ഫ്ലെക്സിബിൾ വർക്കിംഗ് സ്പേസ് നൽകുന്ന WeWork എന്ന കമ്പനി പാപ്പരത്തത്തിന് അപേക്ഷ നൽകി. ടെക് ഭീമന്മാർ ഉൾപ്പെടെയുള്ള വിവിധ കമ്പനികൾ ,റിമോട്ട് ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഓഫീസ് ഇടങ്ങൾ നൽകിയത് WeWork പ്ലാറ്റ്ഫോം വഴിയായിരുന്നു.ഒരുകാലത്ത് യുഎസിന്റെ ഏറ്റവും മൂല്യമേറിയ സ്റ്റാർട്ടപ്പായിരുന്നു WeWork.കമ്പനിയുടെ 60 ശതമാനവും ജാപ്പനീസ് ടെക്നോളജി ഗ്രൂപ്പായ സോഫ്റ്റ് ബാങ്കിന്റെ ഉടമസ്ഥതയിലുള്ളതാണ്.2019-ൽ സോഫ്റ്റ്ബാങ്കിന്റെ നേതൃത്വത്തിൽ നടന്ന ഫണ്ടിംഗ് റൗണ്ടിൽ 47 ബില്യൺ ഡോളർ മൂല്യമുണ്ടായിരുന്നു കമ്പനിക്ക്.
കോവിഡ് പാൻഡമിക്കും സാമ്പത്തിക മാന്ദ്യവും കാരണം പല കമ്പനികളും അവരുടെ കരാറുകൾ പെട്ടെന്ന് അവസാനിപ്പിച്ചു.
കമ്പനികൾ വാടക തുക നൽകുന്നതിൽ നിയന്ത്രണം കൊണ്ടു വന്നതും, ചില ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനാൽ ബിസിനസുകൾ അവരുടെ സബ്സ്ക്രിപ്ഷനുകൾ റദ്ദാക്കുകയും ചെയ്തത് തിരിച്ചടിയായി. 2023-ന്റെ രണ്ടാം പാദത്തിൽ WeWork-ന്റെ വരുമാനത്തിന്റെ 74 ശതമാനവും വാടക സ്ഥലത്തിനായുള്ള പണമടയ്ക്കാനാണ് ഉപയോഗിച്ചതെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
“നിരാശജനകമാണ്” എന്നാണ് കമ്പനിയുടെ സഹസ്ഥാപകനായ ആദം ന്യൂമാൻ ( Adam Neumann) ഈ നീക്കത്തെ വിശേഷിപ്പിച്ചത്.
യുഎസിലെയും കാനഡയിലെയും WeWork-ന്റെ സ്ഥലങ്ങളിൽ മാത്രമായി പാപ്പരത്ത ഫയലിംഗ് പരിമിതപ്പെടുത്തിയിരിക്കുന്നതായി കമ്പനി പത്രക്കുറിപ്പിൽ പറഞ്ഞു.10 ബില്യൺ ഡോളർ മുതൽ 50 ബില്യൺ ഡോളർ വരെയുള്ള ബാധ്യതകൾ വരെയാണ് പാപ്പരത്ത ഫയലിംഗ് പ്രകാരം കമ്പനി റിപ്പോർട്ട് ചെയ്തത്.
പാപ്പരത്ത ഫയലിംഗിനെക്കുറിച്ച് സ്ഥാപകനും മുന് സിഇഒയുമായ ആദം ന്യൂമാൻ
“WeWork-നൊപ്പം ഒരു ദശാബ്ദം ചെലവഴിച്ച സഹസ്ഥാപകൻ എന്ന നിലയിൽ,മികച്ച ടീമിനൊപ്പം ബിസിനസ്സ് കെട്ടിപ്പടുക്കാൻ സാധിച്ചു, കമ്പനിയുടെ പാപ്പരത്ത ഫയലിംഗ് നിരാശാജനകമാണ്. ശരിയായ തന്ത്രവും ടീമും ഉപയോഗിച്ച്, ഒരു പുനഃസംഘടന WeWork-നെ വിജയകരമായി ഉയർന്നുവരാൻ സഹായിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു,” ആദം ന്യൂമാന്റെ പ്രസ്താവനയിൽ പറയുന്നു.
ഈ മാസം ഓഗസ്റ്റിൽ, രണ്ടാം പാദത്തിലെ സമീപകാല വരുമാന റിപ്പോർട്ടിൽ, അടുത്ത വർഷത്തേക്കുള്ള ബില്ലുകൾ അടയ്ക്കാൻ മതിയായ പണമില്ലാതെ വിഷമിക്കുകയാണെന്ന് കമ്പനി അറിയിച്ചിരുന്നു. നഷ്ടം, ഉയർന്ന വാടകച്ചെലവ്, ഈ രംഗത്തെ കോംപറ്റീഷൻ തുടങ്ങി നിരവധി ഘടകങ്ങളാണ് ബിസിനസിന്റെ വഴി അടച്ചതെന്ന് സിഇഒ David Tolley കൂട്ടിച്ചേർത്തു.
വാണിജ്യ റിയൽ എസ്റ്റേറ്റ് വിപണിയിൽ, സ്ഥലം കൂടുതലായി കൊടുക്കുന്നതും, ഫ്ലെക്സിബിൾ വർക്ക്സ്പെയ്സുകൾ നൽകുന്നതിൽ മത്സരം വർദ്ധിച്ചതും , ബിസിനസ് നഷ്ടത്തിന് കാരണമായതായി കമ്പനി ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ ഘടകങ്ങൾ സ്പേസിന്റെ ഡിമാൻഡ് കുറച്ചു . അംഗത്വത്തിന്റെ എണ്ണത്തിലും കുറവുണ്ടായതായി കമ്പനി സിഇഒ David Tolley അറിയിച്ചു.
844 മില്യൺ ഡോളർ വരുമാനം ഉണ്ടാക്കിയെങ്കിലും രണ്ടാം പാദത്തിൽ 397 മില്യൺ ഡോളറിന്റെ നഷ്ടം നേരിട്ടതായി ഓഗസ്റ്റിലെ റിപ്പോർട്ടിൽ കമ്പനി ചൂണ്ടിക്കാട്ടി.