മദ്യപിച്ച് ബൈക്ക് സ്റ്റാർട്ടാക്കിയാൽ ബസ്സറടിക്കും… മദ്യപിച്ചോ എന്നറിയാൻ അകത്ത് സെൻസർ ഘടിപ്പിച്ച സൂപ്പർ ഹെൽമറ്റ്. തൃശ്ശൂർ തിരുവില്വാമലയിലെ ജി. രാജുവിന്റെ പക്കലാണ് ഈ സൂപ്പർ ഹെൽമറ്റും ബൈക്കുമുള്ളത്. ഈ ബൈക്ക് സ്റ്റാർട്ടാക്കണമെങ്കിൽ തലയിൽ ഹെൽമറ്റ് നിർബന്ധമാണ്. ഇല്ലെങ്കിൽ നിർത്തിയ ഇടത്ത് നിന്ന് ബൈക്ക് അനങ്ങില്ല. മദ്യപിച്ചാണ് ബൈക്ക് ഓടിക്കാൻ വരുന്നതെങ്കിൽ ഹെൽമെറ്റ് തലയിൽ വെച്ചാൽ ഉടനെ ബസ്സർ പ്രവർത്തിച്ച് ചുറ്റുമുള്ളവരെ വിവരം അറിയിക്കും. ആളുകളെ അപകടത്തിൽ നിന്ന് രക്ഷിക്കുന്ന സൂപ്പർ ഹെൽമറ്റും സൂപ്പർ ബൈക്കുമാണിത്. ഈ ഹെൽമറ്റും ബൈക്കും നിർമിച്ചത് രാജു തന്നെയാണ്.
മദ്യപിച്ചാൽ ബസ്സർ, ഓണാക്കാൻ കീയില്ല
തിരുവില്വാമലയിൽ പ്ലംബിംഗ്, ഇലക്ട്രിക് വർക്കുകൾ ചെയ്യുന്ന രാജു ഓടിക്കുന്ന ബൈക്കിന്റെയും വെക്കുന്ന ഹെൽമറ്റിന്റെയും പ്രത്യേകതകൾ പറഞ്ഞാൽ അവസാനിക്കില്ല.
ഓടിക്കുന്നയാൾ തലയിൽ ഹെൽമറ്റ് വെച്ചിട്ടില്ലെങ്കിൽ സ്റ്റാർട്ടാവാത്ത ബൈക്ക്. എഐ ക്യാമറകളുടെ വരവോടെ എല്ലാവരും തന്നെ ഹെൽമെറ്റ് വെക്കുന്നുണ്ട്. പക്ഷേ, മദ്യപിച്ച് വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങൾക്ക് അപ്പോഴും കുറവില്ല. അത് മനസിലാക്കിയാണ് രാജു ഹെൽമറ്റിൽ മറ്റൊരു സൂത്രപ്പണി ചെയ്തത്. മദ്യപിച്ചിട്ടാണ് ബൈക്ക് ഓടിക്കാൻ ശ്രമിക്കുന്നതെങ്കിൽ ഹെൽമറ്റ് വെച്ചാലും വണ്ടി ഒരടി മുന്നോട്ട് നീങ്ങില്ല. ഇനി സ്റ്റാർട്ടാക്കാൻ ശ്രമിച്ചാൽ ബസ്സർ മുഴങ്ങി ചുറ്റുമുള്ളവരെ വിവരം അറിയിക്കുകയും ചെയ്യും. വാഹനമോടിക്കുന്നയാൾ മദ്യപിച്ചോ ഇല്ലയോ എന്ന തിരിച്ചറിയാൻ ഹെൽമറ്റിനകത്ത് സെൻസർ ഘടിപ്പിച്ചിട്ടുണ്ട്. മദ്യപിച്ചിട്ടുണ്ടെന്ന് സെൻസറിൽ തെളിഞ്ഞാൽ ബൈക്ക് താനേ ഓഫാകും. കൃത്യമായിട്ടല്ല ഹെൽമറ്റ് വെച്ചതെങ്കിലും ഈ ബൈക്ക് സ്റ്റാർട്ടാകില്ല കേട്ടോ! ഹെൽമറ്റ് വെച്ച് ക്ലിപ്പ് ശരിയായി ധരിച്ചാൽ മാത്രമാണ് ബൈക്കെടുക്കാൻ പറ്റുകയുള്ളു. ക്ലിപ്പ് ഊരി ഹെൽമറ്റ് തലയിൽ നിന്ന് മാറ്റിയാൽ വണ്ടി ഓഫാകുകയും ചെയ്യും. വണ്ടി ഓണാക്കാൻ കീ വേണ്ടെന്ന് സാരം.
ചാർജിംഗ് സൂര്യപ്രകാശത്തിൽ
ഹെൽമറ്റിലെ സെൻസറും മറ്റും പ്രവർത്തിക്കുന്നത് വൈദ്യുതിയിലോ ബാറ്ററിയിലോ അല്ല, സൗരോർജം ഉപയോഗിച്ചാണ്. ഹെൽമറ്റ് തലയിൽ വെച്ച് ബൈക്ക് ഓടിച്ചുപോകുമ്പോൾ താനെ ചാർജ് ആയിക്കൊള്ളും. അതിനായി പ്രത്യേക സമയം കള്ളയണ്ട എന്ന് സാരം. വെറും 1500 രൂപയ്ക്കാണ് രാജു ഒരാളുടെ ജീവൻ രക്ഷിക്കാൻ പറ്റുന്ന ഹെൽമറ്റ് നിർമിച്ചിരിക്കുന്നത്. കഴിഞ്ഞില്ല രാജുവിന്റെ ഹെൽമറ്റിന്റെ പ്രത്യേകതകൾ. ആരെങ്കിലും ഈ ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചാൽ മൊബൈൽ ഫോൺ ഉപയോഗിച്ച് അത് നിർത്താനും രാജുവിന് പറ്റും.
കൂട്ടുകാരന്റെ മരണം പഠിപ്പിച്ച പാഠം
ചെറുപ്പം മുതലേ ഇലക്ട്രോണിക്സുമായി ബന്ധപ്പെട്ട എന്തും രാജുവിന് ഇഷ്ടമാണ്. വീട്ടിലെ റേഡിയോയും മറ്റും അഴിച്ചും കേടാക്കിയുമാണ് ഇലക്ട്രീഷ്യൻ പണി പഠിച്ചതെന്ന് രാജു തമാശയായി പറയും.
സുഹൃത്തിന്റെ മരണമാണ് ഇങ്ങനെയൊരു ഹെൽമറ്റ് നിർമിക്കാൻ രാജുവിനെ പ്രേരിപ്പിച്ചത്. അന്ന് സുഹൃത്ത് ഹെൽമറ്റ് ധരിച്ചിരുന്നെങ്കിൽ ഇപ്പോഴും ജീവനോടെയുണ്ടാകുമായിരുന്നെന്ന് രാജു പറയുന്നു. രണ്ടു മാസത്തോളം ഈ ഹെൽമറ്റിന്റെ പണിപ്പുരയിലായിരുന്നു. തുടക്കത്തിലുണ്ടാക്കിയതൊന്നും നന്നായില്ല. ഇപ്പോൾ ഉണ്ടാക്കിയത് ഒരു പ്രോട്ടോടൈപ്പ് മാത്രമാണെന്ന് രാജു. ഇനിയും വികസിപ്പിക്കാനുണ്ട്. ബൈക്ക് ആരെങ്കിലും മോഷ്ടിക്കാൻ ശ്രമിച്ചാൽ മൊബൈൽ ഫോൺ ഉപയോഗിച്ച് ഓഫാക്കാൻ പറ്റുന്ന സംവിധാനം ഇനിയും മെച്ചപ്പെടുത്തണം. നിലവിൽ വൈഫൈ ലഭിക്കുന്ന ഇടത്ത് നിന്നേ ഓഫാക്കാൻ പറ്റുകയുള്ളു.
രാജുവും ഹെൽമറ്റും ജോബി ചുവന്നമണ്ണ് എന്ന യൂട്യൂബ് ചാനലിൽ വന്നതോടെ എല്ലാവരും അറിഞ്ഞു. രാജുവിന്റെ ഹെൽമറ്റ് ചോദിച്ച് ആവശ്യക്കാരുമെത്തി തുടങ്ങി. ഹൈദരാബാദിൽ നിന്നും രാജസ്ഥാനിൽ നിന്നുമെല്ലാം ആവശ്യക്കാർ വിളിക്കുന്നുണ്ട്. സുരക്ഷിത ബൈക്ക് യാത്രയ്ക്ക് രാജസ്ഥാൻ സർക്കാരുമായി ചേർന്ന് ഹെൽമറ്റ് നിർമിക്കാൻ ആലോചിക്കുന്നുണ്ട്. എന്നാൽ ഈ ഹെൽമറ്റ് കേരളത്തിൽ ആദ്യം കൊണ്ടുവരണമെന്നാണ് രാജുവിന്റെ ആഗ്രഹം. അതിന് ആരെങ്കിലും സഹായിക്കാൻ മുന്നോട്ടുവരുമെന്ന് രാജു പ്രതീക്ഷിക്കുന്നു.