ലോകത്തിലെ ഒന്നാം കിട സാമ്പത്തിക ശക്തിയാകുക എളുപ്പമല്ല. പുതിയ വീക്ഷണവും കാഴ്ചപ്പാടുകളുമായി മുന്നോട്ട് കുതിക്കുകയാണ് യുഎഇ. ലോകത്തിലെ മികച്ച സമ്പദ്ഘടനയായി മാറാൻ പുതിയ പദ്ധതികൾ അവതരിപ്പിക്കുകയാണ് യുഎഇ. മറ്റു ലോക രാജ്യങ്ങൾക്കും പാഠമാക്കാൻ പറ്റുന്നതാണ് യുഎഇയുടെ ഈ തത്വങ്ങൾ.
ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് രാജ്യത്തിന്റെ സമ്പദ്ഘടനയുടെ വികാസം ലക്ഷ്യംവെച്ച് പത്തിന പദ്ധതി തയ്യാറാക്കിയത്. യുഎഇയുടെ സാമ്പത്തിക തത്ത്വങ്ങൾ എന്ന പേരിലാണ് പദ്ധതി അറിയപ്പെടുക.
ഫ്രീമാർക്കറ്റ് ഇക്കോണമി
അന്താരാഷ്ട്ര വ്യാപാരം രാജ്യത്തിലേക്ക് ആകർഷിക്കുകയാണ് രാജ്യത്തിന്റെ സമ്പദ്ഘടന വിപുലപ്പെടുത്താൻ യുഎഇ പ്രഥമ പരിഗണന നൽകുന്നത്. വലിയ നിയന്ത്രണങ്ങളോ നിബന്ധനകളോ ഇല്ലാതെ അന്താരാഷ്ട്ര വിപണിക്ക് മുന്നിൽ യുഎഇ വാതിൽ തുറക്കുന്നു. രാജ്യത്തിലേക്കുള്ള നിക്ഷേപം വർധിപ്പിക്കുന്നതിന് തങ്ങളാൽ പറ്റുന്ന വിധത്തിലെല്ലാം ശ്രമിക്കാനാണ് യുഎഇയുടെ തീരുമാനം. മറ്റു ലോക രാജ്യങ്ങളുമായി സാമ്പത്തിക ബന്ധം വർധിപ്പിക്കാനാണ് യുഎഇ ശ്രമിക്കുന്നത്.
പ്രഗൽഭർക്ക് വാതിൽ തുറന്ന്
ലോകത്തെ മിടുക്കരെയെല്ലാം തങ്ങളുടെ രാജ്യത്തിലേക്ക് ആകർഷിക്കാനും യുഎഇയ്ക്ക് പദ്ധതിയുണ്ട്. വിവിധ മേഖലകളിൽ പ്രഗത്ഭരായവരെയും എൻട്രപ്രണർമാരെയും ഇനോവേറ്റർമാരെയും യുഎഇയിലേക്ക് കൊണ്ടുവരാനുള്ള പദ്ധതികളും യുഎഇ ആവിഷ്കരിക്കുന്നുണ്ട്. നവീന ആശയങ്ങളുടെ വാണിജ്യ സാധ്യതകൾ തേടുകയും അതിനുള്ള അവസരങ്ങൾ ഒരുക്കുകയും ചെയ്യുന്നത് മേഖലയിലെ പ്രഗത്ഭരെ ദുബായിലേക്ക് കൊണ്ടുവരുമെന്നാണ് വിലയിരുത്തുന്നത്. ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, സുരക്ഷ, സുസ്ഥിരത തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക് ലോകോത്തര നിലവാരം രാജ്യം ഉറപ്പാക്കുന്നത് ഇതിന് വേണ്ടി കൂടിയാണ്.
ഡിജിറ്റൽ ഇക്കണോമി
ആധുനിക ലോകത്ത് യുഎഇ ഒരുപടി കൂടി കടന്ന് മുന്നിൽ സഞ്ചരിക്കുന്നത് ഡിജിറ്റൽ പണമിടപാടുകൾക്ക് രാജ്യം നൽകുന്ന പ്രാധാന്യം കൊണ്ടുകൂടിയാണ്. ഡിജിറ്റൽ പണമിടപാടുകൾക്ക് അന്താരാഷ്ട്ര പ്ലാറ്റ് ഫോം കൂടിയാണ് യുഎഇ ഒരുക്കുന്നത്. രാജ്യത്തെ ബിസിനസ് സൗഹൃദമാക്കാനും ഡിജിറ്റൽ മേഖലയിൽ സൗകര്യങ്ങൾ വികസിപ്പിക്കാനും യുഎഇ ശ്രദ്ധിക്കുന്നുണ്ട്. നിർമിത ബുദ്ധി പോലുള്ള സാങ്കേതിക വിദ്യയിൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതൽ നിക്ഷേപത്തിന് ദുബായി ഒരുങ്ങുന്നത് ഭാവിയെ മുന്നിൽ കണ്ടാണ്.
യുവതയ്ക്ക് വേണ്ടി
ഒരു രാജ്യത്തിന്റെ വളർച്ചയുടെ അളവുകോൽ അതിന്റെ യുവതയെ കൂടി മുൻനിർത്തിയാണെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ടാണ് രാജ്യത്തിന്റെ യുവതയുടെ സാംസ്കാരിക-വിദ്യാഭ്യാസ ഉന്നമനത്തിന് യുഎഇ നിക്ഷേപിക്കാൻ തീരുമാനിക്കുന്നത്. പുതിയ അവസരങ്ങൾ കണ്ടെത്താനും വളരാനുമുള്ള അവസരം രാജ്യം ഒരുക്കും.
സുസ്ഥിര സമ്പദ്ഘടന
രാജ്യത്തെ പ്രകൃതിവിഭവങ്ങൾ വരും തലമുറയ്ക്ക് വേണ്ടി കരുതിവെക്കാൻ പുതിയ നയങ്ങളും നിയമങ്ങളും രൂപവത്കരിക്കുകയാണ് യുഎഇ. പ്രകൃതി സൗഹാർദമായ ഊർജ സ്രോതസ്സുകൾ, വിഭവ സുസ്ഥിരതയും വരും തലമുറയ്ക്ക് വേണ്ടി യുഎഇ ഉറപ്പിക്കും.
സാമ്പത്തിക സംവിധാനം ശക്തം
പൊതു സാമ്പത്തിക സംവിധാനമാണ് യുഎഇ അവതരിപ്പിക്കുന്നത്. സുരക്ഷ, കാര്യക്ഷമത, സുതാര്യത എന്നിവയിൽ അന്താരാഷ്ട്ര നിലവാരം ഉറപ്പിക്കുന്ന സുശക്തമായ സാമ്പത്തിക സംവിധാനമാണ് യുഎഇയുടേത്. ആഗോളതലത്തിൽ വളരാൻ ആഗ്രഹിക്കുന്നവരെ സഹായിക്കുന്ന സാമ്പത്തിക സംവിധാനമായിരിക്കും ഇത്.
സുതാര്യതയും നിയമങ്ങളും
സത്യസന്ധവും വിശ്വാസിയവും ഉത്തരവാദിത്വവുമുള്ള ഇക്കണോമിക് മാനേജ്മെന്റാണ് മുന്നേറ്റത്തിനായി യുഎഇ ലക്ഷ്യംവെക്കുന്ന മറ്റൊരു പദ്ധതി. നിക്ഷേപകരുടെ ആത്മവിശ്വാസം ഉറപ്പിക്കാനും ബിസിനസ് തീരുമാനങ്ങളിൽ സഹായിക്കാനും വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങളും, കൃത്യമായ പബ്ലിക് ഡാറ്റയും നൽകും.
ബാങ്കിംഗ് മേഖല സുശക്തം
ഇടപാടുകാരുടെ സ്വകാര്യ നിക്ഷേപങ്ങൾക്ക് അന്താരാഷ്ട്ര സുരക്ഷയും പണമിടപാടുകൾക്ക് മികച്ച പിന്തുണയും നൽകുന്ന ബാങ്കിംഗ് സേവനങ്ങൾ. പരാതി പരിഹാരം, ബാങ്കിംഗ് ഡാറ്റ സുരക്ഷ, സാമ്പത്തിക സുരക്ഷ എന്നിവയ്ക്ക് അന്താരാഷ്ട്ര ഏജൻസികളുമായി കൈകോർക്കാനും യുഎഇയ്ക്ക് പദ്ധതിയുണ്ട്.
ഇവിടത്തെക്കാൾ മികച്ചതില്ല
തുറമുഖം, എയർപോർട്ട്, എയർലൈൻ, കപ്പൽഗതാഗതം എന്നിവയ്ക്ക് ലോകോത്തര നിലവാരമാണ് യുഎഇ ഉറപ്പാക്കുന്നത്. ചരക്ക് നീക്കത്തിനും ഗതാഗതത്തിനും പറ്റിയ ഗ്ലോബൽ ഹബ്ബാകുകയാണ് യുഎഇയുടെ മറ്റൊരു പദ്ധതി.
The United Arab Emirates (UAE) has set its sights on becoming the world’s premier economy, with the Vice-President unveiling a comprehensive 10-point plan to guide this ambitious vision. Titled the ‘Economic Principles of UAE,’ the document outlines key strategies to position the country as an integrated, forward-thinking, and globally open free-market economy.