വായ്പ നൽകുമ്പോൾ ബാങ്കിംഗ് ഇതര ധനസ്ഥാപനങ്ങൾ (നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി) ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ. എൻബിഎഫ്‌സി, സ്മാൾ ഫിനാൻസ് ബാങ്കുകൾ എന്നിവർ ആർബിഐ നിർദേശമനുസരിച്ചേ വായ്പകൾ നൽകാൻ പാടുള്ളു. ആർബിഐ മാനദണ്ഡം പാലിക്കാതെ വായ്പ നൽകാൻ ഇവർക്ക് അനുവാദമില്ല. ഡൽഹിയിൽ ഡിജിറ്റൽ ആക്സലറേഷൻ ആൻഡ് ട്രാൻസ്ഫർമേഷൻ എക്സ്പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
എൻബിഎഫ്സി, സ്മാൾ ഫിനാൻസ് ബാങ്കുകൾ അവർക്ക് നൽകിയിട്ടുള്ള അതിർവരമ്പ് ബഹുമാനിക്കണം, ആവേശം കൊണ്ട് കൂടുതൽ മുന്നോട്ടു പോകരുത്. ആവേശം നല്ലതാണ്, എന്നാൽ അതിര് കടന്നാൽ എല്ലാവർക്കും ദഹിച്ചുകൊള്ളണമെന്നില്ല എന്നു മന്ത്രി പറഞ്ഞു. ഭാവിയിൽ പ്രശ്നം നേരിടാതിരിക്കാൻ സ്മാൾ ഫിനാൻസ് ബാങ്കുകളോടും എൻബിഎഫ്സികളോടും ജാഗ്രത പാലിക്കാൻ ആർബിഐ നിർദേശിച്ചിട്ടുണ്ടെന്നും നിർമലാ സീതാരാമൻ പറഞ്ഞു.
സാമ്പത്തിക സ്ഥിരത ഉന്നമിട്ട്
സാമ്പത്തിക സ്ഥിരത ലക്ഷ്യമിട്ട് ആർബിഐ ചില മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞിരുന്നു. ഈടില്ലാത്ത വായ്പകളുടെ കാര്യത്തിൽ കടുത്ത നിലപാടുകൾ സ്വീകരിക്കുകയാണ് ആർബിഐ.
ഈടില്ലാത്ത വായ്പ നൽകുന്നതും വായ്പാ കുറ്റകൃത്യങ്ങളും കൂടുന്നതിനാലാണ് റിസർവ് ബാങ്ക് ഇത്തരം നടപടികളിലേക്ക് നീങ്ങാനുള്ള കാരണം. ഈടില്ലാത്ത കൺസ്യൂമർ ക്രെഡിറ്റ് കാർഡുകളുടെ മാനദണ്ഡങ്ങൾ നവംബർ 16 മുതൽ റിസർവ് ബാങ്ക് കടുപ്പിച്ചിരുന്നു.
ഈടില്ലാത്ത വ്യക്തിഗത വായ്പകളുടെയുെ ക്രെഡിറ്റ് കാർഡുകളിലെയും റിസ്ക് വെയ്റ്റ് റിസർവ് ബാങ്ക് 25% പോയ്ന്റ് കൂട്ടിയിരുന്നു. റിസ്ക് വെയ്റ്റ് പോയ്ന്റ് 125-150% ആയി ഉയർന്നു. ഇതോടെ ബാങ്കുകളുടെ മൂലധന നിരക്ക് 84,000 കോടിയെത്തുമെന്നാണ് വിലയിരുത്തുന്നത്.
വാണിജ്യ ബാങ്കുകളുടെ കൺസ്യൂമർ ക്രെഡിറ്റിന്റെ റിസ്ക് വെയ്റ്റും ഇത്തരത്തിൽ വർധിപ്പിക്കാൻ ആലോചിക്കുന്നുണ്ട്. വ്യക്തിഗത വായ്പകൾക്കായിരിക്കും ഇത് ബാധകം. ഗാർഹിക വായ്പ, വിദ്യാഭ്യാസ വായ്പ, വാഹന വായ്പ, സ്വർണ വായ്പ എന്നിവ ഒഴിവാക്കുമെന്നും ആർബിഐ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
റിസ്ക്ക് കുറയ്ക്കാൻ റിസ്ക് വെയ്റ്റ് കൂട്ടി
റിസ്ക് വെയ്റ്റ് കൂട്ടുന്നതോടെ ധനകാര്യ സ്ഥാപനങ്ങൾക്ക് കൺസ്യൂമർ ലോണുകൾക്ക് കൂടുതൽ തുക സുരക്ഷിത നീക്കിവെയ്പ്പായി മാറ്റിവെക്കേണ്ടി വരും. ഇത് ഇത്തരം വായ്പകളെ ചെലവേറിയതാക്കും. സോൾവൻസിക്ക് കൂടുതൽ തുക നീക്കിവെക്കേണ്ടി വരുന്നതോടെ ബാങ്കുകളുടെ വായ്പാ വിതരണ ശേഷി കുറയും. കൂടുതൽ തുക വായ്പ നൽകുന്നതിൽ നിന്ന് എൻബിഎഫ്‌സി, സ്മാൾ ഫിനാൻസ് ബാങ്കുകൾക്ക് പിൻവാങ്ങേണ്ടിയും വരും.
ഇത്തവണ സെപ്റ്റംബർ വരെ 24,26,833 കോടി രൂപയാണ് വ്യക്തിഗത വായ്പാ ഇനത്തിൽ ബാങ്കുകൾ നൽകിയത്. കഴിഞ്ഞ വർഷത്തെക്കാൾ 30% കൂടുതൽ. പുതിയ മാനദണ്ഡം തയ്യാറാക്കുമ്പോൾ ഓഹരി ഉടമകളിൽ നിന്ന് നിർദേശം തേടാനും, നിർദേശങ്ങൾ പുനഃക്രമീകരിക്കാനും കേന്ദ്രം സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയോട് (സെബി) ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നിർമലാ സീതാരാമൻ പറഞ്ഞു.
In light of the Reserve Bank of India’s (RBI) more stringent attitude on unsecured loans, Finance Minister Nirmala Sitharaman issued a warning on Thursday, advising small finance banks and non-bank financing firms (NBFCs) to respect the red line and to temper their exuberance.