അറബി നാട്ടിൽ നിന്നെത്തിയ ഷവർമയെ ഇരുക്കൈയും നീട്ടിയാണ് മലയാളികൾ വാങ്ങി, വായിൽവെച്ച് രുചിച്ചത്. പിന്നെ, ഷവർമ മലയാളികളുടെ സ്വന്തമായി. രാവിലത്തെ പ്രാതലായും ഉച്ചഭക്ഷണമായും വൈകീട്ട് സ്നാക്കിന് പകരവും ഷവർമ കഴിക്കുന്നത് മലയാളികളുടെ ശീലമായി. എന്നാൽ ആ പ്രശസ്തി അധിക കാലം നീണ്ടുപോയില്ല, മലയാളികളുടെ ഇഷ്ടഭക്ഷണത്തിൽ നിന്ന് ഷവർമ നോട്ടപ്പുള്ളിയായി. ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ആളുകൾ മരിച്ച സംഭവം വരെയുണ്ടായി. പേടിച്ച് ഷവർമ കഴിക്കുന്നത് തന്നെ പലരും നിർത്തി.
വീഗൻ ഷവർമ
ജർമനിയിൽ ഡോണർ കബാബ്, ഗ്രീസിൽ ഗൈറോസ്, അറബികളുടെ ഷവർമ. ലോകപ്രശസ്തനാണെങ്കിലും കേരളത്തിൽ കഴിക്കാൻ പേടിക്കണം ഇനി പേടിക്കാതെ ഷവർമ കഴിക്കാമെന്ന് ഗ്രാസ് ഹോപ്പർ ഗ്ലോബൽ പറയും. ചിക്കൻ ഷവർമയോ, ബീഫ് ഷവർമയോ അല്ല ഗ്രാസ് ഹോപ്പർ ഗ്ലോബൽ എന്ന സ്റ്റാർട്ടപ്പ് വിപണിയിലെത്തിക്കുന്നത്. ചിക്കന്റെ രുചിയിൽ നല്ല വീഗൻ ഷവർമ, അതും ചക്ക കൊണ്ട്.
തിരുവനന്തപുരം പിടിപി നഗർ സ്വദേശിയായ കണ്ണൻ പാറക്കുന്നേൽ ആണ് ഫുഡ്ടെക്ക് സ്റ്റാർട്ടപ്പായ ഗ്രാസ് ഹോപ്പർ ഗ്ലോബലിന്റെ സിഇഒ.
സിംഗപ്പൂരിൽ
പ്രകൃതിക്ക് ദോഷമുണ്ടാക്കാത്ത, കാലാവസ്ഥാ വ്യത്യാനമുണ്ടാക്കാത്ത, എല്ലാവർക്കും ധൈര്യമായി കഴിക്കാൻ പറ്റുന്ന വീഗൻ ഷവർമയാണ് ഇവർ വിപണിയിലെത്തിക്കുന്നത്. സിംഗപ്പൂരിൽ നിരവധി റെസ്റ്ററൻറുകളിലും സൂപ്പർമാർക്കറ്റുകളിലും ഇപ്പോൾ തന്നെ ഗ്രാസ് ഹോപ്പറിന്റെ വീഗൻ ഷവർ ലഭിക്കും. 500/600 രൂപ വരെയാണ് സിംഗപ്പൂരിൽ വീഗൻ ഷവർമയുടെ വില. ആറുമാസം മുമ്പാണ് സിംഗപ്പൂരിൽ ഗ്രാസ്ഹോപ്പർ ഗ്ലോബൽ റെഡി ടു ഈറ്റ് ഷവർമ ലോഞ്ച് ചെയ്യുന്നത്. ഇന്ത്യയിലേക്കും അധികം വൈകാതെ ഈ ചക്ക ഷവർമ എത്തുമെന്ന് കണ്ണൻ പറയുന്നു. സിംഗപ്പൂരിൽ അവതരിപ്പിച്ചതിന്റെ മിനി വേർഷനാണ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ പോകുന്നത്.
പേടിക്കാതെ കഴിക്കാം
റെഡി ടു ഈറ്റ് ഷവർമ ആദ്യം ബ്ലാസ്റ്റ് ഫ്രീസർ ടെക്നോളജി ഉപയോഗിച്ചായിരുന്നു സൂക്ഷിച്ചിരുന്നത്. ഇപ്പോൾ ഫ്രീസറില്ലാതെ സൂക്ഷിക്കാൻ പറ്റുന്ന വാക്വം ടെക്നോളജി ആണ് ഉപയോഗിച്ചിരിക്കുന്നത്.
ലോകത്തെ തന്നെ ആദ്യത്തെ പ്ലാന്റ് ബെയ്സ്ഡ് റെഡി ടു ഈറ്റ് ഷവർമയാണിതെന്ന് കണ്ണൻ പറയുന്നു. എണ്ണയോ, ചിക്കനോ, പ്രിസർവേറ്റീവുകളോ ഇതിൽ ചേർത്തിട്ടില്ല. അതിനാൽ ആരോഗ്യത്തെ കുറിച്ച് പേടിക്കാതെ കഴിക്കാം.
ചിക്കനും മറ്റും ഇല്ലെങ്കിലും രുചിയിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്ന് കഴിച്ചവരും പറയും.