിജയം കൈവരിച്ച് അധികം വൈകാതെയാണ് ഈ നേട്ടം. രണ്ടാം റൗണ്ട് സീഡ് ഫണ്ടിംഗില്‍ ഫ്യൂസ് ലേജ് അടക്കം മൂന്ന് സ്റ്റാര്‍ട്ടപ്പുകളാണ് ഗ്രാന്റിനായി തിരഞ്ഞെടുക്കപ്പെട്ടത്.
ഉഷുസ് പദ്ധതിയുടെ ഭാഗമായി ഗ്രാന്റ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഫ്യൂസ് ലേജ് ഇനോവേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ദേവന് ചന്ദ്രശേഖരന് പറഞ്ഞു. മാരിടൈം സെക്ടറിന് ആവശ്യമായ പുതിയ ഉത്പന്നങ്ങള്‍ക്ക് നിര്‍മിക്കുന്നതിലേക്ക് തുക വിനിയോഗിക്കുമെന്നും ദേവന് ചന്ദ്രശേഖരന് പറഞ്ഞു.
2020ല്‍ ദേവനും സഹോദരി ദേവികയും ചേര്‍ന്നാണ് മെയ്ക്കര്‍ വില്ലേജില്‍ ഫ്യൂസ് ലേജ് ഇനോവേഷന്സ് തുടങ്ങുന്നത്. ഡ്രോണ്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃഷിയില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുകയാണ് ഫ്യൂസ് ലേജ് ലക്ഷ്യംവെക്കുന്നത്.
കര്‍ഷകര്‍ക്ക് സഹായമായി ഡ്രോണുകള്‍
നിരീക്ഷ്, ഫിയ എന്ന പേരില്‍ രണ്ട് ഡ്രോണുകള്‍ ഫ്യൂസ് ലേജിന്റേതായുണ്ട്. വലിയ ഫാമുകളില്‍ വളവും മറ്റും കൃത്യമായി ഉപയോഗിക്കാന്‍ സഹായിക്കുന്നതാണ് ഡ്രോണുകള്‍. ഫാമുകളില്‍ കീടത്തിന്റെ ആക്രമണവും വിളകളുടെ പോഷക കുറവും തിരിച്ചറിയാനുള്ള ശേഷി നിരീക്ഷിനുണ്ട്. നിരീക്ഷ് പോഷക കുറവും മറ്റും കണ്ടെത്തിയ ചെടികളില്‍ മാത്രമായി കീടനാശിനിയും പോഷകങ്ങളും ഫിയ തളിക്കും. കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് കേരളത്തിലെ 4,000 ഫാമുകളിലാണ് ഫ്യൂസ് ലേജ് ഡ്രോണുകളുമായി എത്തിയത്. ഫ്യൂസ് ലേജിന്റെ സഹായത്തോടെ കര്‍ഷകര്‍ക്ക് 35% വരെ അധിക വിളവ് ലഭിച്ചതായി കമ്പനി പറയുന്നു.
കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂറ്റ് ഓഫ് മാനേജ്മെന്റില്‍ ഇന്‍ക്യുബേറ്റ് ചെയ്ത ഐഐഎംകെ ലൈവ് നടപ്പാക്കുന്ന ഉഷുസ് പദ്ധതിയുടെ (Ushus Scheme) ഭാഗമായാണ് സീഡ് ഫണ്ടിംഗ് സംഘടിപ്പിച്ചത്. കൊച്ചിന് ഷിപ്പ് യാര്‍ഡുമായി ചേര്‍ന്നാണ് ഐഐഎംകെ ലൈവ് ഉഷുസ് പദ്ധതി നടപ്പാക്കുന്നത്. മാരിടൈം സെക്ടറില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്ട്ടുപ്പകളുടെ ഉന്നമനമാണ് സീഡ് ഫണ്ടിംഗിലൂടെ ലക്ഷ്യമിടുന്നത്.