ലോകത്തിലെ എന്ത് കാര്യം ചോദിച്ചാലും നിർമിത ബുദ്ധിക്ക് (എഐ) അറിയാം. വിദ്യാർഥികളെ പഠിപ്പിക്കുന്ന കാര്യവും എഐ ഏറ്റെടുത്തോളും.
ഇനി വിദ്യാർഥികളെ മാത്രമല്ല, അധ്യാപകരെയും പഠിപ്പിക്കാനുള്ള ഒരുക്കത്തിലാണ് എഐ. വിദ്യാഭ്യാസ സമ്പ്രദായത്തിൽ ചാറ്റ് ജിപിടി (ChatGPT) ഉപയോഗിച്ച് വലിയ മുന്നേറ്റം കൊണ്ടുവരാൻ പോകുകയാണ് ഓപ്പൺ എഐ (OpenAI).
ചാറ്റ് ജിപിടി പഠിപ്പിക്കാൻ
ഗൃഹപാഠം ചെയ്യുന്നത് മുതൽ തീസീസ് എഴുതുന്നതിൽ വരെ എഐ ഉപയോഗിച്ച് കോപ്പിയടി നടക്കുന്നുണ്ടെന്ന് എഐ അവതരിപ്പിക്കപ്പെട്ട അന്ന് മുതൽ കേൾക്കുന്നതാണ്. വിദ്യാഭ്യാസ മേഖലയിൽ ചാറ്റ് ജിപിടിയുടെ സേവനം വിപുലപ്പെടുത്തുമെന്ന ഓപ്പൺ എഐയുടെ പ്രസ്താവന ഒരേസമയം പ്രതീക്ഷയും ആശങ്കയുമുണ്ടാക്കുന്നുണ്ട്.
സാൻഫ്രാൻസിസ്കോയിൽ നടന്ന ഇൻസീഡ് അമേരിക്കാസ് കോൺഫറൻസിൽ (INSEAD Americas Conference) ഓപ്പൺ എഐ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ബ്രാഡ് ലൈറ്റ്കാപ്പ് ആണ് ചാറ്റ് ജിപിടിക്ക് മികച്ച എജ്യക്കേഷണൽ ആപ്ലിക്കേഷൻ വികസിപ്പിക്കാൻ ടീമുണ്ടാക്കുമെന്ന് അറിയിച്ചത്.
പഠിപ്പിക്കുമോ പറ്റിക്കുമോ
ഉപന്യാസവും നോവലിന്റെ ഡ്രാഫ്റ്റും മറ്റും മനുഷ്യർ ചെയ്യുന്നത് പോലെ ചെയ്യാനുള്ള എഐയുടെ ശേഷിയിൽ വിദ്യാഭ്യാസ വിദഗ്ധർ സംശയം പ്രകടിപ്പിച്ചിരുന്നു. പ്രബന്ധങ്ങളിലും മറ്റും കോപ്പിയടിയും പ്ലാഗരിസവും എഐയുടെ സഹായത്തോടെ എളുപ്പത്തിൽ സാധിക്കുമെന്നായിരുന്നു പ്രധാന ആശങ്ക. അതുകൊണ്ട് പഠനാവശ്യങ്ങൾക്കും മറ്റും ഒരു പരിധിയിൽ കൂടുതൽ എഐയെ ഉപയോഗിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്. തുടക്കത്തിൽ അധ്യാപന മേഖലയിലുള്ളവർ എഐയ്ക്ക് എതിരായിരുന്നെങ്കിൽ ഇപ്പോൾ അവസ്ഥ മാറിയെന്ന് ബ്രാഡ് ലൈറ്റ്കാപ്പ് പറയുന്നു. പല അധ്യാപകരും എഐ സാങ്കേതിക വിദ്യ കരിക്കുലത്തിൽ ഉൾപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നുണ്ട്. എഐയുമായി ചേർന്ന് പാഠങ്ങൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പഠിപ്പിക്കാൻ പറ്റുമെന്നും അധ്യാപകർ കരുതുന്നു. ഇത് യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലാണ് ഓപ്പൺ എഐ.
പണം വാരും ബിസിനസ്
വിദ്യാഭ്യാസ മേഖലയിൽ എഐയെ ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാൻ പറ്റുമെന്നാണ് ഇപ്പോൾ അധ്യാപകർ ആലോചിക്കുന്നത്. വിഷയങ്ങൾ കൂടുതൽ സർഗാത്മകമായി പറഞ്ഞുകൊടുക്കാനും ഓരോ വിദ്യാർഥിയുടെയും ശേഷിയറിഞ്ഞ് കാര്യങ്ങൾ പഠിപ്പിക്കാനും എഐയുടെ സഹായത്തോടെ സാധിക്കും.
ചാറ്റ് ജിപിടിയുടെ പ്രവർത്തനം ക്ലാസ് റൂമുകൾക്ക് അനുസൃതമായി വികസിപ്പിക്കുകയാണ് പുതിയ ടീമിന്റെ ഉദ്ദേശ്യം. ട്യൂട്ടറിംഗ് ടൂളുണ്ടാക്കാൻ വിദ്യാഭ്യാസ ഓർഗനൈസേഷനായ ഖാൻ അക്കാദമിയുമായും (Khan Academy) സാമൂഹികമായി പിന്നാക്കം നിൽക്കുന്നവരെ എഐയുടെ സഹായത്തോടെ പഠിപ്പിക്കാൻ ഷ്മിഡ്ത്ത് ഫ്യൂച്ചേഴ്സുമായും (Schmidt Futures) പങ്കാളിത്തമുണ്ടാക്കിയിരിക്കുകയാണ് ഓപ്പൺ എഐ.
വിദ്യാഭ്യാസ മേഖലയിൽ ഊന്നിയുള്ള ചാറ്റ് ജിപിടിയുടെ പ്രവർത്തനം വരും വർഷങ്ങളിൽ വ്യാപിപ്പിക്കാനാണ് ഓപ്പൺ എഐ ശ്രമിക്കുന്നത്. 2030 ഓടെ 10 ട്രില്യൺ ഡോളറിന്റെ ബിസിനസ് ഈ മേഖലയിൽ നടക്കുമെന്നാണ് കണക്കു കൂട്ടുന്നത്. കുട്ടികൾക്ക് പഠനാവശ്യങ്ങൾക്കുള്ള വിവരങ്ങൾ നൽകാനും പാഠ്യപദ്ധതിയിൽ സഹായിയായും എഐയുടെ സേവനം ക്ലാസ് മുറികളിൽ ഉപയോഗപ്പെടുത്താം. ഇത്തരം ആവശ്യങ്ങൾക്ക് ചാറ്റ് ജിപിടി സഹായിക്കുമെന്ന് കമ്പനി പറയുന്നു. വിദ്യാർഥികളോട് പക്ഷപാതം കാണിക്കാതെ പഠിപ്പിക്കാനും പഠനം രസകരമാക്കാൻ വ്യത്യസ്തവും നൂതനവുമായ രീതികൾ അവതരിപ്പിക്കാനും എഐയ്ക്ക് കഴിയുമെന്ന് കമ്പനി പറയുന്നു.
In a bold move to revolutionize education, OpenAI is actively working to integrate its ChatGPT technology into classrooms, marking a significant shift from initial concerns about potential misuse. The chief operating officer, Brad Lightcap, announced the formation of a dedicated team to explore educational applications for ChatGPT at the INSEAD Americas Conference in San Francisco. This article delves into the evolving landscape of AI in education and the transformative potential of ChatGPT.