കേരളത്തിന്റെ സ്വന്തം ബിസ്കറ്റ് ബ്രാൻഡായ ക്രേസ് ബിസ്കറ്റ്സിന്റെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ.
38 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് കമ്പനി ബ്രാൻഡ് അംബാസഡറെ നിയമിക്കുന്നത്. ബ്രാൻഡ് അംബാസഡർ ആകാനുള്ള ധാരണാപത്രത്തിൽ മോഹൻലാൽ ഒപ്പുവെച്ചു. ചടങ്ങിൽ കമ്പനി ചെയർമാൻ അബ്ദുൾ അസീസ് ചൊവ്വഞ്ചേരി, ഡയറക്ടർ അലി സിയാൻ, ബ്രാൻഡ് സ്ട്രാറ്റജിസ്റ്റ് ശ്രീകുമാർ വിഎ എന്നിവർ പങ്കെടുത്തു.
ലോക വിപണിയിലേക്ക്
രാജ്യത്തെ മികച്ച ബിസ്കറ്റ് ബ്രാൻഡായിരുന്ന ക്രേസിനെ ആസ്കോ ഗ്ലോബൽ ഏറ്റെടുത്തിരുന്നു. കേരളത്തിൽ വ്യവസായ നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന സർക്കാരിന്റെ മീറ്റ് ദ് ഇൻവെസ്റ്റർ പരിപാടിയിലാണ് ആസ്കോ ഗ്ലോബൽ ക്രേസിനെ ഏറ്റെടുക്കുന്നത്. ആസ്കോ ഗ്ലോബൽ ഏറ്റെടുത്തതിന് ശേഷം 2022 ഡിസംബറിൽ ക്രേസ് ബിസ്കറ്റ് സംസ്ഥാനത്ത് നിർമാണവും വിപണനവും തുടങ്ങി.
ആസ്കോ ഗ്ലോബൽ ഏറ്റെടുത്തതിന് ശേഷം അന്താരാഷ്ട്ര വിപണിയിലേക്ക് ചുവടുവെക്കാനുള്ള തയ്യാറെടുപ്പിലാണ് ക്രേസ്. ക്രേസ് ബിസ്കറ്റ്സിനൊപ്പം ഇന്ത്യയുടെ രുചിവകഭേദങ്ങൾ ലോകത്തിന് പരിചയപ്പെടുത്തുന്നതിൽ സന്തോഷമുണ്ടെന്ന് മോഹൻലാൽ പറഞ്ഞു.
നാടിന്റെ രുചി
കോഴിക്കോട് കിനാലൂരിൽ 1 ലക്ഷം ചതുരശ്രയടിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഫുഡ് ആൻഡ് കൺഫെക്ഷണറി ഫാക്ടറി ക്രേസ് ബിസ്കറ്റ്സ് തുടങ്ങിയിരുന്നു. അന്താരാഷ്ട്ര നിലവാരത്തിൽ നിർമാണം നടത്താനുള്ള സൗകര്യം കിനലൂരിലെ യൂണിറ്റിലുണ്ട്. ക്രേസ് ബിസ്കറ്റിന്റെ എല്ലാ ഫ്ലേവറുകൾക്കും വിപണിയിൽ സ്വീകാര്യത ലഭിച്ചതായി ചെയർമാൻ അബ്ദുൾ അസീസ് പറഞ്ഞു.
ഇന്ത്യയിൽ ആസ്കോയുടെ ആദ്യത്തെ മാനുഫാക്ചറിംഗ് വെഞ്ച്വറാണ് ക്രേസ് ബിസ്കറ്റ്. ഗൾഫ് രാജ്യങ്ങളിലും സൗത്ത്-ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളിലും ആഫ്രിക്കയിലും മറ്റും ആസ്കോയ്ക്ക് ബിസിനസ് ശൃംഖലയുണ്ട്. ഇത് ഉപയോഗപ്പെടുത്താൻ ക്രേസിന് സാധിക്കും. 12 രുചിഭേദങ്ങളിലാണ് ക്രേസ് ആദ്യഘട്ടത്തിൽ മാർക്കറ്റിലെത്തിയത്. ചോക്കോ റോക്കി, ബോർബോൺ, കാരമൽ ഫിംഗേഴ്സ്, കാർഡമം ഫ്രഷ്, കോഫി മാരി, തിൻ ആരോറൂട്ട്, മിൽക്ക് ക്രഞ്ച്, കാഷ്യൂ കുക്കീ, ബട്ടർ കുക്കീ, ഫിറ്റ് ബൈറ്റ്, 22 എസ്.ക്യു.യു എന്നീ ഫ്ലേവറുകളിലാണ് ബിസ്കറ്റ് മാർക്കറ്റിലെത്തുന്നത്. ഇത് കൂടാതെ കേരളത്തിന്റെ തനത് രുചികളുള്ള ബിസ്കറ്റുമുണ്ട്. വയനാട് കോഫീ, മൂന്നാറിലെ ഏലക്ക, ഗ്രാമ്പൂ എന്നിവ ഉപയോഗിച്ചുള്ള ബിസ്കറ്റുകളും നിർമിക്കുന്നുണ്ട്.
ക്രേസ് ബിസ്കറ്റിന്റെ ആദ്യ അന്താരാഷ്ട്ര വിപണി സൗദി അറേബ്യയായിരിക്കും. തുടർന്ന് യൂറോപ്പിലേക്കും ബിസ്കറ്റ് എത്തും. ഇന്ത്യയിലെ പ്രധാന ബിസ്കറ്റ് നിർമാണ ഹബ്ബുകളിൽ ഫാക്ടറി തുടങ്ങാനും ക്രേസ് ആലോചിക്കുന്നുണ്ട്.