ലൈബ്രറിയിലിരുന്നു പുസ്തകം മുഴുവൻ വായിച്ചിട്ടും ഒന്നും മനസിലായില്ലേ! ഈ എഐ (നിർമിത ബുദ്ധി) റോബോട്ടിനോട് ചോദിച്ചാൽ മതി. പുസ്തകം വായിച്ച് സംഗതി ചുരുക്കി പറഞ്ഞുതരും. നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം തരികയും നിങ്ങളോട് ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്ന കുഞ്ഞൻ എഐ റോബോട്ട്, മീബോട്ട് (MEBOT) നിർമ്മിച്ചത് നോർത്ത് ഇടപ്പള്ളി ജിവിഎച്ച്എസ്എസിലെ രണ്ട് മിടുക്കന്മാരായ വിദ്യാർത്ഥികൾ. ഒമ്പതാം ക്ലാസുകാരായ റൗൾ ജോൺ അജുവും സെയ്ദ് ഹസൻ സെയ്ഫിയും കൂടിയാണ് മീബോട്ടിനെ ഉണ്ടാക്കിയത്. സ്കൂളിലെ ശാസ്ത്രമേളയിൽ മീബോട്ടിനെ പ്രദർശിപ്പിക്കുകയും ചെയ്തു.
ടെക്നിക്കൽ സൈഡ് റൗൾ
പുസ്തകങ്ങൾ വായിച്ച് അത് ചുരുക്കി പറയാനും ചോദ്യങ്ങൾക്ക് ഉത്തരം പറയാനും സ്വയം ചോദ്യങ്ങൾ ചോദിക്കാനും മീബോട്ടിന് കഴിയും. റൗളിന്റെ ശബ്ദമാണ് മീബോട്ടിന് നൽകിയിരിക്കുന്നത്. റൗളിന്റെ ഭാഷയിൽ പറഞ്ഞാൽ തന്റെ തന്നെ ക്ലോൺ ആണ് മീബോട്ട്. വിവിധ വിഷയങ്ങളുടെ വിവരങ്ങൾ അടങ്ങിയ 10 പിഡിഎഫിന്റെ സഹായത്തോടെയാണ് എഐ റോബോട്ടിന്റെ പ്രവർത്തനം. കൂടാതെ ഗൂഗിളുമായി ലിങ്ക് ചെയ്തിട്ടുമുണ്ട്. അതുകൊണ്ട് ചോദ്യങ്ങൾ കേട്ടാൽ സ്വന്തം നിലയിൽ അന്വേഷണം നടത്തിയാണ് മീബോട്ട് മറുപടി നൽകുക.
ചെറുപ്പം മുതലേ സാങ്കേതിക വിദ്യയിൽ താത്പര്യമുണ്ടായിരുന്ന റൗൾ ആണ് ഈ എഐ റോബോട്ടിന്റെ ബുദ്ധി കേന്ദ്രം. എഐ സാങ്കേതിക വിദ്യയോടുള്ള ആവേശമാണ് റൗൾ ദ റോക്ക്സ്റ്റാർ എന്ന യൂട്യൂബ് ചാനൽ തുടങ്ങാൻ റൗളിന് പ്രേരിപ്പിച്ചത്. സാങ്കേതിക വിദ്യ തന്നെയാണ് ചാനലിലെ പ്രധാന ചർച്ചാ വിഷയം. ചാനലിന്റെ ആവശ്യത്തിന് ഒരിക്കൽ എഐ എഡിറ്റ് ചെയ്ത വീഡിയോ ഉപയോഗിച്ചു, അന്നാണ് റൗൾ എഐയെ ശരിക്കും മനസിലാക്കുന്നത്.
വീഡിയോയിൽ ഉപയോഗിക്കേണ്ട പാട്ടുപോലും സ്വന്തമായി കണ്ടെത്തി ചേർക്കുന്ന എഐയെ റൗളിന് ബോധിച്ചു. ക്ലബ് ഹൗസിലും മറ്റുമായി ഓൺലൈൻ ക്ലാസെടുത്തു കൊടുക്കുമായിരുന്നു റൗൾ. ക്ലാസിലെ ബോറടി മാറ്റാൻ തന്റെ ശബ്ദത്തിൽ സംസാരിക്കുന്ന ഒരു എഐ ടൂൾ വികസിപ്പിച്ചു. എഐ ടൂൾ ഉപയോഗിച്ചുള്ള റൗളിന്റെ ക്ലാസെടുക്കൽ പുരോഗമിക്കുമ്പോഴാണ് സ്കൂളിൽ ശാസ്ത്ര മേള തുടങ്ങുന്നത്. ബാക്കി കഥ സെയ്ദ് പറയും.
ക്രിയേറ്റീവ് പാർട്ട് സെയ്ദ്
വർഷങ്ങൾക്ക് മുമ്പ് ഡൽഹിയിൽ നിന്ന് കേരളത്തിലെത്തിവരാണ് സെയ്ദ് ഹസൻ സെയ്ഫിയുടെ കുടുംബം. ജോലിയുടെ ആവശ്യത്തിന് കേരളത്തിലെത്തിയ സെയ്ദിന്റെ പിതാവ് ഇവിടത്തെ വിദ്യാഭ്യാസ സമ്പ്രദായം കണ്ട് കുടുംബത്തെയും കൂടെക്കൂട്ടുകയായിരുന്നു. അസ്സൽ ഡൽഹിക്കാരനാണെങ്കിലും ചെറുപ്പത്തിലേ കേരളത്തിലെത്തിയ സെയ്ദ് പച്ചവെള്ളം പോലെ മലയാളം പറയും. റൗളിനെ പോലെ സാങ്കേതിക വിദ്യയിൽ സെയ്ദിനും ചെറുപ്പത്തിലേ താത്പര്യമുണ്ട്. സ്കൂൾ ശാസ്ത്രമേളയുടെ കാര്യമറിഞ്ഞപ്പോൾ സ്വന്തമായി റോബോട്ടുണ്ടാക്കാനായിരുന്നു സെയ്ദിന്റെ പദ്ധതി.
എന്നാൽ മുൻക്കൂട്ടി പ്രോഗ്രാം ചെയ്ത റോബോട്ടുകൾ മുമ്പും ശാസ്ത്രമേളകളിൽ വിദ്യാർഥികൾ കൊണ്ടുവന്നിട്ടുള്ളതിനാൽ പുതുതായി എന്തെങ്കിലും ചെയ്യണം എന്നു തോന്നി. അങ്ങനെയാണ് സ്വന്തമായി എഐ ടൂൾ വികസിപ്പിച്ച റൗളുമായി ചേർന്ന് എഐ റോബോട്ട് ഉണ്ടാക്കാൻ തീരുമാനിക്കുന്നത്. റൗളിന്റെ ലാപ്ടോപ്പിലുണ്ടായിരുന്ന എഐയെ റോബോട്ടിലേക്ക് കൺവേർട്ട് ചെയ്യാനായി പിന്നെ ശ്രമങ്ങൾ. കാർഡ്ബോർഡും ടേപ്പും ഒട്ടിച്ച് സ്കൂളിൽവെച്ച് ആദ്യമുണ്ടാക്കിയ റോബോട്ട് വീട്ടിലെത്തിയപ്പോഴെക്കും പൊളിഞ്ഞ് വീണ് നാശമായി. അപ്പോഴാണ് സെയ്ദിന്റെ പിതാവ് സഹായത്തിനെത്തിയത്. റോബോട്ടുണ്ടാക്കാൻ മൾട്ടിവുഡ് ഉപയോഗിക്കാൻ പിതാവ് പറഞ്ഞു.
അങ്ങനെ റോബോട്ട് റെഡി
പ്ലാസ്റ്റിക് ബോൾ കൊണ്ടുണ്ടാക്കിയ തല, മൾട്ടിവുഡ് കൊണ്ടുണ്ടാക്കിയ ഉടൽ, ഇതാണ് റൗളിന്റെയും സെയ്ദിൻെറയും എഐ റോബോട്ട്. റോബോട്ട് സ്വന്തമായിട്ടാണ് മീബോട്ട് എന്ന പേര് തിരഞ്ഞെടുത്തത് എന്ന് ഇവർ പറയുന്നു. എഐ ആയത് കൊണ്ടുമാത്രമായില്ല, റോബോട്ടിനെ ഇനിയും വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് രണ്ടാളും. മുന്നിൽ നിൽക്കുന്ന ആളുകൾ ചലിക്കുന്നത് അനുസരിച്ച് റോബോട്ടിന്റെ കണ്ണ് ചലിക്കണം, കൈയും കാലും അനക്കാൻ പറ്റണം. ഇതിനായാണ് രണ്ടാളും ഇപ്പോൾ പരിശ്രമിക്കുന്നത്. ഇവർക്ക് പിന്തുണയുമായി കൂട്ടുകാരും അധ്യാപകരും രക്ഷിതാക്കളും കൂടെ തന്നെയുണ്ട്.