മധ്യ കേരളത്തിലെ മൂന്നു ജില്ലകളിലെ വ്യവസായങ്ങൾക്കും, ഉപഭോക്താക്കൾക്കും ഇനി വോൾട്ടേജ് ക്ഷാമം എന്ന ദുരിതം പരമാവധി ഇല്ലാതാകും. ഈ ലക്ഷ്യം മുൻനിർത്തിയുള്ള ആദ്യ ഗ്യാസ് ഇൻസുലേറ്റഡ് 400 കെ.വി സബ്സ്റ്റേഷൻ കോട്ടയത്ത് പ്രവർത്തനക്ഷമമായി.
കേരളത്തിന്റെ ഊർജ്ജ മേഖലയ്ക്ക് കരുത്തുപകരുന്ന 152 കോടി ചെലവില്‍ കുറവിലങ്ങാട്ട് സ്ഥാപിച്ച കെ.എസ്.ഇ.ബിയുടെ സംസ്ഥാനത്തെ ആദ്യ ഗ്യാസ് ഇൻസുലേറ്റഡ് 400 കെ.വി സബ്സ്റ്റേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമര്‍പ്പിച്ചു.
മറ്റു രണ്ടു സബ്സ്റ്റേഷൻ കൂടി യാഥാർഥ്യമാകുന്നതോടെ കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ വോൾടേജ് ക്ഷാമത്തിന് പരമാവധി പരിഹാരമാകുമെന്നാണ് പ്രതീക്ഷ. തുറവൂരില്‍ സബ്സ്റ്റേഷന് യാഥാര്‍ഥ്യമാകുന്നതോടെ ആലപ്പുഴയ്ക്കും പരമാവധി പ്രയോജനം ലഭിക്കും.
തിരുനെല്‍വേലി-കൊച്ചി ലൈന്‍ വഴി 400 കെ.വി. അന്തര്‍സംസ്ഥാന പ്രസരണലൈന്‍ ഉപയോഗിച്ച് കൂടംകുളം ആണവനിലയത്തില്‍ നിന്ന് വൈദ്യുതി മധ്യകേരളത്തില്‍ എത്തിക്കുന്നതിനു സഹായിക്കുന്നതാണ് ഈ ഗ്യാസ് ഇൻസുലേറ്റഡ് 400 കെ.വി സബ്സ്റ്റേഷൻ. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകൾക്ക് ഇതിന്റെ ഗുണം ലഭിക്കും.
400 കെ.വി. പ്രസരണലൈനിലൂടെ വൈദ്യുതി സ്വീകരിച്ച് 220 കെ.വി. ആക്കി വിവിധ ജില്ലകളിലേക്ക് വിതരണം ചെയ്യാനാകും. ഇതിനായി 400 കെ.വി.യുടെ നാലു ഫീഡറുകളും 315 എം.വി.എ. യുടെ രണ്ടു ട്രാന്‍ഫോമറുകളും 220 കെ.വി.യുടെ ആറു ഫീഡറുകളും സജ്ജമാക്കിയിട്ടുണ്ട്.
പള്ളം, ഏറ്റുമാനൂര്‍, അമ്പലമുകള്‍ എന്നീ 220 കെ.വി. സബ്സ്റ്റേഷനുകളില്‍ വൈദ്യുതിയെത്തിച്ചാണ് വിതരണം ചെയ്യുക. ഏറ്റുമാനൂര്‍- രണ്ട്, പള്ളം- ഒന്ന്, ആലപ്പുഴ തുറവൂര്‍- രണ്ട്, എറണാകുളം അമ്പലമുകള്‍- ഒന്ന് എന്നിങ്ങനെയാണു ഫീഡറുകള്‍ ഒരുക്കിയിരിക്കുന്നത്. മൂന്നു ജില്ലകളിലെ വോള്‍ട്ടേജ് ക്ഷാമപ്രശ്നങ്ങള്‍ക്കും പരിഹാരമാകും.
ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി മൂന്ന് 400 കെ വി സബ്സ്റ്റേഷനുകളും ഇരുപത്തിമൂന്ന് 220 കെ വി സബ്സ്റ്റേഷനുകളും നിർമ്മാണം പൂർത്തിയാക്കി വരികയാണ്. മൂന്ന് 400 കെ വി സബ്സ്റ്റേഷനുകളിലെ ആദ്യത്തേതിന്റെ ഉദ്ഘാടനമാണ് കോട്ടയത്ത് നടന്നത്. 152 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ സബ്സ്റ്റേഷൻ വഴി കേരളത്തിന്റെ വൈദ്യുതി ഇറക്കുമതി ശേഷി 3,860 മെഗാവാട്ടായി വര്‍ദ്ധിച്ചിരിക്കുകയാണ്.
കിഫ്ബി ഫണ്ടില്‍ നിന്ന് 152 കോടി രൂപ ചെലവഴിച്ചാണു ട്രാന്‍സ്ഗ്രിഡ് 2.0 പദ്ധതിയിലൂടെ ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയറുള്ള സംസ്ഥാനത്തെ ആദ്യ 400 കെ.വി സബ് സ്റ്റേഷന് യാഥാര്‍ഥ്യമാക്കിയത്.
പരിപാലന ചിലവ് ഗണ്യമായി കുറഞ്ഞതും തടസ്സസാധ്യതകള് ഇല്ലാത്തതുമായ ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് ഈ സബ്സ്റ്റേഷന് പണികഴിപ്പിച്ചിട്ടുള്ളത്. ഊര്‍ജ്ജ മേഖലയെ കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് നവീകരിക്കാൻ ലക്ഷ്യമിട്ടു നടപ്പിലാക്കുന്ന ഊര്‍ജ്ജ കേരള മിഷന്റെ പ്രവർത്തനങ്ങളുടെ പ്രധാന ഭാഗമാണ് ട്രാന്‍സ്ഗ്രിഡ് 2 പദ്ധതി.
സബ്സ്റ്റേഷനോടനുബന്ധിച്ചുള്ള 400 കെ.വി. ലൈനുകളും ഏറ്റുമാനൂര്‍, തുറവൂര്‍ 220 കെ.വി. സബ്സ്റ്റേഷനുകള്‍, കുറവിലങ്ങാട്, വൈക്കം, തൈക്കാട്ടുശേരി 110 കെ.വി. സബ്സ്റ്റേഷന് എന്നിവയുമായി ബന്ധിപ്പിക്കുന്ന 70 സര്‍ക്യൂട്ട് കിലോമീറ്റര്‍ 220/110 കെ.വി. മള്‍ട്ടി സര്‍ക്യൂട്ട് മള്‍ട്ടി വോള്‍ട്ടേഡ് ലൈനുകളും പൂര്‍ത്തീകരിച്ചിട്ടുണ്ട്.
പുനരുപയോഗ ഊർജ ഉപയോഗം വർധിപ്പിക്കണമെന്ന് മുഖ്യമന്ത്രി
വ്യവസായം, ഗതാഗതം, ഗാര്‍ഹിക മേഖലകളില്‍ ഫോസില്‍ ഇന്ധന ഉപയോഗം കുറച്ച് പുനരുപയോഗ ഊര്‍ജത്തിന്റെ ഉപയോഗം വർദ്ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി ഉല്പാദനം വെള്ളം, കാറ്റ്, സൗരോര്‍ജം തുടങ്ങിയ പുനരുപയോഗ ഊര്‍ജസ്രോതസ്സുകളിലേക്ക് മാറ്റേണ്ടതുണ്ട്. കല്‍ക്കരി ഉപയോഗിച്ചുളള വൈദ്യുതോത്പാദനം പരമാവധി കുറക്കാനാണ് ആഗ്രഹം. അതിന് ജലസംഭരണികളെ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കേണ്ടിവരും. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ വൈദ്യുതി ലഭ്യമാക്കണമെന്ന് സര്‍ക്കാറിന് നിര്‍ബന്ധമുണ്ട് എന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ ഊര്‍ജമേഖലയെ കാലഘട്ടത്തിന്റെ ആവശ്യത്തിനനുസരിച്ചുള്ള പരിവർത്തനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയാണ് ഊര്‍ജകേരള മിഷൻ. സൗര, ഫിലമെന്റ്രഹിത കേരളം, ദ്യുതി, ട്രാൻസ്ഗ്രിഡ് 2.0 എന്നിയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്ത് സൗരോര്‍ജ പദ്ധതിയിലൂടെ 1000 മെഗാവാട്ട് ഉല്പാദനം ലക്ഷ്യമിടുന്നു. ഇതില്‍ 500 മെഗാവാട്ട് പുരപ്പുറ സൗരോര്‍ജ പദ്ധതിയിലൂടെയാണ്. ലക്ഷ്യം കാലതാമസമില്ലാതെ കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.